ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു; നാല് റെയില്‍വേ ജീവനക്കാര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: രാജ്യതസ്ഥാനത്തെ ന്യൂഡല്‍ഹി റെയില്‍വേ സ്‌റ്റേഷനില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. 30 വയസ്സുകാരിയായ യുവതിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ നാല് റെയില്‍വേ ജീവനക്കാരെ പോലിസ് അറസ്റ്റുചെയ്തു. സതീഷ് കുമാര്‍ (35), വിനോദ് കുമാര്‍ (38), മംഗള്‍ ചന്ദ് മീണ (33), ജഗദീഷ് ചന്ദ് (37) എന്നിവരാണ് അറസ്റ്റിലായത്. കുറ്റകൃത്യം നടന്ന് മണിക്കൂറുകള്‍ക്കകം ഇവരെ പോലിസ് പിടൂകൂടുകയായിരുന്നു. നാലുപേരും റെയില്‍വേയുടെ ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരാണെന്ന് പോലിസ് പറഞ്ഞു.
റെയില്‍വേ ജോലി വാഗ്ദാനം ചെയ്താണ് പ്രതികള്‍ യുവതിയെ റെയില്‍വേ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. പുലര്‍ച്ചയോടെ ഇലക്ട്രിക്കല്‍ മെയിന്റനന്‍സ് ജീവനക്കാര്‍ക്കുള്ള മുറിയിലേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോയി രണ്ടുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഈ സമയം രണ്ടുപേര്‍ മുറിക്ക് പുറത്ത് കാവല്‍ നിന്ന് ബലാല്‍സംഗത്തിന് സൗകര്യം ഒരുക്കിയതായും പോലിസ് പറഞ്ഞു. പുലര്‍ച്ചെ 3.27ഓടെ യുവതി പോലിസ് സ്‌റ്റേഷനില്‍ വിളിച്ച് സംഭവം അറിയിക്കുകയായിരുന്നുവെന്ന് റെയില്‍വേ ഡിസിപി ഹരേന്ദ്ര സിങ് പറഞ്ഞു.
പോലിസ് ഉടന്‍ സ്‌റ്റേഷനില്‍ നിന്നെത്തി യുവതിയെ രക്ഷപ്പെടുത്തി. ഹരിയാനയിലെ ഫരീദാബാദിലാണ് താന്‍ താമസിക്കുന്നതെന്ന് യുവതി പോലിസിനോട് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പ് ഭര്‍ത്താവുമായി പിരിഞ്ഞതിനെത്തുടര്‍ന്ന് ജോലി അന്വേഷിച്ചുവരികയായിരുന്നു യുവതി. സുഹൃത്ത് മുഖേനയാണ് പ്രതികളിലൊരാളായ സതീഷിനെ പരിചയപ്പെട്ടതായും റെയില്‍വേയില്‍ ജോലി തരപ്പെടുത്തി തരാമെന്ന് ഇയാള്‍ വാഗ്ദാനം ചെയ്തിരുന്നതായും യുവതി പോലിസിനോട് പറഞ്ഞു. പ്രതികളെ 14 ദിവസത്തെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടതായി ഡിസിപി (റെയില്‍വേ) ഹരേന്ദ്ര സിങ് പറഞ്ഞു.