ശമ്പളം എത്രയെന്ന് ഭര്‍ത്താവ് പറഞ്ഞില്ല; വിവരാവകാശ നിയമം വഴി ആവശ്യം നേടിയെടുത്ത് ഭാര്യ
ലഖ്‌നോ: 'നിങ്ങളുടെ സമ്പാദ്യം എത്രയാണ'് ? പലരും പുറത്തുള്ളവരോട് ചര്‍ച്ച ചെയ്യാന്‍ തയ്യാറാവാത്ത ാെരു വിഷയമാണ്. അതുമായി ബന്ധപ്പെട്ട വിവരങ്ങളാവട്ടെ സാധാരണയായി കുടുംബങ്ങളോട് മാത്രമാണ് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ ഭാര്യയോടുപോലും ഇക്കാര്യം പങ്കുവയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ എന്തായിരിക്കും അവസ്ഥ. ദാമ്പത്യബന്ധത്തില്‍ വിള്ളലുണ്ടാവുന്ന തര്‍ക്കം വിവാഹമോചനത്തിലേക്കുവരെ എത്തിയേക്കാം.
പരസ്പര സമ്മതമല്ലാത്ത വിവാഹമോചനം നടക്കുമ്പോള്‍ ഭാര്യ ഭര്‍ത്താവിന്റെ വരുമാനം തേടുകയും ജീവനാംശം ആവശ്യപ്പെടുകയും ചെയ്യാറുണ്ട്. എന്നാലിവിടെ ഭര്‍ത്താവുമായി തര്‍ക്കിക്കാനോ നിയമനടപടികളിലേക്ക് പോവാനോ തയ്യാറാവാതെ വ്യത്യസ്ത മാര്‍ഗം തേടിയ ഭാര്യയെക്കുറിച്ചുള്ള റിപോര്‍ട്ടുകളാണ് വാര്‍ത്തകളില്‍ ഇടംതേടിയിരിക്കുന്നത്. തന്റെ ശമ്പളം എത്രയാണെന്ന് വെളിപ്പെടുത്താന്‍ യുവതിയുടെ ഭര്‍ത്താവ് തയ്യാറായില്ല. പലവട്ടം ചോദിച്ചെങ്കിലും ഭര്‍ത്താവ് വഴങ്ങിയില്ല. ഇതോടെയാണ് 2005ല്‍ പ്രാബല്യത്തില്‍ വന്ന വിവരാവകാശ നിയമത്തെ ഭാര്യ ആശ്രയിച്ചത്.
യുപി ബറേയ്‌ലിയിലെ സഞ്ജു ഗുപ്തയെന്ന യുവതിയാണ് ഭര്‍ത്താവിന്റെ ശമ്പള വരുമാന വിവരങ്ങള്‍ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം അപേക്ഷ സമര്‍പ്പിച്ചത്. ആദ്യഘട്ടത്തില്‍ തിരിച്ചടി നേരിട്ടെങ്കിലും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ വരെ പോയി യുവതി തന്റെ പോരാട്ടത്തില്‍ വിജയിച്ചു. രസീത് ലഭിച്ച തിയ്യതി മുതല്‍ 15 ദിവസത്തിനകം പൊതു അധികാരിയില്‍ ലഭ്യമായ ഭര്‍ത്താവിന്റെ അറ്റ നികുതി വരുമാനം/മൊത്ത വരുമാന വിശദാംശങ്ങള്‍ ഭാര്യയ്ക്ക് നല്‍കാനാണ് സിഐസി ബറേയ്‌ലിയിലെ ആദായനികുതി ഓഫിസിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് (സിപിഐഒ) നിര്‍ദേശം നല്‍കിയത്.
ആദ്യം ബറേയ്‌ലിയിലെ ആദായനികുതി ഓഫിസിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് യുവതി അപേക്ഷ നല്‍കിയെങ്കിലും ഭര്‍ത്താവിന്റെ സമ്മതമില്ലാത്തതിനാല്‍ വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല. അപേക്ഷ നിരസിച്ചു. തുടര്‍ന്ന് യുവതി അപ്പീലിലൂടെ ഫസ്റ്റ് അപ്പലേറ്റ് അതോറിറ്റിയുടെ (എഫ്‌ഐഎ) സഹായം തേടി.
എന്നാല്‍, സിപിഐഒയുടെ ഉത്തരവ് ശരിവയ്ക്കുകയാണ് എഫ്‌ഐഎ ചെയ്തത്. ഇതെത്തുടര്‍ന്നാണ് യുവതി സെന്‍ട്രല്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷനില്‍ രണ്ടാമത്തെ അപ്പീല്‍ ഫയല്‍ ചെയ്തത്. യുവതിയുടെ അപേക്ഷ പരിഗണിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്‍ സുപ്രിംകോടതിയുടെയും ഹൈക്കോടതികളുടേയും മുന്‍കാല ഉത്തരവുകളും വിധികളും പരിശോധിച്ച് യുവതിക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചു.