മലപ്പുറം:വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ച് നല്‍കിയ യുവാവ് അറസ്റ്റില്‍. മലപ്പുറം പാലപ്പെട്ടി സ്വദേശി 23-കാരന്‍ അജ്മലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.പഞ്ചായത്തിലെ ക്ഷേമപെന്‍ഷന്‍ അപേക്ഷയ്‌ക്കായാണ് ഇയാള്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയത്. ഇത്തരത്തില്‍ വെളിയങ്കോട് പഞ്ചായത്തിലെ പെന്‍ഷന്‍ അപേക്ഷകള്‍ക്കായി ഗുണഭോക്താക്കള്‍ക്ക് വ്യാജമായി നിര്‍മ്മിച്ച് നല്‍കിയ 15 വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വെളിങ്കോട് ഗ്രാമം തപാല്‍ ഓഫീസിന് കീഴില്‍ വരുന്ന വിലാസത്തിലുള്ള എട്ട് പേരുടെ വരുമാന സര്‍ട്ടിഫിക്കറ്റുകളാണ് വ്യാജമെന്ന് വില്ലേജ് ഓഫീസര്‍ കണ്ടെത്തിയത്. വെളിയങ്കോട് വില്ലേജ് ഓഫീസര്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതും ഒടുവില്‍ അജ്മലില്‍ എത്തിചേര്‍ന്നതും. ക്ഷേമ പെന്‍ഷന് നല്‍കിയ അപേക്ഷയുടെ വരുമാന സര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ സംശയം തോന്നിയ ഗ്രാമപഞ്ചായത്ത് അധികൃതരാണ് സൂക്ഷ്മപരിശോധനയ്‌ക്കായി വെളിയങ്കോട് വില്ലേജ് ഓഫീസിന് കൈമാറിയത്.തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ നടത്തിയ പരിശോധനയില്‍ എട്ട് വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. ഒരേ നമ്പറിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പേരുകള്‍ മാറ്റിയ നിലയിലായിരുന്നു. തുടര്‍ന്ന് അപേക്ഷകരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അജ്മലിനെ പോലീസ് പിടികൂടിയത്. ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളില്‍ നല്‍കിയ പെന്‍ഷന്‍ അപേക്ഷകളിലും വ്യാജ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായ പോലീസ് അറിയിച്ചു.