ആരോഗ്യം ശരീരത്തിനു മാത്രമല്ല; മനസ്സിനും വേണം
ഉറങ്ങുന്ന സമയം, ഭക്ഷണം, വ്യായാമം തുടങ്ങി അധികംപേരും കാര്യമായി ശ്രദ്ധിക്കാത്ത ചെറിയ കാര്യങ്ങളാണ് മനസ്സിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടത്. മാനസികാരോഗ്യം ഉയര്‍ത്താന്‍ ഏതാനും ചില കാര്യങ്ങള്‍
ആരോഗ്യം ശരീരത്തിനു മാത്രമല്ല; മനസ്സിനും വേണം
ശരീരത്തിനു മാത്രം ആരോഗ്യം പോര, മനസ്സിനും കൂടി വേണം. അല്ലെങ്കില്‍ ശരീരം എത്ര കഷ്ടപ്പെട്ടാലും മനസ്സ് മറുവഴിയില്‍ ചലിച്ചുകൊണ്ടിരിക്കും. അതോടെ സംതൃപ്ത ജീവിതം എന്നൊന്ന് സ്വപ്‌നമായിത്തീരും. അതിനാല്‍ തന്നെ മനസ്സിന്റെ ആരോഗ്യത്തിനും വേണം ചില ചിട്ടകളും വ്യായാമങ്ങളും. ഉറങ്ങുന്ന സമയം, ഭക്ഷണം, വ്യായാമം തുടങ്ങി അധികംപേരും കാര്യമായി ശ്രദ്ധിക്കാത്ത ചെറിയ കാര്യങ്ങളാണ് മനസ്സിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടത്. മാനസികാരോഗ്യം ഉയര്‍ത്താന്‍ ഏതാനും ചില കാര്യങ്ങള്‍:
1. പ്രഥമ പരിഗണന ഭക്ഷണത്തിനു തന്നെ. ശരിയായ ഭക്ഷണം മാനസിക ആരോഗ്യം ഉയര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. തലച്ചോറിന്റെ ശരിയായ പ്രവര്‍ത്തനത്തിനു ധാരാളം ഊര്‍ജ്ജവും പോഷകങ്ങളും ആവശ്യമാണ്. പോഷകാഹാരങ്ങള്‍ കഴിച്ചില്ലെങ്കില്‍ ഇത് ലഭിക്കില്ല. ആരോഗ്യമുള്ള മസ്തിഷ്‌കത്തിന് ആവശ്യമായ ഭക്ഷണത്തില്‍ ഇരുമ്പും പ്രോട്ടീനും അടങ്ങിയിരിക്കും. സംസ്‌കരിച്ച പഞ്ചസാര ഒഴിവാക്കണമെന്നാണു ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. വിവിധ വിറ്റാമിനുകള്‍ക്കൊപ്പം ബദാം, ബ്ലൂബെറി, വാല്‍നട്ട് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
2. വ്യായാമവും വിശ്രമവുമാണ് തലച്ചോറിന് ഒരു പോലെ ആവശ്യമുള്ള രണ്ടാമത്തെ കാര്യം. ദിവസവും 30 മിനുട്ടെങ്കിലും വ്യായാമത്തിലേര്‍പ്പെട്ടാല്‍ ശരീര പേശികള്‍ക്ക് ബലം കിട്ടുന്നതിനു പുറമെ തലച്ചോറിന്റെ പ്രവര്‍ത്തന ശേഷിയും വര്‍ധിക്കും. അഞ്ചുമിനുട്ട് നടക്കുന്നത് പോലും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുമെന്നാണ് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നത് എന്നതിനാല്‍ വല്ല ടെന്‍ഷനുമുണ്ടെങ്കില്‍ കുറച്ച് നടക്കുന്നത് ആശ്വാസമാവും.
3. തിരക്കുപിടിച്ച ലോകത്ത് അധികമാരും ശ്രദ്ധിക്കാത്തതാണ് ഉറക്കം. ശരീരത്തിനു ക്ഷീണക്കുറവ് അനുഭവപ്പെടുമ്പേള്‍ മാത്രം ഉറങ്ങുന്നവര്‍ മനസ്സിനു ക്ഷീണമുണ്ടാവുന്നത് തിരിച്ചറിയാറില്ല. തലവേദനയെന്നൊക്കെ പറഞ്ഞ് അവഗണിക്കുകയാണു പതിവ്. തലച്ചോറിന്റെ പ്രവര്‍ത്തനം പോലെയാണ് മനസ്സും പ്രവര്‍ത്തിക്കുക. അതിനാല്‍തന്നെ കൃത്യമായ ഉറക്കത്തിലൂടെ തലച്ചോറിന് വിശ്രമം നല്‍കേണ്ടത് അനിവാര്യമാണ്.
