ജമ്മു കശ്മീര്‍ വിഭജന ബില്‍ രാജ്യസഭയില്‍ പാസായി; 61/125

ആം ആദ്മി പാര്‍ട്ടി, ബിജെഡി, ബിഎസ്പി, എഐഎഡിഎംകെ, ടിആര്‍എസ്, ടിഡിപി, വൈഎസ്ആര്‍സിപി എന്നീ കക്ഷികള്‍ പിന്തുണച്ചു

Update: 2019-08-05 16:31 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ വിഭജിക്കുന്ന ബില്ല് പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രാജ്യസഭയില്‍ പാസായി. ജമ്മു കശഅമീരിനുള്ള പ്രത്യേക പദവി റദ്ദാക്കല്‍, കശ്മീര്‍ പുനസംഘടനാ ബില്‍ എന്നിവ 61നെതിരേ 125 വോട്ടുകള്‍ക്കാണ് പാസ്സായത്. ഇലക്‌ട്രോണിക് വോട്ടിങിന് ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറിനെ തുടര്‍ന്ന് അംഗങ്ങള്‍ക്ക് സ്ലിപ്പ് നല്‍കിയാണ് വോട്ടെടുപ്പ് നടന്നത്. പ്രതിപക്ഷം എതിനെ എതിര്‍ത്തുകൊണ്ട് നല്‍കിയ പ്രമേയം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു തള്ളി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ച ബില്ലിനെ മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസ്, പിഡിപി, ജെഡി(യു), സിപിഎം, തൃണമൂല്‍ കോണ്‍ഗ്രസ്, ഡിഎംകെ, ആര്‍ജെഡി, എംഡിഎംകെ എന്നീ കക്ഷികള്‍ എതിര്‍ത്തു. അതേസമയം, ആം ആദ്മി പാര്‍ട്ടി, ബിജെഡി, ബിഎസ്പി, എഐഎഡിഎംകെ, ടിആര്‍എസ്, ടിഡിപി, വൈഎസ്ആര്‍സിപി എന്നീ കക്ഷികള്‍ പിന്തുണച്ചു. രാജ്യസഭയില്‍ എന്‍ഡിഎയ്ക്കു വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്നിട്ടും ബില്ല് പാസാക്കാനായത് ബിജെപിക്ക് നേട്ടമായി. 242 അംഗ രാജ്യസഭയില്‍ എന്‍ഡിഎയ്ക്കു ആകെ 107 അംഗങ്ങളാണുള്ളത്. രാജ്യസഭയില്‍ 47 അംഗങ്ങളുള്ള കോണ്‍ഗ്രസിന്റെ വിപ്പ് രാവിലെ രാജിവച്ചിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ഒരംഗം രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, ജോലി എന്നിവയില്‍ സംവരണം നല്‍കുന്ന ജമ്മു കശ്മീര്‍ സംവരണ ബില്ലും ശബ്ദവോട്ടോടെ രാജ്യസഭ പാസാക്കി.



Tags:    

Similar News