വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം; അപ്പീല്‍ പോകുമെന്ന് കമ്മീഷണര്‍
വിജയ് ബാബു ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു
കൊച്ചി:വിജയ് ബാബുവിന്റെ ജാമ്യത്തിനെതിരെ അപ്പീല്‍ പോകുമെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍.വിദേശത്ത് ഒളിവില്‍ പോയി ജാമ്യം നേടുന്നത് പ്രോല്‍സാഹിപ്പിക്കാനാകില്ല,അന്വേഷണം ശക്തമായി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജയ് ബാബു പോലിസിനെ കബളിപ്പിച്ചു. കേസില്‍ ഇരക്കൊപ്പമാണ് പോലിസ് നിന്നത്. കേസില്‍ അപ്പീല്‍ പോകുന്നത് പരിശോധിക്കുന്നു. വിജയ് ബാബു ഇരയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന കണ്ടെത്തലില്‍ ഉറച്ച് നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
യുവ നടിയെ ബലാല്‍സംഗം ചെയ്‌തെന്ന കേസിലാണ് നിര്‍മാതാവും നടനുമായ വിജയ്ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ മാസം 27ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്നും അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ഉഭയ കക്ഷി സമ്മത പ്രകാരമാണോ ലൈംഗിക പീഡനം എന്നത് ഇപ്പോള്‍ പരിശോധിക്കേണ്ടതില്ല. അത് വിചാരണ ഘട്ടത്തില്‍ നോക്കിയാല്‍ മതി. വിദേശത്ത് നിന്ന് മുന്‍കൂര്‍ ജാമ്യ ഹരജി നല്‍കുന്നതില്‍ പ്രശ്‌നം ഇല്ല. വാദം നടക്കുമ്പോള്‍ ഇന്ത്യയില്‍ ഉണ്ടായാല്‍ മതി. കേരളം വിട്ട് പോകരുത് എന്നും കോടതി നിര്‍ദ്ദേശം നല്‍കി.
കോടതി നിര്‍ദേശ പ്രകാരം അന്വേഷണവുമായി സഹകരിച്ചെന്നും ഇനി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതില്ലെന്നുമായിരുന്നു വിജയ് ബാബുവിന്റെ വാദം.