തിരുവല്ലം കസ്റ്റഡി മരണം: എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
സിഐ സുരേഷ് വി നായര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്
തിരുവനന്തപുരം: തിരുവല്ലത്ത് ദലിത് യുവാവ് പോലിസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ തിരുവല്ലം പോലിസ് സ്‌റ്റേഷനിലെ മൂന്ന് പോലിസുകാരെ സസ്‌പെന്റ് ചെയ്തു. തിരുവല്ലം സ്റ്റേഷനിലെ എസ് ഐ വിപിന്‍, ഗ്രേഡ് എസ് ഐ സജീവന്‍, വൈശാഖ് എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്. നടപടി ക്രമങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് പോലിസുകാരെ സസ്‌പെന്റ് ചെയ്തതെന്ന് സിറ്റി പോലിസ് കമ്മിഷണര്‍ സപര്‍ജന്‍ കുമാര്‍ പറഞ്ഞു. സി ഐ സുരേഷ് വി നായര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് തിരുവല്ലം ജഡ്ജിക്കുന്നിന് സമീപത്ത് വച്ച സുരേഷിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയില്‍വച്ച്് സുരേഷിന് അസ്വസ്ഥതയുണ്ടാവുകയും ആശുപത്രിയില്‍ വച്ച് മരണം സംഭവിക്കുകയായിരുന്നു. കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റതിനാലാണ് ആരോഗ്യവാനായ സുരേഷിന്് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
അതേസമയം, ഇന്നലെ പുറത്ത് വന്ന പോസ്റ്റ് മാര്‍ട്ടം റിപോര്‍ട്ടില്‍ നെഞ്ചുവേദനയാണ് മരണ കാരണമെന്ന് സൂചനയുണ്ടായിരുന്നു. എന്നാല്‍, ശരീരത്തില്‍ നേരിയ തോതില്‍ മര്‍ദ്ദനമേറ്റിരുന്നു വെന്നും റിപോര്‍ട്ടിലുണ്ട്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മൂന്ന് പോലിസുകാരെ സസ്‌പെന്റ് ചെയ്യാന്‍ കമ്മിഷണര്‍ തീരുമാനിച്ചത്.
ജഡ്ജിക്കുന്നില്‍ വച്ച് ദമ്പതികളെ ഉപദ്രവിച്ചു എന്ന് ആരോപിച്ചാണ് സുരേഷ് അടക്കമുള്ളവരെ പോലിസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, ഉന്നത പോലിസ് ഉദ്യോഗസ്ഥനുമായുള്ള ദമ്പതികള്‍ക്കുള്ള ബന്ധമാണ് പോലിസിന് അന്യായ നടപടികളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിച്ചതെന്നാണ് വിവരം.