എന്‍ഡിഎ യോഗം അവസാനിച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ മോദി ഇന്നുതന്നെ രാഷ്ട്രപതിയെ കാണും
ന്യൂഡല്‍ഹി: പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ ഇന്നുതന്നെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണും. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാനായി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേര്‍ന്ന എന്‍ഡിഎ നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. നരേന്ദ്രമോദിക്കു പുറമെ, ദ്രൗപതി മുര്‍മുവുമായുള്ള കൂടിക്കാഴ്ചയില്‍ ബിജെപിയുടെയും സഖ്യകക്ഷികളുടെയും മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. മൂന്നാം തവണയും പ്രധാനമന്ത്രി പദത്തിലേക്ക് മോദിയുടെ പേര് തന്നെയാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. മോദിക്കു പുറമെ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അമിത് ഷാ എന്നിവരും ടിഡിപി മേധാവി എന്‍ ചന്ദ്രബാബു നായിഡു, ജനതാദളിന്റെ നിതീഷ് കുമാറുമുണ്ടാവും. നായിഡുവിന്റെ ടിഡിപി ആന്ധ്രാപ്രദേശില്‍ 16 ലോക്‌സഭാ സീറ്റുകളും ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെഡിയു 12 സീറ്റുകളുമാണ് നേടിയത്. ഇരുപാര്‍ട്ടികളുടെയും 28 എംപിമാരും മോദി സര്‍ക്കാരിനു തന്നെയാണ് പിന്തുണ നല്‍കുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യാ സംഘം ഇരുവരേയും തങ്ങളോടൊപ്പം ചേര്‍ക്കാന്‍ നീക്കം നടത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് നായിഡുവും നിതീഷ് കുമാറും ചേര്‍ന്ന് മോദിക്ക് പിന്തുണ ആവര്‍ത്തിച്ചത്. അതേസമയം, പുതിയ എന്‍ഡിഎ സര്‍ക്കാര്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്.