മുന്‍പ് കാന്‍സര്‍ എന്നത് വളരെ അപൂര്‍വമായി മാത്രം കാണപ്പെടുന്ന ഒരു രോഗമായിരുന്നു.എന്നാല്‍ ഇന്ന് സര്‍വസാധാരണമായ ഒരു രോഗമായി കാന്‍സര്‍ മാറിയിരിക്കുന്നു.നൂറു പേരെ എടുത്തു കഴിഞ്ഞാല്‍ 38 മുതല്‍ 40 ശതമാനം വരെയാണ് ഒരു വ്യക്തിക്ക് കാന്‍സര്‍ വരാനുള്ള ചാന്‍സ് എന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.അതായത് മൂന്നില്‍ ഒരാള്‍ക്ക് ഈ രോഗം പിടിപെടാം.കേരള അസോസിയേഷന്‍ ഓഫ് സര്‍ജിക്കല്‍ ഓങ്കോളജി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഒരു വര്‍ഷം പുതുതായി കാന്‍സര്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നവരുടെ എണ്ണം 60,000 ആണ്. 2030 ആകുമ്പോള്‍ ഇത് 66,000 ആയി ഉയരാം.
നേരത്തേ കണ്ടെത്തിയാല്‍ പൂര്‍ണമായി ചികില്‍സിച്ച് ഭേദമാക്കാന്‍ കഴിയുന്ന ഒരു അസുഖമാണ് കാന്‍സര്‍.എന്നാല്‍ ചികില്‍സകളെക്കുറിച്ചുള്ള അറിവില്ലായ്മയാണ് രോഗസ്ഥിതി വഷളാക്കുന്നത്.
കാന്‍സര്‍ കൂടുതലുള്ളത് പുരുഷന്മാരിലാണ്. ശ്വാസകോശ കാന്‍സര്‍, ഹെഡ് ആന്‍ഡ് നെക്ക് കാന്‍സര്‍, പ്രോസ്‌റ്റേറ്റ് കാന്‍സര്‍ തുടങ്ങിയവയാണ് പുരുഷന്മാരെ കൂടുതലായും പിടിപെടുന്നത്. സ്തനാര്‍ബുദം, തൈറോയ്ഡ് കാന്‍സര്‍ എന്നിവയാണു സ്ത്രീകളില്‍ കൂടുതലായുള്ളത്. ഒരു ലക്ഷം സ്ത്രീകളില്‍ 15,000 പേര്‍ക്കും സ്തനാര്‍ബുദമുണ്ട്. ഇതില്‍ 10,000 പേര്‍ക്കും ശസ്ത്രക്രിയ ആവശ്യമുണ്ട്.
കാന്‍സര്‍ പ്രതിരോധവും,നേരത്തയുള്ള പരിശോധനയും
സ്ത്രീകളില്‍ ഏറ്റവും എളുപ്പം സ്‌ക്രീന്‍ ചെയ്യാവുന്ന കാന്‍സര്‍ സര്‍വിക്കല്‍ കാന്‍സറാണ്. പാപ്‌സ്മിയര്‍ പരിശോധനയിലൂടെ ഇതു നേരത്തെ കണ്ടെത്താം. ഓരോ മൂന്നു വര്‍ഷം കൂടുമ്പോള്‍ ഈ പരിശോധന നടത്താം.
സ്തനാര്‍ബുദം കണ്ടെത്താന്‍ 50 വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ വര്‍ഷത്തിലൊരിക്കല്‍ ഒരു മാമോഗ്രാം എടുത്തു നോക്കുക.
കൊളാണോ സ്‌കോപ്പി ചെയ്തു പുരുഷന്‍മാരിലെയും സ്ത്രീകളിലെയും വന്‍കുടലിലെ കാന്‍സര്‍ കണ്ടെത്താം. ഇതാകട്ടെ പത്തു വര്‍ഷത്തിലൊരിക്കല്‍ ചെയ്താല്‍ മതി. മൈക്രോസ്‌കോപ്പിലൂടെ മാത്രം കാണാവുന്ന, മലത്തിനകത്തു കൂടി രക്തം പോകുന്നുണ്ടോ എന്നറിയാനുള്ള സ്റ്റൂള്‍ ഒക്കാള്‍ട്ട് ടെസ്റ്റ് എല്ലാ വര്‍ഷവും ചെയ്യാം. അല്ലെങ്കില്‍ സിഗ്മോയ്‌ഡോ സ്‌കോപ്പി ആണെങ്കില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ചെയ്താല്‍ മതി.
ബ്ലീഡിങ് കാണുമ്പോള്‍ പലരും പൈല്‍സ് ആണെന്നു കരുതുന്നു. ഒന്ന് രണ്ടു മാസമായി ബ്ലീഡിങ് ഉള്ളവര്‍ സ്വയം ചികിത്സിക്കാതെ ലക്ഷണം കാണുമ്പോള്‍തന്നെ എന്തു രോഗമാണെന്നു കണ്ടെത്തി ചികിത്സ തേടാന്‍ ശ്രദ്ധിക്കണം.
