മരണസംഖ്യ വര്‍ധിച്ചു; കൊവിഡ് 19ന് ഹൈഡ്രോക്‌സിക്ലോറിക്വിന്‍ ഉപയോഗിച്ചുളള മരുന്നുപരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ലോകാരോഗ്യസംഘടന

Update: 2020-05-26 03:04 GMT

ജനീവ: മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ വിവിധ രാജ്യങ്ങളില്‍ നടത്തുന്ന കൊവിഡ് 19 നുള്ള ഹൈഡ്രോക്‌സിക്ലോറിക്വിനിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കൊവിഡ് രോഗികള്‍ക്ക് ഈ മരുന്നുപയോഗിക്കുന്നത് മരണസാധ്യത വര്‍ധിപ്പിക്കുമെന്ന് ലാന്‍സെറ്റ്  കഴിഞ്ഞ ആഴ്ച നടത്തിയ പഠനത്തിന്റെ വെളിച്ചത്തിലാണ് തീരുമാനം. ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് ഓണ്‍ലൈനായി നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യമറിയിച്ചത്. 

കൊറോണ വൈറസ് ചികില്‍സയുടെ പരീക്ഷണത്തിനായി നിരവധി രാജ്യങ്ങളിലെ നൂറു കണക്കിന് ആശുപത്രികളുടെ ഒരു എക്‌സിക്യൂട്ടീവ് ഗ്രൂപ്പ് അവരുടെ രോഗികളെ ചേര്‍ത്ത് ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നുണ്ട്. മുന്‍കലുതലെന്ന നിലയില്‍ ഇതും നിര്‍ത്തിവച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

''എക്‌സിക്യൂട്ടീവ് ഗ്രൂപ്പ് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിച്ചുളള ക്ലിനിക്കല്‍ പരീക്ഷണത്തിന് താല്‍ക്കാലിക വിരാമം ഇടുകയാണ്. ഇതുവരെ  ലഭിച്ച ഡാറ്റ സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡ് അവലോകനം ചെയ്യും''- ടെഡ്രോസ് പറഞ്ഞു. അതേസമയം മറ്റ് ക്ലിനിക്കല്‍ പരിശോധനകള്‍ പുരോഗമിക്കുകയാണ്.

സന്ധിവാത ചികില്‍സയ്ക്കാണ് സാധാരണ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൊറോണ ചികില്‍സയ്ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ആഗോള മാര്‍ക്കറ്റില്‍ ഇതിന് വലിയ ഡിമാന്റ് ഉണ്ടാവുകയും ധാരാളം രാജ്യങ്ങള്‍ ഈ മരുന്ന് കൈക്കലാക്കാനുള്ള ശ്രമം തുടങ്ങുകയും ചെയ്തിരുന്നു.

മിതമായ കൊവിഡ് കേസുകള്‍ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിനും മലേറിയയ്ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ക്ലോറോക്വിനും ബ്രസീല്‍ ആരോഗ്യമന്ത്രി കഴിഞ്ഞ ആഴ്ച ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ രണ്ട് മരുന്നുകള്‍ക്കും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് ലാന്‍സെറ്റ് നടത്തിയ പഠനമാണ് മറിച്ചൊരു തീരുമാനമെടുക്കാന്‍ ലോകാരോഗ്യസംഘടനയെ പ്രേരിപ്പിച്ചത്.

നൂറുകണക്കിന് ആശുപത്രികളിലായി 96,000 രോഗികളുടെ രേഖകള്‍ പരിശോധിച്ച തയ്യാറാക്കിയ ലാന്‍സെറ്റ് പഠനമനുസരിച്ച് കൊവിഡ് 19 ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗികള്‍ക്ക് ഈ മരുന്നുകളൊന്നും ഗുണം ചെയ്തിട്ടില്ല.  

Tags:    

Similar News