തിരുവല്ലത്ത് പോലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചു; മരണം പോലിസ് മര്‍ദ്ദനം മൂലമെന്ന് ബന്ധുക്കള്‍

പോലിസ് മര്‍ദ്ദനത്തിലാണ് സുരേഷ് മരിച്ചതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്

Update: 2022-02-28 10:46 GMT

തിരുവനന്തപുരം: തിരുവല്ലത്ത് പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി സുരേഷ് കുമാറാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സുരേഷ് കുമാറിനെ തിരുവല്ലം പോലിസ് കസ്റ്റഡിയിലെടുത്തത്. തിരുവല്ലം ജഡ്ജിക്കുന്ന് സ്ഥലത്തെത്തിയ ദമ്പതികളെ ആക്രമിച്ച് പണം വാങ്ങുകയും സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിലാണ് സുരേഷ് അടക്കം അഞ്ചുപേരെ ഇന്നലെ പോലിസ് കസ്റ്റഡിയില്‍ എടുത്തത്.

തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇന്ന് രാവിലെയോടെ റിമാന്റ് ചെയ്യാന്‍ ഒരുങ്ങുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെടുന്നതായി സുരേഷ് പറഞ്ഞതെന്ന് പോലിസ് വിശദീകരിച്ചു. ഉടനെ സര്‍ക്കാര്‍ ആശുപത്രിയിലും അനന്തപുരി ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുരേഷിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് പോലിസ് വിശദീകരിക്കുമ്പോഴും ലോക്കപ്പ് മര്‍ദ്ദനത്തെ തുടര്‍ന്നാണ് സുരേഷ് മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

മൃതദേഹം പോസ്റ്റ് മോര്‍ട്ടിത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

സുരേഷിന്റെ വസ്ത്രത്തിലും മറ്റു മര്‍ദ്ദനമേറ്റ പാടുകളുള്ളതായി സഹോദരന്‍ ആരോപിച്ചു. തിരുവല്ലം പോലിസ് കസ്റ്റഡിയിലെടുക്കുമ്പോള്‍ തന്നെ സുരേഷിനെ മര്‍ദ്ദിച്ചിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

പോലിസ് മര്‍ദ്ദനത്തിലാണ് സുരേഷ് മരിച്ചതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ പോലിസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്.

Tags:    

Similar News