യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസ്;നിമിഷയുടെ മോചനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടും

രക്ഷപ്പെടുത്തുന്നതിനാവശ്യമായ നയപരമായ സഹായം തേടി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുമാണ് മുഖ്യമന്ത്രിയെ കണ്ടിരുന്നു

Update: 2022-03-17 09:05 GMT

തിരുവനന്തപുരം:യമന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിനായി സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.രക്ഷപ്പെടുത്തുന്നതിനാവശ്യമായ നയപരമായ സഹായം തേടി ബന്ധുക്കള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു.നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളുമാണ് മുഖ്യമന്ത്രിയെ കണ്ടത്.

സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി പറഞ്ഞു. ഇതേ ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശനേയും കണ്ടു.

യമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ വധശിക്ഷ സനായിലെ അപ്പീല്‍ കോടതി ശരിവെച്ചത്. വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ നിമിഷ പ്രിയ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ അപ്പീല്‍ കോടതിയെ സമീപിച്ചു. കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. സ്ത്രീയെന്ന പരിഗണന നല്‍കി കുറ്റവിമുക്തയാക്കുകയോ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കുകയോ വേണമെന്നായിരുന്നു നിമിഷ പ്രിയയുടെ ആവശ്യം. എന്നാല്‍ വധശിക്ഷ കോടതി ശരിവെക്കുകയായിരുന്നു.

2017 ജൂലൈ 25 നാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്.സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം.

Tags:    

Similar News