കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു പലഹാരമാണ് ഇടിയപ്പം. രാവിലെയും വൈകുന്നേരവും ചായയുടെ കൂടെ ഇടിയപ്പം കഴിക്കാവുന്നതാണ്. സാധാരണയായി അരിപ്പൊടി കൊണ്ടാണ് ഇടിയപ്പം തയ്യാറാക്കുന്നത്. തൂവെളള നിറത്തിലുളള സ്വാദിഷ്ടമായ ഒരു പലഹാരമാണ് ഇടിയപ്പം. എന്നാല്‍ സ്വാദിനോടൊപ്പം കുറച്ച് ആരോഗ്യം കൂടി ചേര്‍ന്നാലോ.അതിനായി നമുക്ക് ഇടിയപ്പം അല്‍പം സ്‌പെഷ്യലായി മാങ്ങാ ചേര്‍ത്ത് ഉണ്ടാക്കിയാലോ.കാഴ്ചയില്‍ വ്യത്യസ്തവും ഒപ്പം ആരോഗ്യകരവുമായ ഒരു പലഹാരമാണിത്. ഈ ഇടിയപ്പത്തിന്റെ കൂടെ കറികള്‍ ഒന്നും തന്നെ വേണ്ട.
ആവശ്യമായ സാധനങ്ങള്‍
മാങ്ങ അരച്ചത്-2 കപ്പ്
അരിപ്പൊടി-2 കപ്പ്
ഉപ്പ്-1 സ്പൂണ്‍
എണ്ണ-2 സ്പൂണ്‍
വെള്ളം- 2 കപ്പ്
എങ്ങിനെ തയ്യാറാക്കാമെന്നു നോക്കാം
ആദ്യമായി 2 കപ്പ് മാങ്ങ നല്ല കുഴമ്പ് രൂപത്തില്‍ മിക്‌സിയില്‍ അരച്ചെടുക്കുക. പിന്നീട് വെള്ളം നന്നായി തിളച്ചു വരുമ്പോള്‍ അതിലേക്ക് ആവശ്യത്തിന് അരിപ്പൊടി ഇട്ടു കൊടുക്കുക. പിന്നീട് തീ ഓഫ് ചെയ്ത ശേഷം അരിപ്പൊടി നന്നായി കുഴച്ചെടുക്കുക. ഇതിലേക്ക് അരച്ചു വെച്ചിരിക്കുന്ന മാങ്ങയും ചേര്‍ത്തു കൊടുക്കുക. 2 സ്പൂണ്‍ എണ്ണയും ചേര്‍ത്ത് നന്നായി യോജിപ്പിച്ച ശേഷം സേവനാഴിയില്‍ മാവിട്ട് ഇഡ്ഡലി തട്ടില്‍ എണ്ണ തൂവി അതിലേക്ക് നന്നായി തിരിച്ചു കൊടുക്കുക. അതിനു മുകളില്‍ നാളികേരം കൂടി ഇട്ടു കൊടുക്കണം. പിന്നീട് മൂടി വെച്ച് ആവിയില്‍ വേവിക്കുക. പത്ത് മിനിറ്റിനകം തന്നെ സ്വാദിഷ്ടമായ മാങ്ങാ ഇടിയപ്പം തയ്യാര്‍.സ്വാദിഷ്ടവും,ഹെല്‍ത്തിയുമായ വളരെ എളുപ്പം തയ്യാറാക്കാന്‍ കഴിയുന്ന ഒരു ഭക്ഷണമാണ് ഇത്.