കൊച്ചി: എളംകുളത്ത് വാടകവീട്ടില്‍ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിഞ്ഞു. നേപ്പാള്‍ സ്വദേശിനി ഭഗീരഥി ധാമിയാണ് കൊല്ലപ്പെട്ടതെന്ന് സൗത്ത് പോലിസിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. നേപ്പാളില്‍ ഇവരുടെ കുടുംബത്തെയും വിവരം അറിയിച്ചു. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന റാം ബഹദൂറിനായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഇവര്‍ ദമ്പതികളല്ലെന്നും റാം ബഹദൂര്‍ എന്നത് വ്യാജപേരാണെന്നും സൗത്ത് പോലിസ് വ്യക്തമാക്കി. നഗരത്തിലെ ഹെയര്‍ ഫിക്‌സിങ് സ്ഥാപനത്തിലായിരുന്നു ഭഗീരഥി ധാമി ജോലിചെയ്തിരുന്നത്.
ലക്ഷ്മി എന്ന പേരിലാണ് ഇവര്‍ ചെലവന്നൂരില്‍ വാടകയ്ക്ക് താമസിച്ചത്. കഴിഞ്ഞ 24നാണ് ചെലവന്നൂരിലെ വാടകവീട്ടില്‍ ധാമിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. 10 വര്‍ഷത്തിലേറെയായി കൊച്ചിയിലുള്ള റാം ബഹാദൂറിനൊപ്പം ജോലിക്കെന്ന പേരില്‍ നാലുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഭഗീരഥി കൊച്ചിയിലെത്തിയത്. ഇവര്‍ വിവാഹിതരല്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകശേഷം ഒളിവില്‍ പോയ റാം ബഹാദൂറിനായി അയല്‍സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.