അമിത പുകവലിക്കാര്‍ ശ്രദ്ധിക്കുക; നിങ്ങള്‍ ആമവാതത്തിന്റെ പിടിയില്‍ അമര്‍ന്നേക്കാം
റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം തിരിച്ചറിഞ്ഞ് ഉടന്‍ ചികില്‍സ ആരംഭിച്ചാല്‍ ആഘാതം കുറയ്ക്കാമെന്ന് കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ആന്റ് പീഡിയാട്രിക് റുമറ്റോളജിസ്റ്റ് ഡോ.സുമ ബാലന്‍
നിങ്ങള്‍ അമിതമായി പുകവലിക്കുന്നവരാണോ. എങ്കില്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാരണം നിങ്ങളെ ഒരു പക്ഷേ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം പിടികൂടിയേക്കാമെന്നാണ് ആരോഗ്യവിദഗ്ദരുടെ മുന്നറിയിപ്പ്. അമിതമായി പുകവലിക്കുന്നവര്‍ക്ക് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിനുള്ള സാധ്യതയേറെയാണെന്ന് കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷ്യന്‍ ആന്റ് പീഡിയാട്രിക് റുമറ്റോളജിസ്റ്റ് ഡോ.സുമ ബാലന്‍ മുന്നറിയിപ്പ് നല്‍കുന്നു.
റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് അഥവാ ആമവാതം എന്താണെന്ന് മനസ്സിലാക്കുന്നതും രോഗനിര്‍ണയവും ഒരാളുടെ ആരോഗ്യത്തെ നിയന്ത്രിക്കാന്‍ തന്നെ സഹായിച്ചേക്കുമെന്നും ഡോ.സുമ ബാലന്‍ വ്യക്തമാക്കി.റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിനെ മുഴുവനായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കില്ലെങ്കിലും കഴിഞ്ഞ 10 വര്‍ഷമായി ഇതിനുള്ള ചികില്‍സാ രീതികളില്‍ വളരെയേറെ പുരോഗതിയുണ്ടായിട്ടുണ്ട്. കൂടുതല്‍ കൃത്യതയോടെയുള്ള നൂതന തെറാപ്പികള്‍ വേദന കുറയ്ക്കുകയും ഉന്മേഷത്തോടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സഹായിക്കുകയും ചെയ്യുന്നു. രോഗം കണ്ടെത്തിയ ഒരാളില്‍ കാലതാമസം കൂടാതെ ഉടനടി ചികില്‍സ ആരംഭിക്കുന്നത് സന്ധികളിലും ശരീരത്തിന്റെ ആകെ ആരോഗ്യത്തിലും ഉണ്ടാകാനിടയുള്ള ആഘാതത്തിന്റെ ശേഷി കുറയ്ക്കാന്‍ സഹായിക്കും.
സന്ധികളിലുണ്ടാകുന്ന വിട്ടുമാറാത്ത കടുത്ത നീര്‍ക്കെട്ടാണ് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്. ഇതു മൂലം സന്ധികളില്‍ വേദന, വീക്കം എന്നിവയുണ്ടാകും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കൈകാലുകള്‍ക്ക് കഠിനമായ വേദനയും അനുഭവപ്പെടാം. ശരീരത്തിലെ മിക്കവാറും എല്ലാ പ്രധാന സന്ധികളെയും ബാധിക്കുന്ന രോഗമാണ് റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്. ആമവാതത്തിനുള്ള ചികില്‍സയ്ക്കായി പുതിയ മരുന്നുകള്‍ കണ്ടെത്തിയതും ബയോസിമിലേഴ്‌സ് മരുന്നുകളുടെ ലഭ്യതയും ഈ രംഗത്ത് സമീപകാലത്തുണ്ടായ മുന്നേറ്റങ്ങളാണ്. ഇതിലൂടെ കൂടുതല്‍ ഫലപ്രദമായ ചികില്‍സ വളരെ കുറഞ്ഞ ചിലവില്‍ രോഗികള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ടെന്നും ഡോ.സുമ ബാലന്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രത്യേക ചികില്‍സ ആവശ്യമുള്ള രോഗികളെ തിരിച്ചറിയാനും ഓരോ ഘട്ടത്തിലെയും ചികില്‍സകള്‍ ക്രമീകരിക്കാനും സൗകര്യങ്ങളുണ്ട്. ബയോളജിക്കല്‍ തെറാപ്പികളിലൂടെയുള്ള പ്രാഥമിക ചികില്‍സയ്ക്ക് ശേഷം, ഇന്‍ഫ്‌ളമേറ്ററി ആര്‍ത്രൈറ്റിസ് ഉള്ള രോഗികളെ പ്രത്യേകമായി കൈകാര്യം ചെയ്യുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് ഏറെ സഹായകരമാണ്.രോഗികളില്‍ ഓസ്റ്റിയോപൊറോസിസ്, ആതെറോസ്‌ക്ലെറോസിസ് തുടങ്ങിയ അപകട ഘടകങ്ങളുടെ പങ്കും തിരിച്ചറിയാന്‍ സാധിക്കുന്നു. രോഗികളിലെ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള മികച്ച ചികില്‍സാ രീതികളും വികസിപ്പിച്ചെടുത്തിട്ടുണ്ട്. രോഗബാധിതര്‍ റുമറ്റോളജിസ്റ്റുമായി സംസാരിച്ചാല്‍ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസിനുള്ള ഏറ്റവും പുതിയ ചികിത്സാ രീതികളെക്കുറിച്ച് മനസ്സിലാക്കാവുന്നതാണ്.
