ലോക പൈതൃക ദിനാചരണം: വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിനെ മുസിരിസ് സര്‍ക്യൂട്ടില്‍ ഉള്‍പ്പെടുത്തണമെന്ന്
മാള: 2013ല്‍ മുസിരിസ് പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിനെ മുസിരിസ് സര്‍ക്യൂട്ടില്‍ പരിഗണിക്കണമെന്നും കേരള ചരിത്രത്തില്‍ മുസിരിസിന്റെ കവാടമായി അറിയപ്പെടുന്ന കരൂപ്പടന്നയെ മുസിരിസ് ഗ്രാമമായി പ്രഖ്യാപിക്കണമെന്നും വെള്ളാങ്കല്ലൂര്‍ സോഷ്യല്‍കള്‍ച്ചറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി യോഗം സര്‍ക്കാരിനോടാവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തിലെ 13, 14 വാര്‍ഡുകളിലെ പ്രകൃതിരമണീയമായ വള്ളിവട്ടം ചീപ്പുംചിറ വിനോദസഞ്ചാര കേന്ദ്രമാക്കണമെന്നും ലോകപൈതൃക ദിനാചരണത്തിന്റെ ഭാഗമായി കരൂപ്പടന്ന ലക്കി റസ്‌റ്റോറന്റ് ഹാളില്‍ ചേര്‍ന്ന വെള്ളാങ്ങല്ലൂര്‍ സോഷ്യല്‍കള്‍ച്ചറല്‍ ഡവലപ്‌മെന്റ് സൊസൈറ്റി (വിഎസ്‌സിഡിഎസ്) യോഗം ടൂറിസം മന്ത്രി, പുരാവസ്തു വകുപ്പ് മന്ത്രി, എംപി, എംഎല്‍എ, ജില്ലാ കളക്ടര്‍, മുസിരിസ് എംഡി, ഡിടിപിസി എന്നിവരോട് ആവശ്യപ്പെട്ടു. രക്ഷാധികാരി വനമിത്ര അവാര്‍ഡ് ജേതാവ് വി കെ ശ്രീധരന്‍ യോഗം ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ വിഎസ്‌സിടിഎസ് പ്രസിഡന്റ് പികെഎം അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷഫീര്‍ കാരുമാത്ര, ട്രഷറര്‍ എംഎസ് പ്രേംകുമാര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ വിപി മോഹനന്‍, എംഎച്ച് ബഷീര്‍, കെഎ സദക്കത്തുള്ള, ക്ഷേമകാര്യ ചെയര്‍പേഴ്‌സണണ്‍ സിന്ധു ബാബു, എംഎ മൈഷൂക്ക്, കെകെ ഷാഹുല്‍ ഹമീദ്, കെഎ ഹരിഹരന്‍, വീരാന്‍ പി സെയ്ദ്, ഷാഹിര്‍ പട്ടേപ്പാടം, ടികെ ഫക്രുദ്ദീന്‍, എന്‍എ താഹ, എംഎ അന്‍വര്‍, രമേഷ് എളേടത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
ചീപ്പുംചിറ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിന് വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്ത് തയ്യാറാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ചീപ്പുംചിറ സൗന്ദര്യവത്കരണം, ജൈവവൈവിദ്ധ്യ പാര്‍ക്ക്, ടേക്എബ്രേക്ക്, ഭക്ഷണശാല, ശുചിമുറി, ബോട്ടിംഗ് മുതലായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വിനോദസഞ്ചാരികളുടെ സൗകര്യാര്‍ത്ഥം തീര്‍ത്ഥാടന കേന്ദ്രങ്ങളായ അഴീക്കോട് മാര്‍ത്തോമ പള്ളി, കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദ്, ഭഗവതി