പകര്‍ച്ച വ്യാധികള്‍ അടക്കമുള്ള അപൂര്‍വ രോഗനിര്‍ണയം;അഡ്വാന്‍സ്ഡ് ഡയഗ്‌നോസ്റ്റിക്‌സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് തുടക്കമിട്ട് ആസ്റ്റര്‍ മെഡ്‌സിറ്റി

നിപ്പ, മങ്കിപോക്‌സ് ഉള്‍പ്പടെയുള്ള പകര്‍ച്ചവ്യാധികളടക്കം രോഗനിര്‍ണയത്തിന് സൗകര്യം.

Update: 2022-08-30 13:09 GMT

കൊച്ചി: കൊവിഡ്, നിപ്പ, മങ്കിപോക്‌സ് തുടങ്ങി പലതരം പകര്‍ച്ചാവ്യാധികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗനിര്‍ണയത്തിന് അത്യാധുനിക സംവിധാനം ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി. ഒട്ടുമിക്ക രോഗനിര്‍ണയങ്ങളും സാധ്യമായ അഡ്വാന്‍സ്ഡ് ഡയഗ്‌നോസ്റ്റിക്‌സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് ആസ്റ്റര്‍ മെഡ്‌സിറ്റി തുടക്കം കുറിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്തു.

സംസ്ഥാനത്ത് സാംക്രമിക രോഗങ്ങള്‍ ഉള്‍പ്പടെയുള്ളവയുടെ ലബോറട്ടറി രോഗനിര്‍ണയം നടത്തുന്നതില്‍ സുപ്രധാന ചുവടുവയ്പ്പാവുകയാണ് ആസ്റ്ററിന്റെ അഡ്വാന്‍സ്ഡ് ഡയഗ്‌നോസ്റ്റിക്‌സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എന്നും ഉടനടി രോഗനിര്‍ണയം ആവശ്യമുള്ള രോഗികള്‍ക്ക് അപ്പോള്‍ തന്നെ അത് ലഭ്യമാക്കാന്‍ സെന്ററിനാകുമെന്നും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

ഏറ്റവും വേഗത്തില്‍ പരിശോധന നടത്തി ധ്രുതഗതിയില്‍ രോഗപ്രതിരോധം സാധ്യമാക്കാന്‍ അഡ്വാന്‍സ്ഡ് ഡയഗ്‌നോസ്റ്റിക്‌സ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രാപ്തമാണ്. വിവിധ ക്ലിനിക്കല്‍ മേഖലകളില്‍ വിപുലമായ ഗവേഷണത്തിനും സെന്റര്‍ വേദിയൊരുക്കും. കേരളത്തിന്റെ ആരോഗ്യ രംഗത്ത് ഗുണപരവും ഫലപ്രദവുമായ പരിവര്‍ത്തനങ്ങള്‍ കൊണ്ടുവരുന്നതില്‍ നേതൃത്വപരമായ ഇടപെടല്‍ നടത്താല്‍ ഡയഗ്‌നോസ്റ്റിക് സെന്ററിന് സാധിക്കുമെന്നും ആസാദ് മൂപ്പന്‍ അഭിപ്രായപ്പെട്ടു.

ഉയര്‍ന്നുവരുന്ന പകര്‍ച്ചവ്യാധികളുടെയും മഹാമാരികളുടെയും ഈ കാലഘട്ടത്തില്‍ ലബോറട്ടറി ഡയഗ്‌നോസ്റ്റിക്‌സ് സെന്ററുകളുടെ വ്യാപ്തിയും പ്രസക്തിയും വര്‍ധിച്ചുവരുന്നതിനാല്‍ ആരോഗ്യരംഗത്ത് ഇത് നിര്‍ണായക ചുവടുവയ്പ്പായി മാറുമെന്നും സ്‌റ്റോക്ക്‌ഹോം കരോലിന്‍സ്‌ക ഇന്‍സ്റ്റിറ്റിയൂട്ടിലെ ക്ലിനിക്കല്‍ മൈക്രോബയോളജി വിഭാഗം ക്ലിനിക്കല്‍ വൈറോളജി പ്രഫസര്‍ എമറിറ്റസ് ഡോ. ആന്‍ഡേഴ്‌സ് വാല്‍നെ റിസര്‍ച്ച് സെന്റന്‍ര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. പൊതുജനാരോഗ്യ സംവിധാനം മെച്ചപ്പെടുത്തുന്നതില്‍ ഇത്തരം പരിശോധന കേന്ദ്രങ്ങള്‍ വലിയ സംഭാവനയാണ് നല്‍കുന്നതെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.

ജനിതക രോഗങ്ങള്‍ മുതല്‍ ജീവിതശൈലീ രോഗങ്ങള്‍ വരെയുള്ളവയുടെ നേരത്തെയുള്ള കണ്ടെത്തല്‍ സാധ്യമാക്കുന്ന ആസ്റ്ററിന്റെ പുതിയ സംരംഭം ആരോഗ്യരംഗത്തെ സുപ്രധാന ചുവടുവയ്പാണെന്ന് ചടങ്ങില്‍ മുഖ്യാതിഥിയായ എറണാകുളം ജില്ലാ കലക്ടര്‍ ഡോ. രേണു രാജ് വ്യക്തമാക്കി. ആസ്റ്റര്‍ മെഡ്‌സിറ്റി ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസ് ഡോ. അനൂപ് ആര്‍ വാര്യര്‍, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ക്ലിനിക്കല്‍ എക്‌സലന്‍സ് ഹെഡ് ഡോ ആശാ കിഷോര്‍, എറണാകുളം ജില്ലാ ആരോഗ്യ മെഡിക്കല്‍ ഓഫീസര്‍ ഡോ. ശ്രീദേവി എസ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്റ് ഒമാന്‍ ക്ലസ്റ്റര്‍ റീജ്യണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി മെഡിക്കല്‍ അഫയേഴ്‌സ് ഡയറക്ടര്‍ ഡോ. ടി ആര്‍ ജോണ്‍, എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

Tags:    

Similar News