യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസ്: സിഐ പി ആര്‍ സുനുവിന് സസ്‌പെന്‍ഷന്‍

Update: 2022-11-20 14:53 GMT

കൊച്ചി: തൃക്കാക്കരയില്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിലെ പ്രതി ബേപ്പൂര്‍ കോസ്റ്റല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ആര്‍ സുനുവിനെ സസ്‌പെന്റ് ചെയ്തു. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറാണ് സുനുവിനെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തത്. കൊച്ചി സിറ്റി പോലിസ് കമ്മീഷണറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൃക്കാക്കര കൂട്ടമാനഭംഗം ഉള്‍പ്പെടെ കേസുകളിലാണ് എഡിജിപിക്ക് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ റിപോര്‍ട്ട് നല്‍കിയത്. സുനുവിന് സാമൂഹികവിരുദ്ധരുമായി ബന്ധമുണ്ടെന്ന് റിപോര്‍ട്ടില്‍ പറയുന്നു.

ഇയാള്‍ക്കെതിരേ നേരത്തെ 15 വകുപ്പുതല അന്വേഷണങ്ങള്‍ നടന്നിരുന്നു. ഇത് വീണ്ടും പരിശോധിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ന് ജോലിക്ക് കയറിയ സുനുവിനോട് അവധിയില്‍ പോവാന്‍ എഡിജിപി നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് 10 ദിവസത്തെ അവധിയെടുത്തിരുന്നു. താന്‍ നിരപരാധിയാണെന്നും കേസില്‍ പങ്കില്ലെന്നും വാദമുന്നയിച്ച സുനു, ഞായറാഴ്ച രാവിലെയാണ് ബേപ്പൂര്‍ കോസ്റ്റല്‍ സ്‌റ്റേഷന്റെ ചുമതല ഏറ്റെടുത്തത്. തുടര്‍ന്നാണ് എഡിജിപി പുതിയ നിര്‍ദേശം നല്‍കിയത്.

പരാതിക്കാരിയായ യുവതിയെ അറിയില്ലെന്നും സംഭവത്തില്‍ തനിക്ക് പങ്കില്ലെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനാലാണ് ചുമതല ഏറ്റെടുത്തതെന്നുമായിരുന്നു കേസിലെ മൂന്നാം പ്രതിയായ സുനുവിന്റെ വാദം. ഒരാഴ്ച മുമ്പാണ് സിഐ സുനുവിനെ തൃക്കാക്കരയില്‍ നിന്നുള്ള പോലിസ് സംഘം കസ്റ്റഡിയിലെടുക്കുന്നത്. സ്‌റ്റേഷനിലെത്തി നാടകീയമായി കസ്റ്റഡിയിലെടുത്ത് കൊണ്ടുപോവുകയായിരുന്നു. സുനു ഉള്‍പ്പെടെയുള്ള സംഘം ബലാല്‍സംഗം ചെയ്‌തെന്നാണ് തൃക്കാക്കര സ്വദേശിയായ യുവതിയുടെ പരാതി. എന്നാല്‍, നാലുദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും സുനുവിനെതിരേ തെളിവുകള്‍ കണ്ടെത്താനായില്ലെന്നായിരുന്നു പോലിസിന്റെ നിലപാട്.

Tags:    

Similar News