ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ മതപരമായ അനാവശ്യ വേര്‍തിരിവ് സൃഷ്ടിക്കരുത്: മുഖ്യമന്ത്രി

പാലാ ബിഷപ്പു ബഹുമാന്യനായ മതപണ്ഡിതനാണ്. പക്ഷേ, ഇത്തരം കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് സൃഷ്ടിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി

Update: 2021-09-10 14:03 GMT

തിരുവനന്തപുരം: ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ മതപരമായ അനാവശ്യ വേര്‍തിരിവ് സൃഷ്ടിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പ്  ജോസഫ് കല്ലറങ്ങാട്ടിലിന്റെ വിവാദ പ്രസ്താവനയെകുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.  നര്‍ക്കോട്ടിക്കിന്റെ പ്രശ്‌നം, ഏതെങ്കിലും ഒരു പ്രത്യേകസമുദായത്തിനെയോ വിഭാഗത്തിനെയോ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

പാലാ ബിഷപ്പ് ബഹുമാന്യനായ മതപണ്ഡിതനാണ്. സമൂഹത്തില്‍ നല്ല സ്വാധീനമുള്ളയാളും. ഇത്തരം കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ചേരിതിരിവ് സൃഷ്ടിക്കാതിരിക്കാനാണ് നമ്മള്‍ ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ച് ഏതെങ്കിലും തരത്തിലുള്ള പ്രതികരണം നടത്തുമ്പോള്‍.

നര്‍ക്കോട്ടിക് ജിഹാദ് ആദ്യമായി കേള്‍ക്കുന്നതാണ്. അങ്ങനെയൊരു പദം നേരത്തേ കേട്ടിരുന്നില്ല. ഇതില്‍ നര്‍ക്കോട്ടിക്കിന്റെ പ്രശ്‌നം, ഏതെങ്കിലും ഒരു പ്രത്യേകസമുദായത്തിനെയോ വിഭാഗത്തിനെയോ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ല. ഇത് സാമൂഹിത്തെ ആകെ ബാധിക്കുന്ന പ്രശ്‌നമാണ്. നാം എല്ലാവരും അതില്‍ ഉല്‍കണ്ഠാകുലരാണ്. കഴിയാവുന്ന രീതിയില്‍ അതിനെ തടയുന്നതിന് നടപടി സ്വീകരിച്ച് കൊണ്ടിരിക്കുകയാണ്. നിയമ നടപടി ശക്തിപ്പെടുത്തുന്നുണ്ട്.

നാര്‍ക്കോട്ടിക്കിന് ഏതെങ്കിലും മതത്തിന്റെ നിറമുണ്ട് എന്ന് കാണരുത്. അതിനുള്ള നിറം സാമൂഹ്യ വിരുദ്ധതയുടേതാണ്. ഒരു മതവും മയക്കു മരുന്നിനെ പ്രോല്‍സാഹിപ്പിക്കുന്നില്ല. സാധാരണഗതിയില്‍ ആ ഒരു നിലപാടാണ് നാം എടുക്കേണ്ടത്.

ഇതു പറയുമ്പോള്‍ അദ്ദേഹം എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല. ഏതു സാഹചര്യത്തിലാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത് എന്നതും മനസ്സിലാകുന്നില്ല.

പക്ഷേ, ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍, ഇത്തരം പ്രശ്‌നം കൈകാര്യം ചെയ്യുമ്പോള്‍, ഏതെങ്കിലും തരത്തിലുള്ള മതപരമായ ചേരിതിരിവുണ്ടാകാതിരിക്കാന്‍, അനാവശ്യമായ വേര്‍തിരിവ് സൃഷ്ടിക്കാതിരിക്കാന്‍ അങ്ങേയറ്റം ശ്രദ്ധിക്കേണ്ടതാണ്. അത് പൊതുവേ കരുതലായി എല്ലാവരും മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്. നമ്മുടെ നാടിന്റെ പ്രത്യേക നിലവച്ച്.


Tags:    

Similar News