കാര്‍ഡിയോ വാസ്‌കുലാര്‍ സാങ്കേതിക വിദഗ്ധരുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കം
കാര്‍ഡിയോ വാസ്‌കുലാര്‍ ചികില്‍സാ രംഗത്തെ അതിനൂതന ഇമേജിങ്ങ് സാങ്കേതിക വിദ്യകളും കീറിമുറിക്കലുകള്‍ ഇല്ലാത്ത ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളും രണ്ടു ദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യും.
കൊച്ചി: കാര്‍ഡിയോ വാസ്‌കുലാര്‍ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്‍വേസിവ് കാര്‍ഡിയോ വാസ്‌കുലാര്‍ പ്രൊഫഷണല്‍സ് (എസ്‌ഐസിപി) കേരള ഘടകത്തിന്റെ വാര്‍ഷിക സമ്മേളനം കോവളത്ത് ആരംഭിച്ചു.കാര്‍ഡിയോ വാസ്‌കുലാര്‍ ചികില്‍സാ രംഗത്തെ അതിനൂതന ഇമേജിങ്ങ് സാങ്കേതിക വിദ്യകളും കീറിമുറിക്കലുകള്‍ ഇല്ലാത്ത ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളും രണ്ടു ദിവസത്തെ സമ്മേളനം ചര്‍ച്ച ചെയ്യും.എം വിന്‍സെന്റ് എംഎല്‍എ സമ്മേളനം ഉദ്ഘാടനം ചെയ്തു.എസ്‌ഐസിപി പ്രസിഡന്റ് എസ് അനില്‍കുമാര്‍, ജോഷി കെ ജോസഫ്, ഓര്‍ഗനൈസിങ് സെക്രട്ടറി രശ്മി മോഹന്‍, ജോജോ ഏലിയാസ് ജോണ്‍, ജിജിന്‍ നാഥ്, ജിബിന്‍ തോമസ് തരിയന്‍ സംസാരിച്ചു.
അതി സങ്കീര്‍ണമായ ഹൃദ്രോഗങ്ങള്‍ ഉള്‍പ്പടെ കൃത്യമായ രോഗനിര്‍ണ്ണയം ശസ്ത്രക്രിയ എന്നിവയ്ക്ക് നേരിയ കുഴലുകള്‍ രോഗഭാഗത്തേക്ക് കടത്തിവിട്ടിട്ടുള്ള കാത്തിറ്റര്‍ ചികില്‍സ സമ്പ്രദായങ്ങള്‍ ഏറ്റവും പ്രചാരമുള്ള രോഗനിര്‍ണ്ണയചികില്‍സാ രീതികളായി മാറിയിട്ടുണ്ടെന്ന് ഓര്‍ഗനൈസിംഗ് സെക്രട്ടറി രശ്മി മോഹന്‍ പറഞ്ഞു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ നൂതന കത്തീറ്ററൈസേഷന്‍ ചികില്‍സാ സംവിധാനമുള്ളത് കേരളത്തിലാണ്. ആധുനിക കത്തീറ്റര്‍ അധിഷ്ഠിത മിനിമലി ഇന്‍വേസിവ് ചികില്‍സ ഇമേജിംഗ് ടെക്‌നിക്കുകളുമായി സമന്വയിച്ച് ഏറ്റവും ഉയര്‍ന്ന കൃത്യതയില്‍ വേദന കുറച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നു. ആന്തരികാവയവങ്ങളുടെ ത്രിമാന ചിത്രീകരണം വഴി രോഗം ബാധിച്ചിടത്ത് ട്യൂബുകള്‍ കൃത്യമായെത്താനും ചികിത്സ നല്‍കാനും കഴിയും.
ഏറ്റവും സങ്കീര്‍ണ്ണമായ കാര്‍ഡിയാക് കേസുകള്‍ക്ക് പോലും ഇത്അങ്ങേയറ്റം കൃത്യത നല്‍കും,രശ്മി മോഹന്‍ പറഞ്ഞു.ഹൃദയധമനി പൂര്‍ണ്ണമായി അടഞ്ഞ് ഉണ്ടാകുന്ന സങ്കീര്‍ണ്ണ ഹൃദ്‌രോഗങ്ങള്‍ (ക്രോണിക് ടോട്ടല്‍ ഒക്ലൂഷന്‍) കാഠിന്യമേറിയ കാല്‍സിഫൈഡ് ബ്ലോക്കുകള്‍ പൊടിച്ച് നീക്കം ചെയ്യുന്ന ഇന്റര്‍വെന്‍ഷണല്‍ സാങ്കേതിക വിദ്യകള്‍ എന്നിവ സംബന്ധിച്ച് ശാസ്ത്ര സെഷനുകള്‍ സമ്മേളനത്തില്‍ നടക്കുന്നുണ്ട്.
നൂതന സാങ്കേതിക വിദ്യയായ ട്രാന്‍സ് അയോര്‍ട്ടിക് വാല്‍വ് ഇംപ്ലാന്റേഷന്‍ (ടാവി)യെ കുറിച്ചുള്ള പ്രത്യേക ചര്‍ച്ചകള്‍ നടക്കും. ഹൃദയധമനിയിലെ രക്തയോട്ടത്തിന്റെ തോതളന്ന് ബ്ലോക്കുകളുടെ കാഠിന്യം നിര്‍ണ്ണയിക്കുന്ന ഫിസിയോളജി സാങ്കേതിക വിദ്യകളും അടഞ്ഞ രക്തക്കുഴലുകളുടെ ഉള്‍വശം ചിത്രീകരിക്കുന്ന കൊറോണറി ഇമേജിങ്ങ് സാങ്കേതിക വിദ്യകളും സമ്മേളനം ചര്‍ച്ച ചെയ്യും. ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി മേഖലയിലെ ശാസ്ത്ര സാങ്കേതിക മുന്നേറ്റങ്ങള്‍ സംബന്ധിച്ച നൂതന അറിവുകള്‍ പങ്കുവെക്കുന്നതാണ് സമ്മേളനം.സമ്മേളനം നാളെ സമാപിക്കും.