നിതീഷ് കുമാറിന് ആഭ്യന്തരം, ആര്‍ജെഡിക്ക് ധനം, ആരോഗ്യം; ബീഹാര്‍ മന്ത്രിസഭ സാധ്യതാപട്ടിക പുറത്ത്
പട്‌ന: ബീഹാര്‍ മന്ത്രിസഭാ വികസനം ഇന്ന് നടക്കും. പതിനൊന്നരയോടെ രാജ്ഭവനിലാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. നിലവില്‍ രണ്ട് പേര്‍ മാത്രമാണ് മന്ത്രിസഭയിലുള്ളത്, മുഖ്യമന്ത്രി നിതീഷ് കുമാറും ഉപമുഖ്യമന്ത്രി നേതാവ് തേജസ്വി യാദവും. മന്ത്രിസഭാ വികസനത്തില്‍ കൂടുതല്‍ പേര്‍ ആര്‍ജെഡിയില്‍നിന്നായിരിക്കും. ജനതാദള്‍ യുനൈറ്റ് നേതാവും മുഖ്യമന്ത്രിയുമായ നിതീഷിനു തന്നെയായിരിക്കും ആഭ്യന്തരം. ആര്‍ജെഡിക്കായിരിക്കും ധനകാര്യവും ആരോഗ്യവും.
കോണ്‍ഗ്രസ്, ജിതന്‍ റാം മാഞ്ചി ഹിന്ദുസ്ഥാനി അവാം മോര്‍ച്ച (എച്ച്എഎം) എന്നിവ ഉള്‍പ്പെടെ വിശാല സഖ്യത്തിന്റെ ഭാഗമായ പാര്‍ട്ടികളില്‍നിന്നുള്ള 31 പേര്‍ മന്ത്രിമാരായി സ്ഥാനമേറ്റെടുക്കും.
ആര്‍ജെഡിക്ക് 15 മന്ത്രിസ്ഥാനം നല്‍കും. കോണ്‍ഗ്രസ്സിന് 2, ജെഡിയുവിന് 12ഉം സ്ഥാനങ്ങള്‍ ലഭിക്കും.
ജെഡിയുവിന് ആഭ്യന്തരത്തിനു പുറമെ വിജിലന്‍സ്, വിദ്യാഭ്യാസം, ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍, ന്യൂനപക്ഷം, ദുരന്തനിവാരണം, സാമൂഹിക്ഷേമം തുടങ്ങിയവ ലഭിക്കും. ധനം, നികുതിവകുപ്പ്, ആരോഗ്യം, റോഡ് നിര്‍മാണം, ദുരന്തനിവാരണം, വനം, പരിസ്ഥിതി എന്നിവ ആര്‍ജെഡിക്കായിരിക്കും.
വിജയ് കുമാര്‍ ചൗധരി, അശോക് ചൗധരി, സഞ്ജയ് ഝാ, മദന്‍ സാഹ്‌നി, ജയന്ത് രാജ്, ഷീല മണ്ഡല്, ബിജേന്ദ്ര യാദവ്, ശ്രാവണ്‍ കുമാര്‍, സുനില്‍ കുമാര്‍, ജമാ ഖാന്‍ എന്നിവരുള്‍പ്പെടെ ജനതാദള്‍ യുനൈറ്റഡിലെ എല്ലാ മന്ത്രിമാരും പുതിയ മന്ത്രിസഭയിലും ഉണ്ടായിരിക്കും.
ആര്‍ജെഡിയില്‍ നിന്ന് തേജ് പ്രതാപ് യാദവ്, സുരേന്ദ്ര യാദവ്, ലളിത് യാദവ്, കുമാര്‍ സര്‍വ്ജീത്, സുരേന്ദ്ര റാം, ഷാനവാസ് ആലം, സമീര്‍ മഹാസേത്, ഭരത് മണ്ഡല്‍, അനിതാ ദേവി, സുധാകര്‍ സിംഗ് എന്നിവരാണ് ക്യാബിനറ്റ് സാധ്യത കല്‍പ്പിക്കുന്നവര്‍.
കോണ്‍ഗ്രസില്‍ നിന്ന് അഫാഖ് ആലം, മുരാരി ലാല്‍ ഗൗതം, എച്ച്എഎമ്മില്‍ നിന്ന് സന്തോഷ് സുമന്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഏക സ്വതന്ത്രനായ സുമിത് കുമാര്‍ സിംഗും സത്യപ്രതിജ്ഞ ചെയ്‌തേക്കും.
ബിഹാര്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രിയടക്കം 36 മന്ത്രിമാരെ ഉള്‍ക്കൊള്ളാം. ഭാവിയിലെ മന്ത്രിസഭാ വികസനത്തിനായി ചില മന്ത്രിസ്ഥാനങ്ങള്‍ ഒഴിച്ചിടുമെന്നും സൂചനയുണ്ട്.
ഈ മാസം ആദ്യം നിതീഷ് കുമാര്‍ ബി.ജെ.പിയില്‍ നിന്ന് പിരിഞ്ഞ് ആര്‍.ജെ.ഡിയും മറ്റ് പാര്‍ട്ടികളും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ആഗസ്റ്റ് 10 നാണ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ആര്‍ജെഡിയുടെ തേജസ്വി യാദവും സത്യപ്രതിജ്ഞ ചെയ്തത്.