'നിങ്ങള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹതയില്ല' : ഹിന്ദുത്വരുടെ മര്‍ദ്ദനത്തിന്റെ ഇരകളായ തബ്‌ലീഗുകാര്‍ പറയുന്നു...
'അവര്‍ തീര്‍ച്ചയായും ആ രാത്രി ഞങ്ങളെ കൊല്ലാനാണ് ഉദ്ദേശിച്ചത്, അവര്‍ ഞങ്ങളുടെ താടി പറിച്ചെടുക്കുകയും തൊപ്പികള്‍ എറിയുകയും ചെയ്തു.
മുംബൈ: ''തും ഹിന്ദുസ്ഥാന്‍ മേന്‍ റെഹ്നെ കെ ലയക് നഹി ഹോ, തും യഹാന്‍ നഹി റെഹ് സക്തെ.'' സെപ്റ്റംബര്‍ 16 ന് രാത്രി മഹാരാഷ്ട്രയിലെ ബീഡ്‌സ് ഹോള്‍ ഗ്രാമത്തില്‍ അവര്‍ ഞങ്ങളെ തല്ലുമ്പോള്‍ ഇങ്ങിനെയാണ് ആക്രോശിച്ചത്.' സുഹൃത്തിന്റെ ശവസംസ്‌കാരത്തിനായി ധാറൂരില്‍ നിന്ന് അംബജോഗായ് ഗ്രാമത്തിലേക്ക് പോകുമ്പോള്‍ ഹിന്ദുത്വരുടെ മര്‍ദ്ദനത്തിനിരയായ തബ്‌ലീഗുകാര്‍ പറഞ്ഞ വാക്കുകളാണ് ഇത്. സുഹൈല്‍ തംബോളി, അസ്‌ലം ആതര്‍, സയ്യിദ് ലയിക്, നിസാമുദ്ദീന്‍ ഖാസി എന്നിവരാണ് ഹിന്ദുത്വരുടെ ക്രൂരമായ അക്രമത്തിനിരയായത്.
'പോകുന്ന വഴി വെള്ളം എടുക്കാനായി കാര്‍ നിര്‍ത്തിയപ്പോള്‍ രണ്ടുപേര്‍ ഒരു ബൈക്കില്‍ എത്തി, ഒരു കാരണവുമില്ലാതെ മതത്തെ അവഹേളിക്കാനും തെറി പറയാനും തുടങ്ങി. പ്രശ്‌നമുണ്ടാക്കാതെ അവിടെ നിന്നും പോകാന്‍ ശ്രമിക്കുമ്പോള്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വടിയുമായി ആറു പേര്‍ കൂടി സ്ഥലത്തെത്തി. അവരില്‍ ഒരാള്‍ എന്റെ തലയില്‍ ഇഷ്ടിക കൊണ്ട് രണ്ടുതവണ അടിച്ചു വടി പൊട്ടുന്നതുവരെ അടിച്ചുകൊണ്ടിരുന്നു,' 34 കാരനായ സുഹൈല്‍ തമ്പോളി പറഞ്ഞു.
'അവര്‍ തീര്‍ച്ചയായും ആ രാത്രി ഞങ്ങളെ കൊല്ലാനാണ് ഉദ്ദേശിച്ചത്, അവര്‍ ഞങ്ങളുടെ താടി പറിച്ചെടുക്കുകയും തൊപ്പികള്‍ എറിയുകയും ചെയ്തു. നാല്‍പത് മിനിറ്റോളം അവര്‍ മര്‍ദ്ദിക്കുകയായിരുന്നു. ഞങ്ങള്‍ വളരെക്കാലമായി അവരുടെ ശത്രുക്കളാണെന്ന് തോന്നി. എന്തുകൊണ്ടാണ് അവര്‍ ഞങ്ങളെ നിരന്തരം അടിക്കുന്നതെന്ന് ഞങ്ങള്‍ക്ക് വ്യക്തതയില്ലായിരുന്നു.' അക്രമിക്കപ്പെട്ടതിനെ കുറിച്ച് പറയുമ്പോഴും സയ്യിദ് ലയികിന് അതിനുള്ള കാരണങ്ങള്‍ ഇപ്പോഴും അറിയില്ല. ' മര്‍ദ്ദനത്തിനിടെ ഞങ്ങള്‍ നിലത്തു വീണു. അവര്‍ നെഞ്ചിലും തലയിലും അടിച്ചുകൊണ്ടിരുന്നു. അതിനുശേഷം ഞാന്‍ അബോധാവസ്ഥയിലായി.' എന്നാണ് മര്‍ദ്ദനമേറ്റ് ബോധം നഷ്ടപ്പെട്ട സുഹൈല്‍ പറഞ്ഞത്. ഒരു മണിക്കൂറിനുശേഷം പോലീസ് സ്ഥലത്തെത്തിയാണ് എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.
സംഭവത്തില്‍ പ്രതികള്‍ക്കെതിരേ വാഡ്ഗാവ് പോലീസ് സ്റ്റേഷനില്‍ സെക്ഷന്‍ 307 (കൊലപാതകശ്രമം), 324 (ആയുധം ഉപയോഗിച്ച് സ്വമേധയാ ആക്രമണം), 323 (സ്വമേധയാ ഉപദ്രവിച്ചതിന് ശിക്ഷ), 147 (കലാപത്തിനുള്ള ശിക്ഷ), 148 എന്നിവ ചുമത്തി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതികളായ നാരായണ്‍ ധന്‍രാജ് ഗുഗെ, രാഹുല്‍ തുക്കാറാം ഗുഗെ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വാഡ്ഗാവ് പോലീസ് സ്റ്റേഷനിലെ എപിഐ ആനന്ദ് സോട്ട് അറിയിച്ചു.