ഒരാഴ്ചത്തേക്ക് 70 മുറികള്‍; ലക്ഷങ്ങള്‍ പൊടിപൊടിച്ച് ഗുവാഹത്തിയില്‍ വിമത എംഎല്‍എമാര്‍ക്ക് സുഖവാസം

ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ തിങ്കളാഴ്ച ഗുജറാത്തിലെ സൂറത്തിലേക്കാണ് ആദ്യം പോയത്. പിന്നീട് ബുധനാഴ്ച അസമിലെ ഗുവാഹത്തിയിലേക്ക് എത്തുകയായിരുന്നു. സ്വതന്ത്രര്‍ ഉള്‍പ്പെടെ 46 ഓളം എംഎല്‍എമാരുമായാണ് ഏകനാഥ് ഷിന്‍ഡെ ക്യാംപ് ഗുവാഹത്തിയില്‍ ചെയ്യുന്നത്.

Update: 2022-06-24 14:56 GMT

ഗുവാഹത്തി: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ, സര്‍ക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട വിമത ശിവസേന എംഎല്‍എമാര്‍ താമസിക്കുന്നത് അസം തലസ്ഥാനമായ ഗുവാഹത്തിയിലെ അത്യാഡംബര ഹോട്ടലിലാണ്.196 മുറികളുള്ള ഹോട്ടലില്‍ ഏഴ് ദിവസത്തേക്കായി 70 മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗുവാഹത്തിയിലെ റാഡിസണ്‍ ബ്ലൂ ഹോട്ടലിലെ മുറികള്‍ക്ക് ഏഴ് ദിവസത്തേക്ക് 56 ലക്ഷം രൂപയാണ് നിരക്ക്. ഭക്ഷണത്തിനും മറ്റ് സേവനങ്ങള്‍ക്കുമുള്ള പ്രതിദിന ചെലവ് എട്ടു ലക്ഷം രൂപ വരും.

എംഎല്‍എമാര്‍ക്കും കോര്‍പ്പറേറ്റ് ഇടപാടുകളില്‍ ഇതിനകം ബുക്ക് ചെയ്തവര്‍ക്കും മാത്രമെ നിലവില്‍ റൂം അനുവദിക്കുന്നുള്ളൂ. വിവാഹമൊഴികെയുള്ള പരിപാടികള്‍ അനുവദിക്കുന്നില്ല. പുറത്തു നിന്നുള്ളവര്‍ക്കായി ഭക്ഷണശാല തുറന്ന് നല്‍കുന്നില്ല.

ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ തിങ്കളാഴ്ച ഗുജറാത്തിലെ സൂറത്തിലേക്കാണ് ആദ്യം പോയത്. പിന്നീട് ബുധനാഴ്ച അസമിലെ ഗുവാഹത്തിയിലേക്ക് എത്തുകയായിരുന്നു. സ്വതന്ത്രര്‍ ഉള്‍പ്പെടെ 46 ഓളം എംഎല്‍എമാരുമായാണ് ഏകനാഥ് ഷിന്‍ഡെ ക്യാംപ് ഗുവാഹത്തിയില്‍ ചെയ്യുന്നത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തെ അഘാഡി സഖ്യത്തിന്റെ ഭരണത്തില്‍ ശിവസേന നേതാക്കളാണ് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിച്ചത് എന്ന് അവകാശപ്പെട്ട് കോണ്‍ഗ്രസുമായും എന്‍സിപിയുമായുള്ള സഖ്യം ശിവസേന അവസാനിപ്പിക്കണമെന്നാണ് വിമതരുടെ ആവശ്യം. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേന ബിജെപിയുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യവും ചിലര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

അതേസമയം, എന്‍സിപിയുമായും കോണ്‍ഗ്രസുമായുള്ള ഭരണ സഖ്യത്തില്‍ നിന്ന് പിന്‍മാറുന്ന കാര്യം പരിഗണിക്കുമെന്നും വിമതര്‍ 24 മണിക്കൂറിനുള്ളില്‍ തിരിച്ചെത്തണമെന്നും ശിവസേനയുടെ വക്താവ് സഞ്ജയ് റാവത്ത് ആവശ്യപ്പെട്ടു. എംഎല്‍എമാര്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുമായി വിഷയം ചര്‍ച്ച ചെയ്യണമെന്നും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിക്കരുതെന്നും റാവത്ത് പറഞ്ഞു.

Tags:    

Similar News