വന്യജീവി സംരക്ഷണ നിയമ ഭേദഗതി: ബില്‍ രാജ്യസഭ പാസാക്കി

Update: 2022-12-08 15:25 GMT

ന്യൂഡല്‍ഹി: സംരക്ഷിതപ്രദേശങ്ങളുടെ മികച്ച പരിപാലനം നിര്‍ദേശിക്കുന്ന വന്യജീവി സംരക്ഷണ നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. നേരത്തെ ലോക്‌സഭയില്‍ പാസായ ബില്ല് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം ബുധനാഴ്ചയാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് രാജ്യസഭയില്‍ അവതരിപ്പിച്ചത്. വന്യജീവികളുടെ നിയമവിരുദ്ധ വ്യാപാരത്തിന് കടുത്ത ശിക്ഷ നല്‍കുന്ന വകുപ്പുകളാണ് ഭേദഗതിയിലുള്ളത്.

ആക്രമണകാരികളായ വന്യജീവികളുടെ നിയന്ത്രണം പ്രാപ്തമാക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്കനുസൃതമായി ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുള്ള വ്യക്തിക്ക് ആനകളെ കൈമാറ്റം ചെയ്യാനോ കൊണ്ടുപോവാനോ അനുവദിക്കാനും ബില്‍ വ്യവസ്ഥചെയ്യുന്നു. വംശനാശഭീഷണി നേരിടുന്ന വന്യജീവികളുടെയും സസ്യജാലങ്ങളുടെയും അന്താരാഷ്ട്ര വ്യാപാരവും ബില്‍ മുഖേന നിയന്ത്രിക്കുന്നു. കഴിഞ്ഞ ആഗസ്ത് രണ്ടിനാണ് ബില്ല് ലോക്‌സഭ പാസാക്കിയത്. യുപിഎ സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടും നടപ്പാക്കാതിരുന്ന നിയമഭേദഗതിയാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായിരിക്കുന്നതെന്ന് ഭൂപേന്ദര്‍ യാദവ് പറഞ്ഞു.

പ്രാദേശിക ഗോത്രവര്‍ഗങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് ബില്ലിലെ വ്യവസ്ഥകളെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിയമത്തില്‍ നാട്ടാനകളുടെ കാര്യത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ ആശങ്കകള്‍ ഉയര്‍ത്തി. മതപരമായ ആവശ്യങ്ങള്‍ക്ക് മറ്റ് ആവശ്യങ്ങള്‍ക്കും ഉടമസ്ഥത സര്‍ട്ടിഫിക്കറ്റുള്ള ആനകളെ കൈമാറ്റം ചെയ്യാമെന്നാണ് പറയുന്നത്. എന്നാല്‍, മതപരമായ കാര്യങ്ങള്‍ക്ക് അല്ലാത്ത മറ്റ് കാര്യങ്ങള്‍ എന്താണെന്ന് വിശദീകരിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് എംപി വിവേക് തന്‍ക ചൂണ്ടിക്കാട്ടി. ഇത് ഭാവിയില്‍ വലിയ കുഴപ്പങ്ങള്‍ക്ക് വഴിതെളിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News