ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉപയോഗിച്ച് കൊവിഡ് ചികില്‍സയ്ക്ക് ലോകാരോഗ്യസംഘടനയുടെ വിലക്ക്; വിയോജിച്ച് സിഎസ്‌ഐആര്‍
ന്യൂഡല്‍ഹി: കൊവിഡ് 19 ചികില്‍സയ്ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി വിലക്കിയ ലോകാരോഗ്യ സംഘടനയുടെ നടപടിയോട് വിയോജിച്ച് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സൈന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച്. മലേറിയയ്‌ക്കെതിരേ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊവിഡ് രോഗികളില്‍ ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന ലോകാരോഗ്യസംഘടനയുടെ നിലപാടിനെതിരേ സിഎസ്‌ഐആര്‍ മേധാവിയും ഡയറക്ടര്‍ ജനറലുമായ ശേഖര്‍ മാണ്ടെയാണ് രംഗത്തെത്തിയത്. നിരോധനത്തിന് അടിസ്ഥാനമാക്കിയെടുത്ത പഠനം ക്ലിനിക്കല്‍ ട്രയല്‍ നടത്തി എത്തിച്ചേര്‍ന്ന നിഗമനമല്ലെന്നും ആശുപത്രി രജിസ്റ്റര്‍ പരിശോധിച്ച് കണ്ടെത്തിയതാണെന്നുമാണ് സിഎസ്‌ഐആര്‍ മേധാവി പറയുന്നത്.
കഴിഞ്ഞ ഞായറാഴ്ചയാണ് ലോകാരോഗ്യസംഘടന കൊവിഡ് 19 ചികില്‍സയ്ക്ക് ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് താല്‍ക്കാലികമായി വിലക്കിയത്. മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റാണ് ഹൈഡ്രോക്‌സിക്ലോറോക്വിനെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗിച്ച് കൊവിഡ് രോഗം ചികില്‍സിക്കുക വഴി മരണം 34 ശതമാനം കൂടിയതായും ഹൃദ്രോഗഭീഷണി 137 ശതമാനം കൂടിയതായും ലേഖനം പറയുന്നു.
96,000 ആശുപത്രി രജിസ്റ്ററുകള്‍ വച്ച് നടത്തിയ പഠനം ഈ മരുന്ന് നല്‍കുന്നതുകൊണ്ട് രോഗികളില്‍ പ്രത്യേകിച്ച് ഗുണമുണ്ടാകുന്നില്ലെന്നും എന്നാല്‍ ചില രോഗികളില്‍ ആരോഗ്യസ്ഥിതി മോശമാവുന്നതായും സൂചിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ തീര്‍പ്പിലെത്തുന്നത് ശരിയല്ലെന്നാണ് സിഎസ്‌ഐആര്‍ മേധാവി വാദിക്കുന്നത്.
''ലാന്‍സെറ്റ് പഠനം ആശുപത്രി രജിസ്റ്ററിനെ ആസ്പദമാക്കിയാണ്. അത് ക്ലിനിക്കല്‍ ട്രയല്‍ അല്ല. ലോകമാസകലമുള്ള ആശുപത്രി രജിസ്റ്ററിന്റെ ഒരു വിശകലനം മാത്രമാണ്. ഇതിനെ തുടര്‍ന്നാണ് മരുന്നുപയോഗത്തിന് ലോകാരോഗ്യസംഘടന വിലക്ക് ഏര്‍പ്പെടുത്തിയത്''- ശേഖര്‍ മാണ്ടെ അഭിപ്രായപ്പെട്ടു. തീരുമാനം ലോകാരോഗ്യ സംഘടന പുനപ്പരിശോധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യന്‍ ഗവേഷകര്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗത്തിന് അനുകൂലമാണ്. അതിന് ഗൗരവമായ പാര്‍ശ്വഫലമുള്ളതായി ഐസിഎംആറും കരുതുന്നില്ല. ഐസിഎംആറിനെ ഇക്കാര്യത്തില്‍ തങ്ങള്‍ വിശ്വസിക്കുന്നുവെന്നും അവര്‍ ഉപയോഗിക്കാന്‍ പറയുന്ന സാഹചര്യത്തില്‍ ഉപയോഗിക്കുക തന്നെ ചെയ്യുമെന്നും അതിനുള്ള വൈദഗ്ധ്യം ഉള്ളവരാണ് ഐസിഎംആറിലെന്നുമാണ് ഡോക്ടര്‍മാരും സംഘടനകളും പറയുന്നത്.
സിഎസ്‌ഐആര്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഉപയോഗത്തെ കുറിച്ച് പ്രത്യേക നിര്‍ദേശങ്ങളൊന്നും നല്‍കിയിട്ടില്ല. ക്ലിനിക്കല്‍ ട്രയല്‍ ആവശ്യമാണെന്നും സമയം പക്ഷേ, അതിന് പറ്റിയതല്ലെന്നും ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ വേണം പരീക്ഷണം നടത്തേണ്ടതെന്നും മാണ്ടെ പറഞ്ഞു.