തിരുവല്ലം ടോള്‍: ഉന്നതതല യോഗം വിളിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

പണി പൂര്‍ത്തിയാക്കുന്നത് വരെ ടോള്‍ പിരിവ് നിര്‍ത്തി വെക്കാനുള്ള സാധ്യത ബന്ധപ്പെട്ടവരുമായി ആലോചിക്കണമെന്ന് മന്ത്രി അറിയിച്ചു. പ്രദേശവാസികള്‍ക്ക് സൗജന്യമായി ടോള്‍ പ്ലാസ കടന്നു പോകാനുള്ള സാധ്യതയും തേടണം. സര്‍വീസ് റോഡുകള്‍ പൂര്‍ണമായും ഉപയോഗപ്രദമാക്കണം.

Update: 2021-08-26 13:34 GMT

തിരുവനന്തപുരം: തിരുവല്ലം ടോള്‍ പിരിവിനെ കുറിച്ച് ചര്‍ച്ച് ചെയ്യുന്നതിന് ഉന്നതതല യോഗം ചേരുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പണി പൂര്‍ത്തിയാകാത്ത ദേശീയ പാത 66ലെ കഴക്കൂട്ടം -കാരോട് ബൈപ്പാസില്‍ തിരുവല്ലത്ത് ടോള്‍ പിരിക്കുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്ന പശ്ചാത്തലത്തില്‍ മന്ത്രി വി ശിവന്‍കുട്ടി ടോള്‍ പ്ലാസ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു. മന്ത്രിയുടെ സന്ദര്‍ശനമറിഞ്ഞ് സ്ഥലത്തെത്തിയ പ്രൊജക്റ്റ് ഡയറക്ടര്‍ പി പ്രദീപ്, ലെയ്‌സണ്‍ ഓഫിസര്‍ എം കെ റെഹ്മാന്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി.

പ്രദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ മന്ത്രി ചര്‍ച്ചയില്‍ ടോള്‍ പ്ലാസ അധികൃതരെ അറിയിച്ചു. പണി പൂര്‍ത്തിയാക്കുന്നത് വരെ ടോള്‍ പിരിവ് നിര്‍ത്തി വെക്കാനുള്ള സാധ്യത ബന്ധപ്പെട്ടവരുമായി ആലോചിക്കണമെന്ന് മന്ത്രി അറിയിച്ചു. പ്രദേശവാസികള്‍ക്ക് സൗജന്യമായി ടോള്‍ പ്ലാസ കടന്നു പോകാനുള്ള സാധ്യതയും തേടണം. സര്‍വീസ് റോഡുകള്‍ പൂര്‍ണമായും ഉപയോഗപ്രദമാക്കണം. പ്രദേശത്ത് വെള്ളക്കെട്ട് ഒഴിവാക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

വിഷയവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിച്ചു ചേര്‍ക്കും. പൊതുമരാമത്ത് മന്ത്രിയെ കൂടി ഉള്‍പ്പെടുത്തിയാകും യോഗം. വിഷയം ശ്രദ്ധയില്‍പ്പെടുത്തി മന്ത്രി വി ശിവന്‍കുട്ടി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയ്ക്ക് കത്തയച്ചിരുന്നു.


Tags:    

Similar News