ശ്വാസകോശ രോഗ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനം 21 മുതല്‍ കൊച്ചിയില്‍

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി മൂവായിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഓര്‍ഗനൈസിങ്ങ് ചെയര്‍മാനും കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. സി രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യന്‍ ചെസ്റ്റ് സൊസൈറ്റിയുടെയും നാഷണല്‍ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍സിന്റെയും സംയുക്ത സമ്മേളനമാണിത്.21 ന് വൈകീട്ട് 5.30 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും

Update: 2019-11-19 11:52 GMT

കൊച്ചി:ശ്വാസകോശ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനം ഈ മാസം 21 മുതല്‍ 24 വരെ കൊച്ചിയില്‍ നടക്കും.നാല് ദിവസത്തെ സമ്മേളനത്തിന് കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്താണ് വേദിയാവുന്നത്.വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമായി മൂവായിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഓര്‍ഗനൈസിങ്ങ് ചെയര്‍മാനും കോഴിക്കോട് മെഡിക്കല്‍ കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. സി രവീന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഇന്ത്യന്‍ ചെസ്റ്റ് സൊസൈറ്റിയുടെയും നാഷണല്‍ കോളേജ് ഓഫ് ചെസ്റ്റ് ഫിസിഷ്യന്‍സിന്റെയും സംയുക്ത സമ്മേളനമാണിത്.21 ന് വൈകീട്ട് 5.30 ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. . ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിക്കും.ശ്വാസകോശം, നെഞ്ച് എന്നിവയുടെ വിവിധ രോഗാവസ്ഥകള്‍, ശ്വസന ആരോഗ്യം, വായുവിന്റെ ഗുണനിലവാരം, വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍, എന്നിവയെക്കുറിച്ചുള്ള അനേകം പഠനങ്ങളും ചര്‍ച്ചകളുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്നും ഡോ. സി രവീന്ദ്രന്‍ പറഞ്ഞു.

ശ്വാസകോശ രോഗങ്ങളുടെ നിര്‍ണയവും ചികില്‍സയും മെച്ചപ്പെടുത്തുന്നതിന് ക്ലിനിക്കല്‍ മെഡിസിന്‍ രംഗത്തെ ഗവേഷണത്തിനാണ് സമ്മേളനം പ്രത്യേക പ്രാധാന്യം നല്‍കുന്നത്. നിപ, എച്ച് 1 എന്‍ 1 അണുബാധ, മങ്കി പനി തുടങ്ങിയ രോഗങ്ങളുടെ പശ്ചാത്തലത്തില്‍ ഗവേഷകര്‍ക്ക് വളരെയധികം പ്രാധാന്യമുണ്ട്. ഇന്നത്തെ ഗവേഷണം നാളത്തെ ചികില്‍സ എന്ന പ്രമേയത്തിലാണ് സമ്മേളനമെന്നും ഡോ. സി രവീന്ദ്രന്‍ പറഞ്ഞു. 800 ലധികം പ്രധാന ഗവേഷണ പ്രബന്ധങ്ങള്‍ ഇത്തവണ സമ്മേളനത്തില്‍ സമര്‍പ്പിക്കുന്നുണ്ട്. 35 വയസ്സിന് താഴെയുള്ള ഗവേഷകര്‍ക്ക് യംഗ് സയന്റിസ്റ്റ് അവാര്‍ഡിനായി അവരുടെ സൃഷ്ടികള്‍ അവതരിപ്പിക്കാനും ദേശീയ ശ്രദ്ധ നേടാനും കഴിയും.അന്തരീക്ഷ മലിനീകരണം, ആരോഗ്യ പ്രശ്നങ്ങള്‍, പ്രതിരോധം എന്നീ വിഷയങ്ങളില്‍ പൊതുജനപങ്കാളിത്തത്തോടെ ചര്‍ച്ചകള്‍ ഒന്നാം ദിവസം നടക്കും.ശുചിത്വ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി പൊതു ചര്‍ച്ച ഉദ്ഘാടനം ചെയ്യും. അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് പ്രത്യേക പാനല്‍ ചര്‍ച്ച വെള്ളിയാഴ്ച നടക്കും. അന്തരീക്ഷ വായുവിന്റെ ഗുണ നിലവാരത്തിന് സ്വീകരിക്കേണ്ട വിവിധ നടപടികളെക്കുറിച്ചുള്ള റിപോര്‍ട്ട് സംസ്ഥാന സര്‍ക്കാരിനും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റിനും സമര്‍പ്പിക്കുമെന്നും ഡോ. സി രവീന്ദ്രന്‍ പറഞ്ഞു.

അലര്‍ജി, ഇമ്യൂണോതെറാപ്പി, എക്സ്ട്രാ കോര്‍പറല്‍ ലൈഫ് സപോര്‍ട്ട്, ഫ്ളെക്സിബിള്‍ ബ്രോങ്കോസ്‌കോപ്പി, റിജിഡ് ബ്രോങ്കോസ്‌കോപ്പി, തോറാക്കോസ്‌കോപ്പി ശ്വാസകോശകലകളുടെ സകാറിങ്ങ്, ശ്വാസകോശ ട്രാന്‍സ്പ്ലാന്റ്, പള്‍മണറി ഫംഗ്ഷന്‍ ടെസ്റ്റ്, പള്‍മണറി ഇമേജിംഗ്, പള്‍മണറി റിഹാബിലിറ്റേഷന്‍, റിസര്‍ച്ച് ആന്‍ഡ് ക്ലിനിക്കല്‍ പ്രാക്ടീസ്, ശ്വസന പരാജയം, അസിസ്റ്റഡ് വെന്റിലേഷന്‍, അഡ്വാന്‍സ് പള്‍മണറി ഫംഗ്ഷന്‍, സ്ലീപ് എന്നിവ ഉള്‍ക്കൊള്ളുന്ന 14 സുപ്രധാന ശില്‍പശാലകള്‍ നാപ്കോണ്‍ ആദ്യ ദിവസം നടത്തുന്നുണ്ടെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ. വി രാജേഷ് വി പറഞ്ഞു.അഞ്ച് സമാന്തര ട്രാക്കുകളിലാണ് ശാസ്ത്രീയ സെഷനുകള്‍ നടക്കുക. ആസ്തമ, അലര്‍ജികള്‍, എയര്‍വേ രോഗങ്ങള്‍, ശ്വാസകോശ അര്‍ബുദം, പരിസ്ഥിതി മലിനീകരണ നിയന്ത്രണം, ഡീസല്‍ എക്സ്ഹോസ്റ്റ് പ്രശ്നങ്ങള്‍, വിട്ടുമാറാത്ത ചുമ, ശ്വാസകോശ അണുബാധകള്‍, സ്ത്രീകളിലെ ശ്വാസകോശ രോഗങ്ങള്‍ എന്നിവ ചര്‍ച്ചാ വിഷയമാവും.പുകവലി, ശ്വസന പരാജയം, ക്ഷയം, ന്യുമോണിയ, വിട്ടുമാറാത്ത ശ്വാസകോശരോഗങ്ങള്‍, പരിചരണം, പുനരധിവാസം തുടങ്ങി നിരവധി സിമ്പോസിയങ്ങള്‍ നടക്കും. 350 ലധികം അന്താരാഷ്ട്ര, ദേശീയ ഫാക്കല്‍റ്റികള്‍ പ്രധാന സെഷനുകള്‍ക്ക് നേതൃത്വം നല്‍കും.ഡോ.സണ്ണി ഒരത്തേല്‍, ഡോ. എ ആര്‍ പരമേശ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News