തിരുവനന്തപുരം: തിരുവല്ലം സ്റ്റേഷനില്‍ പോലിസ് കസ്റ്റഡിയിലിരിക്കെ പ്രതിയായ സുരേഷ് മരിച്ച കേസിലെ അന്വേഷണം സിബിഐക്ക് കൈമാറി. മുഖ്യമന്ത്രി പിണറായി വിജയനാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രതിപക്ഷവും കുടുംബവും നേരത്തെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തിരുവല്ലത്തിനടുത്ത് ജഡ്ജിക്കുന്ന് സന്ദര്‍ശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ചതായി ആരോപിച്ചാണ് മരിച്ച സുരേഷടക്കം അഞ്ചുപേരെ പോലിസ് കസ്റ്റഡിയിലെടുത്തത്. അധികം വൈകാതെ തന്നെ പ്രതിയായ സുരേഷ് ആശുപത്രിയില്‍ മരിച്ചു.
നെഞ്ച് വേദനയാണ് മരണകാരണമെന്നാണ് പോലിസ് അറിയിച്ചിരുന്നത്. എന്നാല്‍, പോലിസ് മര്‍ദ്ദനമാണെന്നാരോപിച്ച് നാട്ടുകാര്‍ പോലിസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചു. കസ്റ്റഡിയില്‍ മരിച്ച സുരേഷിന് മര്‍ദ്ദനമേറ്റിരുന്നതായി പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലും വ്യക്തമായി. മരണകാരണം ഹൃദയാഘാതമാണെങ്കിലും മര്‍ദ്ദനമേറ്റിട്ടുണ്ട്. ശരീരത്തില്‍ പലയിടത്തും ചതവുകളുണ്ട്. ഇത് ഹൃദ്രോഗം വര്‍ധിപ്പിക്കാന്‍ കാരണമായിട്ടുണ്ടാവാമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ചതവുകള്‍ എങ്ങനെ സംഭവിച്ചെന്ന കാര്യം പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിലില്ല. പോസ്റ്റുമോര്‍ട്ടം നടത്തിയ ഫോറന്‍സിക് സര്‍ജന്‍മാര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഇക്കാര്യം വിശദമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോലിസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. കേസ് ആദ്യം അന്വേഷിച്ചിരുന്നത് ജില്ലാ ക്രൈംബ്രാഞ്ചായിരുന്നു. നിലവില്‍ സംസ്ഥാന ക്രൈംബ്രാഞ്ച് അന്വേഷിച്ചുകൊണ്ടിരിക്കെയാണ് സിബിഐയ്ക്ക് കേസ് കൈമാറുന്നത്.