ക്ഷേത്രം, കരൂപ്പടന്ന ആശുപത്രി, ചീപ്പുംചിറ, ബ്രാലം, വളവനങ്ങാടി, എടതിരിഞ്ഞി ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രം, തൃപ്രയാര്‍ ക്ഷേത്രം വഴി ഗുരുവായൂര്‍ ക്ഷേത്രം റൂട്ടിലും വിനോദസഞ്ചാരകേന്ദ്രമായ സ്‌നേഹതീരത്തേക്കും ബസ്സ് സര്‍വ്വീസ്, കോട്ടപ്പുറത്ത് നിന്ന് കരൂപ്പടന്ന ചീപ്പുംചിറ, പൂവത്തുംകടവ് വഴി മതിലകം ബംഗ്ലാവ് (പഴയ) കടവിലേക്കും, പടിയൂര്‍ ചെറുദ്വീപ് സമൂഹങ്ങളിലേക്കും കനോലി കനാലിലൂടെ ഉള്‍നാടന്‍ ജലഗതാഗതത്തിന്റെ ഭാഗമായി ബോട്ട് സര്‍വ്വീസ്, റോഡ് ഗതാഗതം സുഗമമാക്കുന്നതിന് കൊടുങ്ങല്ലൂര്‍ ഷോര്‍ണൂര്‍ സംസ്ഥാന പാതയും കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ ദേശീയ പാതയും തമ്മില്‍ ബന്ധപ്പെടുന്ന എസ്എന്‍പുരം ബ്രാലം ചീപ്പുംചിറ കരൂപ്പടന്ന റോഡില്‍ ടാറിംഗ് നടത്തുന്നതും നിര്‍മാണ പ്രവര്‍ത്തനം നടത്തുന്നതുമായ ഭാഗങ്ങള്‍ ഒഴികെ ബിഎംബിസി ടാറിംഗ് നടത്തല്‍, പഴയ കരൂപ്പടന്ന മാര്‍ക്കറ്റ് പ്രദേശത്ത് ബ്രിട്ടീഷ് ഭരണകാലത്ത് പ്രവര്‍ത്തിച്ചിരുന്ന പോലിസ് സ്‌റ്റേഷന്‍ ഇപ്പോഴത്തെ അനിവാര്യമായ സാഹചര്യം പരിഗണിച്ച് മുസിരിസ് പോലിസ് സ്‌റ്റേഷന്‍ എന്ന പേരില്‍ പുനരാരംഭിക്കല്‍, ഇതിനായി ആഭ്യന്തര വകുപ്പിന്റെ അധീനതയില്‍ ഇവിടെയുള്ള 50 സെന്റോളം വരുന്ന രണ്ട് സര്‍വ്വേ നമ്പറുകളിലായുള്ള സ്ഥലം ഉപയോഗപ്പെടുത്തി കെട്ടിടം നിര്‍മിക്കല്‍, കരൂപ്പടന്നയേയും കൊടുങ്ങല്ലൂര്‍ മുനിസിപ്പാലിറ്റിയിലെ വിയ്യത്തുകുളങ്ങര പ്രദേശത്തേയും ബന്ധപ്പെടുത്തുന്ന പഴയപാലത്തിന്റെ ശേഷിക്കുന്ന ഭാഗം നടപ്പാലമായി നിലനിറുത്തി സംരക്ഷിക്കല്‍, കരൂപ്പടന്നയില്‍ നിന്ന് എസ്എന്‍പുരത്തെ ഗോതുരുത്തിലേക്കും വള്ളിവട്ടത്ത് നിന്ന് പനങ്ങാട്ടേക്കുമുള്ള കടവുകളില്‍ കടത്ത് വഞ്ചി പുനരാരംഭിക്കല്‍, സര്‍ക്കാരിന്റെ പരിഗണനയിലുള്ള നിര്‍ദ്ദിഷ്ട കരൂപ്പടന്ന ഗോതുരുത്ത് പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് വേഗം കൂട്ടാന്‍ ദേശീയപാതയുടെ ഭാഗമായ കനോലി കനാലിന് കുറുകെയുള്ള പാലമായതിനാല്‍ ഇവിടെ ഉള്‍നാടന്‍ ജലഗതാഗതവകുപ്പ് ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളുടെ അനുമതി നേടല്‍, വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ പുരാതന മസ്ജിദ് ക്ഷേത്രം ചര്‍ച്ചുകള്‍ക്കും കുളങ്ങള്‍ക്കും പുനരുദ്ധാരണ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഗ്രാന്റ് അനുവദിക്കല്‍ എന്നിവകളാണ് യോഗത്തിലുയര്‍ന്ന കാതലായ മറ്റാവശ്യങ്ങള്‍.