തിളങ്ങുന്ന വസ്ത്രങ്ങളും അതിനൊപ്പം തന്നെ കൈയിലും കഴുത്തിലും കാതിലും നിറയെ ആഭരണങ്ങള്‍ ഇതായിരുന്നു കുറച്ച് നാള്‍ മുമ്പ് വരെയുള്ള ഫാഷന്‍ സങ്കല്‍പ്പം.എന്നാല്‍ ഇന്നത്തെ തലമുറ അതില്‍നിന്നൊക്കെ ഒരുപാട് മുമ്പോട്ട് സഞ്ചരിച്ചിരിക്കുന്നു.അലങ്കാരങ്ങള്‍ കൊണ്ട് നിറയ്ക്കുന്നതല്ല പുതിയ കാലത്തെ രീതി.ഫാഷനില്‍ മിനിമലിസം വേരുറപ്പിക്കുകയാണ്. വസ്ത്രമാണെങ്കിലും ആഭരണമാണെങ്കിലും 'മേക്ക് ഇറ്റ് സിമ്പിള്‍' അതാണ് പുതിയ തലമുറയുടെ ഫാഷന്‍ മന്ത്ര. ന്യൂജനറേഷന്‍ അത് കണ്ണുംപൂട്ടി അംഗീകരിക്കുന്നുമുണ്ട്.
ഇവിടെയിതാ ആഭരണത്തിന്റെ കാര്യത്തില്‍ ഏതു തരത്തിലുള്ള ഫാഷന്‍ ശൈലി അവലംബിക്കാം എന്ന് കാണിച്ചു തരികയാണ് ഫാഷന്‍ വിദഗ്ധര്‍.മിനിമല്‍ ആഭരണ ശൈലി എങ്ങനെ ഭാഗിയായി സ്‌റ്റൈല്‍ ചെയ്യാം എന്നതിനുള്ള ഉത്തരമാണ് പറഞ്ഞു തരുന്നത്.
പണ്ടത്തെ മണവാട്ടിമാരെ കണ്ടിട്ടില്ലേ..പൊന്നില്‍ മൂടി നിന്നാലേ മണവാട്ടി 'മണവാട്ടി'യാകൂ എന്നായിരുന്നു അന്നത്തെ ചിന്ത.എന്നാല്‍ പുതു തലമുറ അത്തരം ഫാഷന്‍ സങ്കല്‍പ്പങ്ങളോട് മുഖം തിരിച്ച് തുടങ്ങിയിരിക്കുകയാണ്.ചെറിയ ആഭരണങ്ങളില്‍ ഏവരുടേയും ശ്രദ്ധ ആകര്‍ഷിക്കുക എന്നതാണ് ഇന്നത്തെ ഫാഷന്‍ പ്രേമികളുടെ മനസിലുള്ളത്. അതുകൊണ്ടു തന്നെ സിമ്പിളായിട്ടുള്ള ആഭരണങ്ങളില്‍ സുന്ദരിയാവുകയാണ് അവരുടെ ലക്ഷ്യം.
മിനിമല്‍ ആഭരണങ്ങള്‍
കഴുത്തു നിറയെ സ്വര്‍ണാഭരണങ്ങളും കാതില്‍ സ്വര്‍ണക്കമ്മലും വിവാഹനിശ്ചയത്തിനു വേണമെന്ന നിര്‍ബന്ധം വഴിമാറുകയാണ്. വലിയ അലങ്കാരമുള്ള കുന്തന്‍ ആഭരണങ്ങളും പരമ്പരാഗത കെംപ് ആഭരണങ്ങളും പുതിയ തലമുറയിലെ വധു എന്‍ഗേജ്‌മെന്റുകള്‍ക്കും മോതിരംമാറ്റല്‍ ചടങ്ങുകള്‍ക്കുമൊക്കെ അണിയുന്ന പ്രവണതയാണിന്ന്.
ഫാഷന്‍ പ്രേമികളായ പെണ്‍കുട്ടികള്‍ ഏറ്റവും വ്യത്യസ്തമായ നിറങ്ങളിലെ സാരിയും ആഭരണങ്ങളും കൊണ്ട് ന്യൂ ലുക് സൃഷ്ടിക്കുകയാണിന്ന്. പകിട്ട് എടുത്തുകാട്ടുന്ന രീതിയിലുള്ള ആഭരണങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രിയം. ഏറ്റവും കുറച്ച്, എന്നാല്‍ ഏറ്റവും അലങ്കാരമായി, സുന്ദരമായി ആഭരണങ്ങള്‍ അണിയുന്ന നവവധുക്കളുടെ കാലമാണിത്. മിനിമല്‍ എന്നു പുതിയ തലമുറ വിശേഷിപ്പിക്കുന്ന രീതിയിലെ ആഭരണം അണിയല്‍ ആണ് പുതിയ ട്രെന്‍ഡ്.
