കൈ കഴുകിയില്ലെങ്കില്‍ ഇപ്പോ എന്താ?

വര്‍ഷാവര്‍ഷം അഞ്ചു വയസ്സിന് താഴെയുള്ള ഏകദേശം പതിനെട്ട് ലക്ഷത്തോളം കുട്ടികള്‍ വയറിളക്കം, ന്യൂമോണിയ എന്നിവ മൂലം മരണപ്പെടുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.

Update: 2019-01-11 10:12 GMT

ചില ചെറിയ കാര്യങ്ങള്‍ക്ക് നമ്മുടെ ആരോഗ്യത്തില്‍ ഉള്ള പങ്ക് പലപ്പോളും ചിന്തിക്കുന്നതിനേക്കാള്‍ വലുതായിരിക്കും. അത്തരത്തില്‍ ഒന്നാണ് കൈകള്‍ വൃത്തിയായി കഴുകുന്ന ശീലം. ഇതിപ്പോള്‍ ആര്‍ക്കാണ് അറിയാത്തത് എന്ന് തോന്നിയേക്കാം. എന്നാല്‍ കാര്യങ്ങള്‍ അത്ര ലളിതമല്ല.

വര്‍ഷാവര്‍ഷം അഞ്ചു വയസ്സിന് താഴെയുള്ള ഏകദേശം പതിനെട്ട് ലക്ഷത്തോളം കുട്ടികള്‍ വയറിളക്കം, ന്യൂമോണിയ എന്നിവ മൂലം മരണപ്പെടുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇവയില്‍ അധികവും സംഭവിക്കുന്നത് ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളിലാണ്. ഇവയില്‍ അന്‍പത് ശതമാനത്തോളം മരണങ്ങള്‍ ശരിയായ കൈകഴുകല്‍ ശീലം ഉണ്ടെങ്കില്‍ മാത്രം തടയാന്‍ കഴിയും എന്നാണ് കണക്കുകള്‍ പറയുന്നത്.

നോക്കൂ കൈ കഴുകുന്നത് പോലെ തികച്ചും പ്രാഥമികമായ ഒരു ആരോഗ്യ ശീലത്തിന് മാത്രം ഇത്രയും ജീവനുകള്‍ രക്ഷിക്കാന്‍ കഴിയും. ഇത് കേവലം വയറിളക്കത്തിന്റെയോ ന്യൂമോണിയയുടെയോ മാത്രം കാര്യമല്ല എല്ലാ പകര്‍ച്ചവ്യാധികളുടെയും വ്യാപനം തടയുന്നതിലും കൈ കഴുകുന്ന ശീലത്തിന് മുഖ്യമായ പങ്കുണ്ട്.

എപ്പോഴൊക്കെയാണ് കൈകള്‍ കഴുകേണ്ടത് ?

-ടോയ്‌ലെറ്റ് ഉപയോഗിച്ച ശേഷമോ നാപ്കിന്‍ മാറ്റിയ ശേഷമോ

-ഭക്ഷണം പാകം ചെയ്യും മുമ്പും ശേഷവും

-ഭക്ഷണം കഴിക്കുന്നതിന് മുന്നേയും ശേഷവും

-രോഗികളുമായി ഇടപഴകിയ ശേഷം.

-പൊതു ഇടങ്ങള്‍ സന്ദര്‍ശിച്ച ശേഷം.

-മാലിന്യം നിര്‍മ്മാര്‍ജ്ജനം ചെയ്ത ശേഷം.

-പുറം പണികളില്‍ ഇടപെട്ട ശേഷം.

-വളര്‍ത്തു മൃഗങ്ങളുമായി ഇടപെടുമ്പോളും ശേഷവും.

ഇനി ചോദ്യമിതാണ് ഇന്ന് ഭക്ഷണം കഴിക്കുന്നതിന് മുമ്പ് നിങ്ങളില്‍ എത്ര പേര്‍ വൃത്തിയായി കൈകള്‍ കഴുകിയിട്ടുണ്ടായിരുന്നു? 

Tags:    

Similar News