യോഗിയുടെ യു.പി: ഇന്ത്യയിലെ ബലാല്‍സംഗ തലസ്ഥാനം
സ്ത്രീകള്‍ക്കെതിരെയുളള ലൈംഗികാതിക്രമത്തിന്റെ പേരില്‍ പ്രതിവര്‍ഷം അര ലക്ഷത്തിനു മുകളില്‍ കേസുകളാണ് യുപിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
ന്യൂഡല്‍ഹി: രാജ്യത്തെ ബലാല്‍സംഗങ്ങളുടെ തലസ്ഥാനമായി ഉത്തര്‍പ്രദേശ് മാറിയെന്ന് റിപോര്‍ട്ടുകള്‍. ഓരോ മണിക്കൂറിലും ഒരു സ്ത്രീയെങ്കിലും യുപിയില്‍ ബലാല്‍സംഗം ചെയ്യപ്പെടുന്നുണ്ട് എന്നാണ് നാഷണല്‍ ക്രൈം റികാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം വ്യക്തമാകുന്നത്. സ്ത്രീകള്‍ക്കെതിരെയുളള ലൈംഗികാതിക്രമത്തിന്റെ പേരില്‍ പ്രതിവര്‍ഷം അര ലക്ഷത്തിനു മുകളില്‍ കേസുകളാണ് യുപിയില്‍ രജിസ്റ്റര്‍ ചെയ്യുന്നത്.
രാജ്യത്തെ നടുക്കിയ ബലാല്‍സംഗക്കേസിനു കാരണമായ ഉന്നാവോയില്‍ മാത്രം ഒരു വര്‍ഷത്തിനിടെ 86 ബലാല്‍സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ബലാല്‍സംഗത്തിനെതിരേ പരാതിപ്പെട്ടാല്‍ ഇരയെ പിന്തുടര്‍ന്ന് അക്രമിക്കുന്ന സംഭവങ്ങളും ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ വര്‍ധിക്കുകയാണ്. 2019ല്‍ കൂട്ടബലാല്‍സംഗത്തിനിരയായ 23 കാരി പോലിസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് രണ്ടുപേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റു മൂന്നു പേരെയും കൂട്ടി ഇതേ യുവതിയിയെ തന്നെ ബലാല്‍സംഗം ചെയ്യാനെത്തി. അക്രമികളില്‍ നിന്നും രക്ഷപ്പെടാന്‍ ഒരു കിലോമീറ്ററോളം ഓടിയ യുവതി കുഴഞ്ഞുവീണ് മരിച്ച സംഭവും മാസങ്ങള്‍ക്കു മുന്‍പാണ് യുപിയില്‍ നിന്നും റിപോര്‍ട്ട് ചെയ്തത്.
13കാരിയായ ദലിത് ബാലികയെ ബലാല്‍സംഗം ചെയ്ത് കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് നാവ് മുറിച്ച് ശേഷം കൊലപ്പെടുത്തി വയലില്‍ ഉപേക്ഷിച്ച സംഭവമാണ് യോഗി ആദിത്യ നാഥിന്റെ ഉത്തര്‍പ്രദേശില്‍ നിന്നും ഏറ്റവുമൊടുവില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ബലാല്‍സംഗം ചെയ്യപ്പെടുന്നവരില്‍ അധികവും ദലിത് വിഭാഗത്തില്‍പ്പെട്ടവരും പ്രതികള്‍ സവര്‍ണ്ണ വിഭാഗവുമാകുമ്പോള്‍ പോലിസില്‍ നിന്നു പോലും ഇരകള്‍ക്ക് നീതി ലഭിക്കാത്ത സംഭവങ്ങളും ഉത്തര്‍ പ്രദേശില്‍ ആവര്‍ത്തിക്കപ്പെടുന്നുണ്ട്.