സിനിമയിലൊക്കെ കൂളിംഗ് ഗ്ലാസ്സ് വച്ച നായകന്മാരുടെ എന്‍ട്രി കാണാന്‍ തുടങ്ങിയിട്ട് കുറേ നാളുകള്‍ ആയെങ്കിലും നമ്മള്‍ മലയാളികള്‍ക്കിടയിലേക്ക് കൂളിംഗ് ഗ്ലാസ്സ് എന്ന ഈ നായകന്‍ എന്‍ട്രി ചെയ്തിട്ട് അധികം നാളുകളായിട്ടില്ല.
കൂളിംഗ് ഗ്ലാസ് വച്ച് പുറത്തിറങ്ങുന്നവരെല്ലാം ജാഡകളാണെന്ന് കരുതിയിരുന്ന കാലത്തില്‍ നിന്നും നമ്മള്‍ ഒരുപാട് മുന്നോട്ട് സഞ്ചരിച്ച് കഴിഞ്ഞിരിക്കുന്നു.ഇപ്പോള്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ കൂളിംഗ് ഗ്ലാസിലെ ട്രെന്‍ഡിനു പിറകേ പോകുന്നവരായി മാറിയിരിക്കുകയാണ് മലയാളികള്‍.എന്നാല്‍ നിങ്ങള്‍ ഒന്ന് അറിഞ്ഞിരിക്കുക ഈ സാധനം ധരിക്കുന്നത് സ്‌റ്റൈല്‍ കാണിക്കാന്‍ മാത്രമല്ല. കണ്ണിനുള്ള നല്ലൊരു കവചം കൂടിയായാണ് കൂളിംഗ് ഗ്ലാസുകള്‍.നൂറു രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലവരുന്ന കൂളിംഗ് ഗ്ലാസുകള്‍ ഇന്നു വിപണിയില്‍ ലഭ്യമാണ്.
സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വേണ്ടി വിവിധ ഫാഷനുകളിലെ സണ്‍ഗ്ലാസുകള്‍ വിപണിയിലുണ്ട്. തങ്ങളുടെ മുഖത്തിന്റെ ആകൃതിക്കും വലിപ്പത്തിനും ചേരുന്നവ തിരഞ്ഞെടുക്കുക എന്നുള്ളത് വളരെ പ്രധാനമായ കാര്യമാണ്. പ്രിന്റഡ് ഫ്രയിംസ്, ചതുരത്തിലുള്ളതും,ദീര്‍ഘചതുരത്തിലുള്ളതുമായ ഫ്രയിംസ്, വട്ടത്തിലുള്ള ഫ്രയിംസ്, മാര്‍ബിള്‍ ഫ്രയിംസ് ,ക്യാറ്റ് ഐ തുടങ്ങിയ ട്രെന്‍ഡി കൂളിംഗ് ഗ്ലാസുകള്‍ വിപണിയില്‍ ലഭ്യമാണ്.
വലിപ്പമേറിയ സണ്‍ ഗ്ലാസുകളാണ് ഈ സീസണിലെ ട്രെന്‍ഡ്. ഗ്ലാസിന് വലിപ്പം കൂടുന്നതിനനുസരിച്ച് ഭംഗിയും കൂടും എന്ന ചിന്താഗതിക്കാരാണ് ഇന്നുള്ളവരില്‍ ഏറെയും.എന്നാല്‍ വലിപ്പമേറിയ ഗ്ലാസുകള്‍ കണ്ണിനും നല്ലതാണ്. കണ്ണുകള്‍ക്ക് ചുറ്റുമുള്ള ചര്‍മ്മം കരുവാളിക്കാതെ സംരക്ഷിക്കാന്‍ സണ്‍ ഗ്ലാസുകള്‍ വഹിക്കുന്ന പങ്ക് വലുതാണ്.
