അനസ്‌തേഷ്യാ വിദഗ്ദ്ധരുടെ രാജ്യാന്തര സമ്മേളനം

ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റും, സാര്‍ക്ക് അസോസിയേഷന്‍ ഓഫ് അനസ്‌തേഷ്യോളജിസ്റ്റും ചേര്‍ന്നാണ് മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്

Update: 2022-08-09 13:52 GMT

കൊച്ചി: അനസ്‌തേഷ്യാ വിദഗ്ദ്ധരുടെ 14ാമത് രാജ്യാന്തര സമ്മേളനം ഈ മാസം 12 മുതല്‍ കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ജേക്കബ് എബ്രഹാം പറഞ്ഞു.ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്‌തേഷ്യോളജിസ്റ്റും, സാര്‍ക്ക് അസോസിയേഷന്‍ ഓഫ് അനസ്‌തേഷ്യോളജിസ്റ്റും ചേര്‍ന്നാണ് മൂന്ന് ദിവസത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്. എല്ലാ സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി 1500ലധികം പ്രതിനിധികള്‍ പങ്കെടുക്കും.

12 ന് വൈകുന്നേരം ആറിന് തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പാലിയേറ്റീവ് കെയര്‍ സയന്‍സസ് ഡയറക്ടര്‍ പ്രഫ. ഡോ. എം ആര്‍ രാജഗോപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സംഘടനയുടെ സംസ്ഥാന,സൗത്ത് സോണ്‍ അനസ്‌തേഷ്യ സമ്മേളനങ്ങള്‍ ഇത്തവണ രാജ്യാന്തര സമ്മേളനത്തില്‍ സംയോജിപ്പിച്ച് നടത്താനാണ് തീരുമാനം. പത്ത് വര്‍ഷത്തിലൊരിക്കല്‍ ഒരു സാര്‍ക്ക് രാജ്യത്താണ് സമ്മേളനം നടക്കുക. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ രാജ്യാന്തര മെഡിക്കല്‍ സമ്മേളനം കൂടിയാണിതെന്നെന്നും ഡോ. ജേക്കബ് എബ്രഹാം പറഞ്ഞു.

മൂന്ന് വേദികളിലായി മൂന്ന് ദിവസം നടക്കുന്ന ശാസ്ത്ര പരിപാടികളില്‍ രാജ്യാന്തര ഫാക്കല്‍റ്റികളും വിദഗ്ധരും ഗവേഷകരും സംസാരിക്കും. അനസ്‌തേഷ്യോളജി മേഖലയിലെ 120ലധികം പ്രസക്തമായ വിഷയങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തുമെന്നും ഡോ. ജേക്കബ് എബ്രഹാം പറഞ്ഞു. യുവ അനസ്‌തേഷ്യോളജിസ്റ്റുകള്‍ക്കും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുന്നതിനായി എട്ട് സുപ്രധാന ശില്‍പശാലകള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

വിട്ടുമാറാത്ത വേദന കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം നല്‍കുന്നതിനായി ഈ മാസം 11 ന് പ്രീ കോണ്‍ഫറന്‍സ് വര്‍ക്ക് ഷോപ്പ് നടത്തുമെന്നും ഡോ. ജേക്കബ് എബ്രഹാം അറിയിച്ചു.കാര്‍ഡിയാക് അനസ്‌തേഷ്യ, പ്രസവചികില്‍സ അനസ്‌തേഷ്യ, ട്രാന്‍സ്ഫ്യൂഷന്‍, ഗവേഷണ പ്രബന്ധങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ കോണ്‍ഫറന്‍സിന്റെ ആദ്യ ദിവസം ചര്‍ച്ച ചെയ്യും. രണ്ടാം ദിവസം ക്രിട്ടിക്കല്‍ കെയര്‍, തൊറാസിക് അനസ്‌തേഷ്യ, നോണ്‍ഓപ്പറേറ്റിംഗ് റൂം അനസ്‌തേഷ്യ എന്നിവ സുപ്രധാന വിഷയങ്ങളാണ്. പീഡിയാട്രിക്, ട്രാന്‍സ്പ്ലാന്റ്്, ഡെന്റല്‍, മാക്‌സില്ലോഫേഷ്യല്‍, ഓങ്കോ അനസ്‌തേഷ്യ എന്നിവയാണ് മൂന്നാം ദിവസത്തെ പ്രധാന ചര്‍ച്ചകള്‍. സമ്മേളനം ഞായറാഴ്ച സമാപിക്കും.

Tags:    

Similar News