കോളന്‍ കാന്‍സറിനും ലങ് കാന്‍സറിനും സ്‌ക്രീനിങ് ഉണ്ട്. ലങ് കാന്‍സറിന്റെ സ്‌ക്രീനിങ് എല്ലാവര്‍ക്കും ചെയ്യേണ്ട കാര്യമില്ല. ഹെവി സ്‌മോക്കേഴ്‌സ് ആയിട്ടുള്ള ആള്‍ക്കാര്‍ക്ക് ലോഡ് ഓഫ് സിടി സ്‌കാന്‍ ചെയ്തു കഴിഞ്ഞാല്‍ ലങ് കാന്‍സര്‍ നേരത്തെ കണ്ടു പിടിക്കാനും ചികിത്സിക്കാനും ലങ് കാന്‍സര്‍ മൂലമുണ്ടാകുന്ന മരണങ്ങള്‍ ഒഴിവാക്കാനും സാധിക്കും.പുരുഷന്‍മാരില്‍ പ്രോസ്‌ട്രേറ്റ് കാന്‍സറിനും സ്‌ക്രീനിങ് ഉണ്ട്.
വായ്ക്കകത്ത് അള്‍സര്‍ ഉള്ളവര്‍ പ്രത്യേകിച്ച് രണ്ടു ആഴ്ചയില്‍ കൂടുതല്‍ അത് ഉണങ്ങാതെ നില്‍ക്കുകയാണെങ്കില്‍ അതിനോടനുബന്ധിച്ച് കഴുത്തിലോ ലിംഫ് ഗ്ലാന്റുകള്‍ വീര്‍ത്തിരിപ്പുണ്ടെങ്കില്‍ ഡോക്ടറെ കണ്ടു പരിശോധിപ്പിച്ചു കാന്‍സര്‍ അല്ലെന്ന് ഉറപ്പാക്കണം.
കണ്ണാടിയുടെ മുന്‍പില്‍ പോയി നിന്നിട്ട് വായ തുറന്ന് ചുണ്ടു മുതല്‍ അണ്ണാക്ക് വരെ സ്വന്തമായിട്ട് പരിശോധിക്കാം. മാസത്തില്‍ ഒരിക്കലെങ്കിലും ഇതു ചെയ്തു നോക്കാം. എന്തെങ്കിലും വൃണമോ നിറം ഉണ്ടോ പ്രത്യേകിച്ച് തൂത്തു കളഞ്ഞാല്‍ പോകാത്ത പാടുകള്‍ എന്തെങ്കിലും ഉണ്ടോ പ്രത്യേകിച്ചും വെള്ള പാടുകള്‍ ഉണ്ടോ എന്നു സ്വയം പരിശോധിച്ചറിയാം.
സ്ത്രീകള്‍ക്ക് സ്വയം സ്തനപരിശോധന നടത്തി നോക്കാവുന്നതാണ്. എങ്ങനെയാണ് അതിരിക്കുന്നത് അതിന്റെ ഷേപ്പ്, ടെക്‌സ്ചര്‍, ബ്രസ്റ്റിന്റെ നിപ്പിള്‍ എങ്ങനെയാണ് എന്നറിഞ്ഞിരിക്കണം. ഒരു കണ്ണാടിയുടെ മുന്‍പില്‍ കൈകള്‍ രണ്ടും ഒരുപോലെ വച്ചും ഉയര്‍ത്തിയും നിപ്പിള്‍ രണ്ടും ഒരേ ലെവലില്‍ ആണോ, അകത്തേക്ക് കുഴിഞ്ഞിട്ടുണ്ടോ, എന്തെങ്കിലും നിപ്പിള്‍ ഡിസ്ചാര്‍ജ് ഉണ്ടോ എന്ന് നോക്കണം. അതോടൊപ്പം തന്നെ എവിടെയെങ്കിലും മുഴകള്‍ ഉണ്ടോ എന്ന് നോക്കണം. ബ്രസ്റ്റിന്റെ എവിടെയെങ്കിലും കുഴിവുകള്‍ ഓറഞ്ചിന്റെ തൊലി പോലെ നീരു വന്നിട്ടുള്ള ചെറിയ ചെറിയ കുഴികള്‍ വന്നിട്ടുണ്ടോ എന്നു നോക്കണം. അതോടൊപ്പം ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇടതു സ്തനം വലതു കൈകൊണ്ടും വലതുസ്തനം ഇടതു കൈകൊണ്ടും നമ്മള്‍ തന്നെയാണ് പരിശോധിക്കേണ്ടത്.
സ്‌ക്രീനിങ്ങിന്റെ ലക്ഷ്യം രോഗം നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ച് മരണങ്ങള്‍ ഒഴിവാക്കുക എന്നതാണ്.എന്തെങ്കിലും വ്യത്യാസം കണ്ടാല്‍ തീര്‍ച്ചയായും ഒരു ഡോക്ടറുടെ നിര്‍ദേശം തേടുകയും വേണം.മുപ്പത്തിയഞ്ചു വയസ്സു കഴിഞ്ഞ സ്ത്രീകളും നാല്‍പ്പത് വയസ്സുകഴിഞ്ഞ പുരുഷന്മാരും ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തേണ്ടതാണ്.