ഗാഢമായി ഉറങ്ങുമ്പോള്‍ തലച്ചോറിന്റെ നാഡീ ശൃംഖല പുനര്‍നിര്‍മിക്കപ്പെടും. ഇത് മനസ്സ് നവീകരിക്കാന്‍ സമയം നല്‍കും. ഉറക്കം നഷ്ടപ്പെട്ടാല്‍ ഇതിനുള്ള അവസരം നഷ്ടപ്പെടുത്തുന്നത് മാനസിക ആരോഗ്യത്തെ സാരമായി ബാധിക്കുമെന്നതിനു പുറമെ ഏകാഗ്രതയെ ഇല്ലാതാക്കുകയും ചെയ്യും. ഫലത്തില്‍ കൂടുതല്‍ സമയം ജോലിയെടുക്കേണ്ടി വരും.
4. ധ്യാനത്തിലേര്‍പ്പെടുകയെന്നതും മാനസികാരോഗ്യം വര്‍ധിപ്പിക്കും. സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ ഏതെങ്കിലും വസ്തുവിനെ മനസ്സില്‍ ധ്യാനിച്ച് ശാന്തമായി ഇരുന്നാല്‍ വല്ലാത്തൊരു ആശ്വാസം ലഭിക്കും. നമസ്‌കാരത്തിലും യോഗയിലുമെല്ലാം ലഭിക്കുന്നത് ഇതു തന്നെയാണ്. കാല്‍ വിരല്‍ തൊട്ട് തലവരെയുള്ള ഓരോ പേശികളും ബോധപൂര്‍വം ശാന്തമാവുന്നതോടെ പേശികള്‍ അയയും. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഊര്‍ജ്ജിതമായി തിരിച്ചുകൊണ്ടുവരും. പതിവായി ധ്യാനിക്കുന്നവര്‍ക്ക് വേറിട്ട അനുഭവം തന്നെയാണിത്.
5. ജോലി മാത്രം ചെയ്യുന്നവര്‍ക്ക് പെട്ടെന്നുതന്നെ മനസ്സ് മടുക്കാന്‍ സാധ്യതയേറെയാണ്. ഏകാഗ്രത നഷ്ടപ്പെട്ട് ഒരുതരം മാനസികാവസ്ഥയിലെത്തുന്നവരുമുണ്ട്. ഇതിന് ഏറ്റവും ഫലപ്രദം ആയാസരഹിതമായ കളികളില്‍ ഏര്‍പ്പെടുകയെന്നതാണ്. തലച്ചോറിന്റെ ശേഷി കൂട്ടാന്‍ ഏകാഗ്രത ലഭിക്കുന്ന ചെസ്, ചൈനീസ് ചെക്കേഴ്‌സ്, ലൂഡോ, പോലുള്ള കളികളില്‍ ഏര്‍പ്പെടാം. സ്‌ക്രാബിള്‍, കാര്‍ഡ് പോലുള്ള കളികള്‍ക്കും തന്ത്രങ്ങള്‍, വിശകലനം, സഹിഷ്ണുത എന്നിവ ആവശ്യമാണ്. ഇവയൊക്കെ മനസിന്റെ ശക്തിമെച്ചപ്പെടുത്താന്‍ സഹായിക്കും. എന്നാല്‍, വീഡിയോ ഗെയിമുകള്‍ ഗുണത്തേക്കാളേരെ ദോഷമാണ് ചെയ്യുകയെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
6. യോഗാഭ്യാസവും ശ്വസനപ്രക്രിയയെ ആയാസരഹിതമാക്കുന്നതും മനസ്സിന് ഏറെ കരുത്ത് നല്‍കും.
ആഴത്തില്‍ ശ്വസിക്കുന്നത് ശ്വാസകോശത്തില്‍ ഓക്‌സിജന്‍ നിറയുന്നതിനും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നതിനും സഹായിക്കും. ക്രമമായി ആഴത്തില്‍ ശ്വസിക്കുന്നത് മനസ്സിന്റെ ആരോഗ്യവും കൂര്‍മ്മതയും മെച്ചപ്പെടുത്താന്‍ സഹായിക്കും. വിവിധ തരത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ യോഗക്ലാസുകളില്‍ പഠിപ്പിക്കുന്നുണ്ട്. നടക്കുമ്പോള്‍ പോലും ശ്വാസം കൊണ്ട് വ്യായാമം ചെയ്യാം.