നിതീഷ് കുമാറും തേജസ്വി യാദവും ഒറ്റ വിമാനത്തില്‍ ഡല്‍ഹിയിലേക്ക്; കാത്തിരിക്കുന്നത് വമ്പന്‍ ട്വിസ്റ്റോ...?(വീഡിയോ)

Update: 2024-06-05 06:52 GMT

പറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഒറ്റയ്ക്ക് കേവലഭൂരിപക്ഷം ലഭിക്കാതിരുന്നതോടെ രാജ്യതലസ്ഥാനത്ത് ഇന്ന് അതിനിര്‍ണായക ചര്‍ച്ചകള്‍ നടക്കും. അതിനിടെ, സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി) നേതാവ് തേജസ്വി യാദവും ഒറ്റ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇത് അഭ്യൂഹത്തിനും സസ്‌പെന്‍സിനും കാരണമാക്കിയിട്ടുണ്ട്. ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയ്‌ക്കൊപ്പമാണ് നിലവില്‍ നിതീഷ് കുമാറുള്ളത്. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യ മുന്നണിക്കൊപ്പമാണ് തേജസ്വി യാദവുള്ളത്. നിതീഷ് കുമാറിനെയും ആന്ധ്രയിലെ ടിഡിപിയെയും കൂടെച്ചേര്‍ക്കാന്‍ ഇന്‍ഡ്യ സഖ്യം ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ഇരുവരും ഒന്നിച്ച് ഒരേ വിമാനത്തില്‍ യാത്ര ചെയ്യുന്നത് എന്നതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമാക്കിയത്. പറ്റ്‌ന-ഡല്‍ഹി വിസ്താര വിമാനമായ യുകെ 718ലാണ് ഇരുവരും യാത്ര ചെയ്തത്. രാവിലെ 10.40നാണ് ഇരുവരും ഡല്‍ഹിയില്‍ എത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്തിമ ഫലമനുസരിച്ച് ബിജെപി 240 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 99 സീറ്റുകളാണ് നേടിയത്. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സുപ്രധാന സംസ്ഥാനങ്ങളിലെ കനത്ത നഷ്ടമാണ് ബിജെപിയുടെ ഒറ്റകക്ഷി ഭരണമെന്ന് മോഹത്തിന് വിലങ്ങിട്ടത്. 2019ലും 2014ലും ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ യഥാക്രമം 303, 282 സീറ്റുകളാണ് നേടിയിരുന്നത്.

  

അതിനിടെ, സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചുള്ള എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കാന്‍ രാജ്യതലസ്ഥാനത്തേക്ക് പുറപ്പെടുന്നതിന് മുമ്പ്, ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു മാധ്യമങ്ങളുമായും സംസാരിച്ചു. ഇന്ന് ഞാന്‍ ഡല്‍ഹിയിലേക്ക് പോകുന്നു. തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷമുള്ള എന്റെ ആദ്യ വാര്‍ത്താസമ്മേളനമാണിത്. രാഷ്ട്രീയത്തില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായതില്‍ ഞാന്‍ വളരെ സന്തോഷവാനാണ് എന്നായിരുന്നു പ്രതികരണം.

    അയോധ്യയില്‍ ശ്രീരാമന്‍ ഇന്‍ഡ്യ സംഘത്തെ അനുഗ്രഹിച്ചെന്നും അതിനാല്‍ 'മോദി യുഗം' അവസാനിച്ചെന്ന് വളരെ വ്യക്തമാണെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറ്റ്‌നയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപി ഭൂരിപക്ഷത്തില്‍ നിന്ന് ഏറെ അകലെയാണ്. ഭരണഘടനയെ സംരക്ഷിക്കുന്നതില്‍ വലിയ തോതില്‍ വിജയിച്ചതില്‍ ഞങ്ങള്‍ ഏറെ സന്തുഷ്ടരാണ്. ഞങ്ങളുടെ പ്രകടനം വളരെ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തില്‍ ഇന്‍ഡ്യ സഖ്യസര്‍ക്കാരിന് വേണ്ടിയാണോ ശ്രമിക്കുന്നതെന്ന ചോദ്‌യത്തിന് ഞങ്ങള്‍ ശ്രമിച്ചുകൊണ്ടേയിരിക്കും, ശ്രമിച്ചുകൊണ്ടിരിക്കണം, എന്തുകൊണ്ട് പാടില്ലെന്നായിരുന്നു മറുപടി. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സഞ്ചരിച്ച അതേ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇതേ വിമാനത്തില്‍ ഡല്‍ഹിയിലേക്ക് പോവുന്നുണ്ടോ എന്ന് എനിക്കറിയില്ലെന്നായിരുന്നു മറുപടി. തൊട്ടടുത്ത സീറ്റുകളിലായാണ് ഇരുവരും യാത്ര ചെയ്തത്. അതേസമയം, നിതീഷ് കുമാറും ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡുവും ബിജെപി നയിക്കുന്ന എന്‍ഡിഎയില്‍ നിന്ന് അകന്നേക്കാമെന്നും പ്രതികാര രാഷ്ട്രീയത്തോടുള്ള അനിഷ്ടം പങ്കുവച്ചതായും ആര്‍ജെഡി വക്താവ് മനോജ് കുമാര്‍ ഝാ പറഞ്ഞു. ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവും തേജസ്വി യാദവും നിതീഷ് കുമാറുമായി ബന്ധപ്പെട്ടിരുന്നോ എന്ന ചോദ്യത്തിന് മറുപടിയായാണ് ഝായുടെ പരാമര്‍ശം.

    ബുധനാഴ്ച ഉച്ചയ്ക്ക് പ്രധാനമന്ത്രിയുടെ വസതിയില്‍ ചേരുന്ന എന്‍ഡിഎ യോഗം ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അവലോകനവും പുതിയ കേന്ദ്ര സര്‍ക്കാര്‍ രൂപീകരണത്തിന്റെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യും. ബിജെപിയുടെയും മറ്റ് സഖ്യകക്ഷികളുടെയും ഉന്നത നേതാക്കളും പങ്കെടുക്കും. വൈകീട്ട് ആറിന് നടക്കുന്ന ഇന്‍ഡ്യ സഖ്യം യോഗത്തില്‍ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Tags:    

Similar News