മുന്‍പ് സണ്‍ ഗ്ലാസുകളുടെ ഫ്രെയിം കറുപ്പ്, ഗോള്‍ഡണ്‍, സ്റ്റീല്‍,ബ്രൗണ്‍ നിറങ്ങളില്‍ മാത്രമായിരുന്നു വന്നിരുന്നെങ്കില്‍ ഇന്ന് ഇറങ്ങുന്നതെല്ലാം കളര്‍ഫുള്‍ ഫ്രെയിമുകളാണ്.വസ്ത്രത്തിന് യോജിക്കുന്ന നിറങ്ങളിലുള്ള ഗ്ലാസും ഫ്രെയിമും തിരഞ്ഞെടുക്കാമെന്നതാണ് ഇതിന്റെ ഗുണം.കണ്ണിന് സുഖപ്രദമാകുന്നതും അതേസമയം മുഖത്തിന് ഭംഗി തോന്നുന്നതുമായ സണ്‍ ഗ്ലാസുകളാണ് തിരഞ്ഞെടുക്കേണ്ടത്.ഓരോ സീസണ്‍ അനുസരിച്ച് കൂളിംഗ് ഗ്ലാസ് മാറി വയ്ക്കാവുന്നതാണ്. നേത്ര വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത് വേനലിനേക്കാളും കണ്ണിന് കരുതല്‍ കൂടുതല്‍ നല്‍കേണ്ടത് ശൈത്യകാലത്താണെന്നാണ്. ശൈത്യകാലത്ത് സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ കണ്ണിലടിക്കുന്നതോടൊപ്പം,അള്‍ട്രാ വയലറ്റ് രശ്മികള്‍ മഞ്ഞില്‍ തട്ടി കണ്ണാടി പോലെ പ്രതിഫലിക്കുകയും ചെയ്യും.ഇതിന് ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ കൂളിംഗ് ഗ്ലാസുകള്‍ക്ക് കഴിയും.ശൈത്യകാലത്ത് അന്തരീക്ഷം പൊതുവെ നനുത്തതായിരിക്കും. ഈ തണുപ്പ് കണ്ണിന് കൂടുതല്‍ ഹാനികരമാണ്. വേനലില്‍ ചൂടാണ് കണ്ണിനു വില്ലനെങ്കില്‍ തണുപ്പുകാലത്ത് വരണ്ട തണുപ്പാണ് വില്ലനാവുന്നത്. ഇത് കണ്ണിലെ നനവ് ഇല്ലാതാക്കും. ഇതിനൊരു സംരക്ഷണം കൂടിയാണ് കൂളിംഗ് ഗ്ലാസുകള്‍. ഈര്‍പ്പമുള്ള പൊടിപടലങ്ങളും ധാരാളമുണ്ടാകും ശൈത്യകാലത്ത്. നനവ് തട്ടി കൂടിച്ചേര്‍ന്ന കനത്ത പൊടിയായിരിക്കും കാറ്റില്‍ പാറി കണ്ണിലടിക്കുക. കണ്ണ് മുഴുവനായും മൂടുന്ന കൂളിംഗ് ഗ്ലാസാണ് തണുത്ത കാറ്റില്‍ നിന്നും പൊടിപടലങ്ങളില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ഉത്തമം.
വഴിയരികില്‍ നിന്ന് നൂറു രൂപയ്ക്ക് ലഭിക്കുന്ന ഗ്ലാസുകള്‍ വാങ്ങി ഉപയോഗിക്കുന്നത് കഴിയുന്നതും ഒഴിവാക്കുക.ഇത് കണ്ണുകള്‍ക്ക് ദോഷ ഫലം മാത്രമേ നല്‍കുകയുള്ളൂ. നൂറു രൂപയ്ക്ക് ലഭിക്കുന്ന ഗ്ലാസുകളും,ഒരു ഒപ്‌ടോമെട്രി ഷോപ്പില്‍ പോയി വാങ്ങുന്ന ആയിരത്തിന്റെയോ രണ്ടായിരത്തിന്റെയോ ഗ്ലാസും ഒരേ ഗുണമല്ല ചെയ്യുന്നത്. അള്‍ട്രാവയലറ്റ് രശ്മികള്‍ നേരിട്ട് കണ്ണിലടിക്കുന്നത് തടയാനാണ് കൂളിംഗ് ഗ്ലാസിന്റെ ഒരു ഉപയോഗം.എന്നാല്‍ തുച്ഛമായ വിലയില്‍ ലഭിക്കുന്ന ഗ്ലാസുകള്‍ വെറും ചില്ല് മാത്രമായിരിക്കും. ഇത് കണ്ണിനു സംരക്ഷണം തരുന്നതല്ല. മറിച്ച് ദോഷം ചെയ്യുന്നതാണ്.കണ്ണിന് കൂടുതല്‍ ആയാസം സൃഷ്ടിച്ചേക്കാം. അതുകൊണ്ട് കണ്ണിന്റെ ആരോഗ്യപരമായ കാഴ്ചയ്ക്ക് കൃത്യമായ വെളിച്ചം ആവശ്യമാണ്. കടുത്ത വെളിച്ചവും വളരെ കുറഞ്ഞ വെളിച്ചവും ഒരുപോലെ കേടാണ്.