പട്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചു. 129 പേരുടെ പിന്തുണയോടെയാണ് എന്‍ഡിഎ പിന്തുണയുള്ള നിതീഷ് കുമാര്‍ വിജയിച്ചത്. അതേസമയം, ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടത് എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ഇറങ്ങിപ്പോയി. 243 അംഗ നിയമസഭയില്‍ 122 സീറ്റുകളാണ് ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യം. നിതീഷ് കുമാര്‍ ഉള്‍പ്പെടെ ജെഡിയുവിന് 45 എംഎല്‍എമാരാണുള്ളത്. എന്‍ഡിഎയിലെ മറ്റൊരു കക്ഷിയായ ബിജെപിക്ക് 78 എംഎല്‍എമാരുണ്ട്. കൂടാതെ, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ നേതൃത്വത്തിലുള്ള ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയുടെ നാല് എംഎല്‍എമാരും സഖ്യത്തിലുണ്ട്.
സ്പീക്കര്‍ അവധ് ബിഹാരി ചൗധരിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ ശേഷമാണ് വിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ് നടപടികള്‍ ആരംഭിച്ചത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനു പിന്നാലെ സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. സ്പീക്കറെ നീക്കുന്നതിനെ അനുകൂലിച്ച് 125 എംഎല്‍എമാരാണ് വോട്ട് ചെയ്തതത്. എന്നാല്‍, വിശ്വാസ വോട്ടെടുപ്പില്‍ അതിനേക്കാള്‍ നാല് വോട്ട് എന്‍ഡിഎയ്ക്ക് അധികം ലഭിച്ചു. അതേസമയം, മുന്‍ സഖ്യകക്ഷിയായ രാഷ്ട്രീയ ജനതാദളിനെതിരേ നിതീഷ്‌കുമാര്‍ രൂക്ഷമായി വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാന ഭരണകാലത്ത് അഴിമതി നടത്തിയെന്നും നിലവിലെ എന്‍ഡിഎ സര്‍ക്കാര്‍ ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.