വിവാഹത്തിന് കഴുത്തിലും കൈകളിലും താങ്ങാന്‍കഴിയാത്തവിധം സ്വര്‍ണ, ഡയമണ്ട് ആഭരണങ്ങള്‍ വാരിയണിയുന്ന രീതി മാറിവരുകയാണ്. രണ്ടോ മൂന്നോ സ്വര്‍ണമാലകളോ വലിയ ഒരു ഡയമണ്ട് മാലയോ മാത്രം നവവധു കഴുത്തില്‍ അണിയുന്ന കാഴ്ച ഇന്നുണ്ട്. കൈകളിലും കുറച്ച് ഭംഗിയാര്‍ന്ന, വലിപ്പമുള്ള വളകള്‍ അണിയുന്നതാണ് ഫാഷന്‍. ഈ ഒരു മിനിമല്‍ തരംഗം എന്‍ഗേജ്‌മെന്റ് പോലുള്ള വിശേഷാവസരങ്ങളിലും പ്രകടമാണ്.
വിവാഹനിശ്ചയത്തിനും മോതിരം മാറല്‍ ചടങ്ങിനും കഴുത്തിനോടു ചേര്‍ന്ന് അണിയുന്ന (ചോക്കര്‍ മോഡല്‍) കുന്തന്‍ മാതൃകയിലെ മാലകള്‍ ഇന്നു പല യുവതികളും അണിയുന്നുണ്ട്. പഴയ നെക്‌ലസ്, അഡിയല്‍, മോഡലുകളിലെ മാലകളും ജിമിക്കിപോലുള്ള തനിമയാര്‍ന്ന കമ്മലുകളും തിരഞ്ഞെടുക്കാം.
ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വെസ്‌റ്റേണ്‍ വസ്ത്രങ്ങള്‍ക്കു ഒപ്പം മാത്രമാണ് അണിയേണ്ടതെന്ന തെറ്റിദ്ധാരണയും വേണ്ട. ട്രഡീഷണല്‍ ലുക്കുകള്‍ വരുന്ന ചെറിയ ലോക്കറ്റുകളും ഡിസൈനുകളും ഇന്ന് വിപണിയില്‍ സുലഭമാണ്. മിനിമല്‍ മേക്കപ്പ് ലുക്കുകള്‍ ആണു ഇത്തരം ആഭരണങ്ങള്‍ക്കു കുടുതലും ചേരുകയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
ആഭരണങ്ങളില്‍ മാത്രമല്ല ഈ മിനിമലിസം വസ്ത്രങ്ങളിലും മേക്കപ്പുകളിലും ധരിക്കുന്ന ചെരിപ്പുകളിലും വരെ കൊണ്ടുവരാനാണ് ന്യൂജന്‍ ശ്രമം.വസ്ത്രങ്ങളിലെ തിരഞ്ഞെടുപ്പാണ് ഇതില്‍ ഏറ്റവും പ്രധാന ഘടകം.പള പള മിന്നുന്ന വസ്ത്രങ്ങള്‍ ഔട്ട് ഓഫ് ഫാഷന്‍ ആയി കഴിഞ്ഞു.ആഭരണങ്ങളിലെ മിനിമലിസം നമുക്ക് വസ്ത്രങ്ങളിലും കൊണ്ട് വരാം.റിച്ച് ലുക്ക് തോന്നാന്‍ സിംപിള്‍ കളറുകളാണ് ഏറ്റവും അഭികാമ്യം.കടും കളറുകള്‍ കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്.അതുപോലെ വസ്ത്രങ്ങളില്‍ അധികം വര്‍ക്കുകളും ഇല്ലാതിരിക്കുന്നതാണ് മിനിമലിസത്തിന് അഭികാമ്യം.
കടും കളറിലുള്ള ലിപ്സ്റ്റിക്കുകളും ഐഷേഡോകളുമൊക്കെ വാരി പൂശുന്നത് പഴയ കാല ട്രെന്‍ഡ് ആണ്.ആഭരണങ്ങളില്‍ നിങ്ങള്‍ മിനിമല്‍ ട്രെന്‍ഡാണ് ആഗ്രഹിക്കുന്നതെങ്കില്‍ മേക്കപ്പിലും മിനിമലാകുന്നതാണ് നല്ലത്.ലൈറ്റ് കളര്‍ മേക്കപ്പുകള്‍ പരീക്ഷിച്ച് നോക്കൂ.സിംപിള്‍ അന്‍ഡ് എലഗന്റ് ലുക്ക് നിങ്ങള്‍ക്ക് ലഭിക്കും.