വൈദ്യശാസ്ത്ര സാങ്കേതിക വിദ്യകള്‍ ലക്ഷ്യമിടുന്നത് കുറഞ്ഞ ചെലവിലുള്ള വിദഗ്ധ ചികില്‍സ : ഐസിസികെ
ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങള്‍ ഇല്ലാതാക്കുന്നതിന് ആരോഗ്യ മേഖല ബഹുമുഖ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് ഐസിസികെ പ്രസിഡന്റ് ഡോ .പി മംഗളാനന്ദന്‍ പറഞ്ഞു
കൊച്ചി: ഹൃദയാഘാതം അടക്കമുള്ള ഹൃദ്രോഗങ്ങളുടെ പ്രതിരോധം, നിര്‍ണ്ണയം ,ചികില്‍സാ എന്നിവയിലെ നൂതന ശാസ്ത്ര മുന്നേറ്റങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജിയുടെ വാര്‍ഷിക സമ്മേളനം കൊച്ചിയില്‍ നടന്നു. ഐസിസികെ പ്രസിഡന്റ് ഡോ .പി മംഗളാനന്ദന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകുന്ന ഘടകങ്ങള്‍ ഇല്ലാതാക്കുന്നതിന് ആരോഗ്യ മേഖല ബഹുമുഖ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.രക്തത്തിലെ പഞ്ചസാരയുടെ അളവ്, കൊളസ്ട്രോള്‍, അമിതഭാരം, അനാരോഗ്യകരമായ ഭക്ഷണശൈലി, ജീവിത രീതികള്‍ എന്നിവയെ സംബന്ധിച്ച് നിരന്തരമായ ബോധവല്‍കരണ പരിപാടികള്‍ ആവശ്യമാണ്. ഉയര്‍ന്ന അപകട സാധ്യതയുള്ള ജനവിഭാഗത്തെ വേര്‍തിരിച്ച് അറിയാനുള്ള കര്‍മ്മ പരിപാടികളും ആവിഷ്‌കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആധുനിക ചികില്‍സാ സാങ്കേതിക വിദ്യകള്‍, ചെലവു കുറവും അതേ സമയം മികച്ച പരിചരണം ഉറപ്പു നല്‍കുന്നതുമാണ്. ഇന്‍ട്രാ വാസ്‌കുലാര്‍ അള്‍ട്രാ സൗണ്ട് (ഐവിയുഎസ്),ഒപ്റ്റിക്കല്‍ കൊഹിയറന്‍സ് ടോമോഗ്രഫി (ഒസിടി) എന്നിവ രക്തക്കുഴലുകളുടെ ഉള്‍വശം കാണുന്നതിന് ഹ്യദ്രോഗ വിദഗ്ധരെ സഹായിക്കുന്നു.രോഗിയില്‍ കണ്ടെത്തുന്ന എല്ലാ ബ്ലോക്കുകള്‍ക്കും ആന്‍ജിയോപ്ലാസ്റ്റി ആവശ്യമില്ല. ബ്ലോക്കുകളുടെ തീവ്രത വിലയിരുത്താന്‍ ഇന്ന് ഫ്രാക്ഷനല്‍ ഫ്ളോ റിസേര്‍വ് (എഫ്എഫ്ആര്‍) പോലുള്ള ഫിസിയോളജി ഉപകരണങ്ങള്‍ ഉണ്ട്. ബ്ലോക്കുകളുടെ കാഠിന്യമളന്ന് ആന്‍ജിയോപ്ലാസ്റ്റി ആവശ്യമാണോ അതോ മരുന്നുകള്‍ മതിയോ എന്ന് ഇത് വഴി തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഒന്നിലധികം ബ്ലോക്കുകളുള്ള കേസുകളില്‍ ഇന്‍സ്റ്റന്റ് വേവ് ഫ്രീ റേഷ്യോ (ഐഎഫ്ആര്‍) വഴി ഇന്റര്‍വെന്‍ഷന് ആവശ്യമായ കഠിനമായ ബ്ലോക്കുകള്‍ കണ്ടെത്തി ചികില്‍സിക്കാം. ചികില്‍സയുടെ കൃത്യത കൂടുന്നതനുസരിച്ച് ചികില്‍സാ ചെലവ് കുറഞ്ഞു വരികയാണെന്ന് ഡോ. പി മംഗളാനന്ദന്‍ പറഞ്ഞു.ഡോ. എസ് എസ് ബിനു, ഡോ. കെ പി ബാലകൃഷ്ണന്‍, ഡോ. വിനോദ് തോമസ്, ഡോ. ടി ആര്‍ രഘു സംസാരിച്ചു.മുന്നുറിലധികം വിദഗ്ദ്ധ കാര്‍ഡിയോജിസ്ററുകളും, ഗവേഷകരും, ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരും സമ്മേളനത്തില്‍ പങ്കെടുത്തു.