'ഐസ്‌ക്രീം പാര്‍ലറില്‍ ഹിജാബില്ലാതെ, വിദ്യാലയങ്ങളില്‍ ഹിജാബുമായി'- കര്‍ണാടകയില്‍ ജെഡിയു വനിതാ നേതാവിന്റെ മോര്‍ഫ്ഡ് ചെയ്ത ഫോട്ടോയുമായി ഹിന്ദുത്വരുടെ വിദ്വേഷപ്രചാരണം
ബെംഗളൂരു; വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനപ്രശ്‌നം സംഘര്‍ഷം സൃഷ്ടിച്ച കര്‍ണാടയില്‍ വ്യാജപ്രചാരണം ശക്തമാവുന്നു. മോര്‍ഫ്ഡ് ഫോട്ടോയും വീഡിയോയും ഉപയോഗിച്ച് സ്ഥിതിഗതികള്‍ തങ്ങള്‍ക്കനുകൂലമായി മാറ്റാനുള്ള ശ്രമമാണ് ഹിന്ദുത്വഗ്രൂപ്പുകള്‍ നടക്കുന്നത്. ജനതാദള്‍ സെക്കുലര്‍ നേതാവിന്റെ മോര്‍ഫ് ചെയ്ത ചിത്രമാണ് ഹിജാബ് നിരോധനത്തെ ന്യായീകരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്.
ഉഡുപ്പിയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് ധരിക്കുന്നത് വിലക്കിയതിനെ ചോദ്യം ചെയ്തതിനെ കാവി ഷാള്‍ ധരിപ്പിച്ച ഹിന്ദു വിദ്യാര്‍ത്ഥികളെ അണിനിരത്തി ചെറുക്കാന്‍ ശ്രമിച്ചത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രശ്‌നത്തില്‍ സര്‍ക്കാരും കര്‍ണാടക ഹൈക്കോടതിയും ഇടപെട്ടു. ഉത്തരവുണ്ടാകും വരെ മതപരമായ വസ്ത്രങ്ങള്‍ പാടില്ലെന്നാണ് കോടതി നിര്‍ദേശം.
സര്‍ക്കാരിന്റെ വാദങ്ങളെ ന്യായീകരിക്കുന്ന തരത്തിലാണ് മോര്‍ഫ് ചെയ്ത ചിത്രം തയ്യാറാക്കിയിരിക്കുന്നത്.
ജെഡിയു നേതാവ് നജ്മ നസീറിന്റേതെന്ന മട്ടില്‍ രണ്ട് ചിത്രങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. ഒന്നില്‍ ഐസ്‌ക്രീം പാര്‍ലറില്‍ ഹിജാബ് ഇല്ലാതെ പോകുന്ന നജ്മയാണ് ഉള്ളത്. മറ്റൊന്നില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബോടെ പോകുന്നതായും കാണിച്ചിരിക്കുന്നു. ഹിജാബിന് വേണ്ടി നടക്കുന്ന പ്രതിഷേധം കെട്ടിച്ചമച്ചതാണെന്നാണ് വാദം.
എന്നാല്‍ സൂക്ഷ്മ പരിശോധനയില്‍ ഈ ചിത്രം തന്യ ജെന എന്ന സാമൂഹിക മാധ്യമ താരത്തിന്റെ ഫോട്ടോയാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തി. 2019ല്‍ ഇന്‍സ്റ്റാഗ്രാമിലാണ് ഇത് ആദ്യം പോസ്റ്റ് ചെയ്തത്. അതെടുത്ത് മോര്‍ഫ് ചെയ്താണ് ഉപയോഗിച്ചിരിക്കുന്നത്.