സ്വര്‍ണക്കടത്ത്: പ്രതികളെ കോഫേപോസെ പ്രകാരം കരുതല്‍ തടങ്കലില്‍ വെച്ച ഉത്തരവ് ഹൈക്കോടതി ശരിവച്ചു

കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയുടേയും ജലാലിന്റേയും കോഫെപോസ തടങ്കല്‍ ഉത്തരവാണ് ഹൈക്കോടതി ശരിവച്ചത്

Update: 2021-09-23 15:37 GMT

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ കോഫേപോസെ പ്രകാരം കരുതല്‍ തടങ്കലില്‍ വെച്ച ഉത്തരവ് ഹൈക്കോടതി ശരിവച്ചു. കേസിലെ പ്രതികളായ മുഹമ്മദ് ഷാഫിയുടേയും ജലാലിന്റേയും കോഫെപോസ തടങ്കല്‍ ഉത്തരവാണ് ഹൈക്കോടതി ശരിവച്ചത്.കോഫെ പോസ ബോര്‍ഡിന്റെ നടപടി നിയമാനുസൃതമാണന്നും കോടതി വ്യക്തമാക്കി.

കോഫെ പോസ ബോര്‍ഡിന്റെ തടങ്കല്‍ ഉത്തരവ് റദ്ദാക്കണമെന്നും പ്രതികളെ ഹൈക്കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ദേശിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരുടെയും ഭാര്യമാര്‍ സമര്‍പ്പിച്ച ഹരജികളാണ് കോടതി തള്ളിയത്.പ്രതികളുടെ മൊഴികള്‍ക്ക് ശക്തി നല്‍കുന്ന മറ്റു വിവരങ്ങള്‍ കസ്റ്റംസ് കണ്ടെത്തിയിട്ടില്ലെന്നും മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം കോഫെ പോസ ചുമത്തിയ നടപടി തള്ളി ഉത്തരവിടണമെന്നും ഹരജിക്കാര്‍ വാദിച്ചു.

എന്നാല്‍ പ്രതികള്‍ സ്വര്‍ണക്കടത്ത് പതിവാക്കിയവരാണന്നു ഇരുവരുടെയും കുറ്റസമ്മത മൊഴികളില്‍ പറഞ്ഞിട്ടുണ്ടെന്നു കസ്റ്റംസ് വ്യക്തമാക്കി. കോഫേപോസ പ്രകാരം തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്ന ഉത്തരവ് ചോദ്യം ചെയ്തു കോഫേപോസ ബോര്‍ഡില്‍ നല്‍കിയ ഹരജി തള്ളിയതിനെ തുടര്‍ന്നാണ് ഹരജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Tags:    

Similar News