ചികിത്സാ പദ്ധതി ക്രമീകരിക്കുന്നതിന്റെ ഗുണങ്ങളും അപകടസാധ്യതകളും രോഗികളെ ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ അവര്‍ക്ക് നിങ്ങളെ സഹായിക്കാനാകുമെന്നും ഡോ.സുമ ബാലന്‍ പറയുന്നു.റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ആര്‍ക്കൊക്കെയാണ് വരുകയെന്ന് ചോദിച്ചാല്‍ പ്രായം മുതല്‍ ജീവിതശൈലി വരെ ഈ രോഗം വരാനുള്ള പ്രധാന ഘടകങ്ങളാണെന്നും ഡോ.സുമ ബാലന്‍ പറയുന്നു. സാധാരണയായി ഈ രോഗം മധ്യവയസ്സില്‍ ആരംഭിക്കുന്നതാണ്. പ്രായമായവരില്‍ കൂടുതല്‍ ഗുരുതരമാകുന്ന ആമവാതം ഇന്ന് കുട്ടികളിലും ചെറുപ്പക്കാരിലും ഇന്ന് കണ്ടു വരുന്നുണ്ട്. ഈ രോഗം ബാധിക്കുന്നവരില്‍ 75 ശതമാനത്തോളവും സ്ത്രീകളാണ്. എന്നാല്‍ ഇതിനുള്ള കാരണം ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നും ഡോ.സുമ ബാലന്‍ പറഞ്ഞു.
പാരമ്പര്യമായുള്ള രോഗസാധ്യത നോക്കിയാല്‍ റുമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് ഉള്ള ഒരു വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്കോ ബന്ധുക്കള്‍ക്കോ മറ്റുള്ളവരെ അപേക്ഷിച്ച് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ പാരമ്പര്യമുള്ള എല്ലാവര്‍ക്കും രോഗം വരണമെന്നില്ല. രോഗത്തിനുള്ള സാധ്യതയും ഒരാളുടെ ജീവിത ശൈലിയും പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. പുകവലിയാണ് ഇതില്‍ ഏറ്റവും അപകടകരമെന്നും ഡോ.സുമ ബാലന്‍ വ്യക്തമാക്കുന്നു. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് പോലെ സന്ധികളിലെ തേയ്മാനം കാരണം റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് ഉണ്ടാകില്ല. ഇതൊരു ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്. രോഗങ്ങള്‍, ബാക്ടീരിയകള്‍, വൈറസുകള്‍ എന്നിവയ്‌ക്കെതിരെ ശരീരത്തിന്റെ സംരക്ഷകനായി പ്രവര്‍ത്തിക്കുന്ന രോഗപ്രതിരോധ സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും ശരീരത്തിലെ സാധാരണ കോശങ്ങളെയും ശരീരത്തിന് ദോഷകരമായ നുഴഞ്ഞുകയറ്റ കോശങ്ങളെയും തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നുമാണ് ഇതിനര്‍ഥം.
ആമവാതം ഉള്ള ഒരു വ്യക്തിയില്‍ തകരാറിലായ രോഗപ്രതിരോധ ശേഷി നേര്‍വിപരീതമായി സന്ധികള്‍ക്ക് ചുറ്റുമുള്ള ആരോഗ്യകരമായ ടിഷ്യുവിനെ ആക്രമിക്കുകയാണ് ചെയ്യുന്നത്. അതേസമയം തന്നെ ഈ ആക്രമണത്തെ ചെറുക്കാനും നേരിടാനും ശരീരം വളരെയധികം കോശങ്ങളെ ഉപയോഗിക്കുന്നു. ഇതിന്റെ ഫലമായാണ് സന്ധികളില്‍ വേദനയും വീക്കവും ഉണ്ടാകുന്നത്. ശരിയായി ചികില്‍സിച്ചില്ലെങ്കില്‍ ഈ പ്രക്രിയ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി വ്യാപിക്കുകയും ശ്വാസകോശം, കണ്ണുകള്‍, ഹൃദയം തുടങ്ങിയ അവയവങ്ങളെ ബാധിക്കുകയും ചെയ്യുമെന്നും ഡോ.സുമ ബാലന്‍ വ്യക്തമാക്കുന്നു.
ഇന്ന് ഇന്ത്യയില്‍ ജനസംഖ്യയുടെ അഞ്ചിലൊന്ന് ആളുകള്‍ വാതരോഗവുമായി ബന്ധപ്പെട്ട വേദന അനുഭവിക്കുന്നുണ്ട്്, ഇത് പ്രധാനമായും ജീവിതശൈലി, തൊഴില്‍, മാനസിക സമ്മര്‍ദ്ദം, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്നിവയുമായി ബന്ധപ്പെട്ടാണ്. ഇതില്‍ സ്ത്രീകളും പ്രായമായവരുമാണ് കൂടുതല്‍ കഷ്ടപ്പെടുന്നത്. റുമറ്റോയിഡ് ആര്‍ത്രൈറ്റിസ് പോലുള്ള വാതരോഗങ്ങള്‍ ഉള്ളവരില്‍ ഏകദേശം 10 ശതമാനത്തോളം പേരും ഏറെ മോശമായ അവസ്ഥയിലെത്തിയതും വേദനാജനകവുമായ സന്ധിവാതമുള്ളവരാണ്. വിദഗ്ധനായ ഒരു റുമറ്റോളജിസ്റ്റിന്റെ സേവനം തേടുന്നത് ഒരു വ്യക്തിയെ അവരുടെ സാധാരണ ജീവിത രീതിയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ സഹായകരമാകുമെന്നും ഡോ.സുമ ബാലന്‍ പറഞ്ഞു.