പാലത്തായി കേസ്: പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതിക്കുവേണ്ടി വാദിക്കുന്ന അത്യപൂര്‍വ സംഭവമെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ്

Update: 2020-08-26 16:35 GMT

കൊച്ചി: ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡനക്കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതിക്ക് അനുകൂലമായി വാദിക്കുന്ന അത്യപൂര്‍വ വിസ്താരത്തിനാണ് കോടതിമുറി സാക്ഷ്യം വഹിച്ചതെന്ന് വിമന്‍ ഇന്ത്യാ മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്. ജാമ്യം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഇരയുടെ മാതാവ് നല്‍കിയ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കേസന്വേഷണത്തിലുടനീളം ആഭ്യന്തര വകുപ്പും പോലിസും ബിജെപി നേതാവിനെ രക്ഷിക്കാന്‍ നടത്തിയ ആസൂത്രിത നീക്കമാണ് പ്രതിക്ക് ജാമ്യം എളുപ്പമാക്കിയത്. ബി.ജെ.പി നേതാവ് പത്മരാജന്റെ ക്രൂര പീഢനത്തിനിരയായ ബാലിക കളവു പറയുന്നെന്നാണ് പ്രോസിക്യൂട്ടര്‍ കണ്ടെത്തിയ ന്യായവാദം.

പ്രതിയെ രക്ഷിക്കാന്‍ ആസൂത്രിത നീക്കം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന ഐജി ശ്രീജിത്ത് പെണ്‍കുട്ടിക്കെതിരേ നടത്തിയ പരാമര്‍ശങ്ങളാണ് ക്രൈംബ്രാഞ്ച് നിയോഗിച്ച കൗണ്‍സിലര്‍മാരുടെ റിപോര്‍ട്ട് എന്ന പേരില്‍ പ്രോസിക്യൂട്ടര്‍ കോടതിയില്‍ നല്‍കിയത്. ഇരയ്ക്കു നീതി ഉറപ്പാക്കാന്‍ ശ്രമിക്കേണ്ട പബ്ലിക് പ്രസിക്യൂട്ടര്‍ പ്രതിയെ കുറ്റവിമുക്തനാക്കാനും ഇരയെ ദ്രോഹിക്കാനും നടത്തുന്ന ഹീന ശ്രമം നിയമരംഗത്ത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്. ഇത് സംസ്ഥാന സര്‍ക്കാരിന്റെയും ആഭ്യന്തര വകുപ്പിന്റെയും സംഘപരിവാര വിധേയത്വത്തിന്റെ ഭാഗമാണ്. കേരളീയ സമൂഹത്തെ ലജ്ജിപ്പിക്കും വിധം വിദ്യ നുകരാന്‍ മുന്നിലെത്തിയ ബാലികയെ പീഡിപ്പിച്ച ബിജെപി നേതാവായ അധ്യാപകനെ പോക്സോ കേസില്‍ നിന്ന് ഒഴിവാക്കാന്‍ നടത്തിയ ഗൂഢാലോചന ഇതിനകം വ്യക്തമായതാണ്. അതിന്റെ തനിയാവര്‍ത്തനമാണ് കോടതിയിലും നടക്കുന്നത്. അനാഥ ബാലികയെ പിച്ചിചീന്തിയ നരഭോജിയെ കല്‍ത്തുറുങ്കിലടയ്ക്കും വരെ ശക്തമായ നിയമപോരാട്ടവുമായി മുമ്പില്‍ തന്നെയുണ്ടാവുമെന്ന് കെ കെ റൈഹാനത്ത് മുന്നറിയിപ്പു നല്‍കി. 

Tags:    

Similar News