വീടൊരുക്കാം ഗൃഹാതുരത്വം കൈ വിടാതെ;കാവിനിലം ന്യൂജെന്‍ ആയി തിരിച്ച് വരുന്നു
കാവി പൂശിയ തറകളോടു കൂടിയ വീടുകള്‍ നമ്മുടെ ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മകളാണ്. ഒരു കാലത്ത് കാവിനിലങ്ങള്‍ വളരെ ജനപ്രിയമായിരുന്നെങ്കിലും, ഫാന്‍സി ടൈലുകളുടെയും, മാര്‍ബിളുകളുടേയും ആവിര്‍ഭാവത്തോടെ കാവി നമ്മുടെ വീടുകളില്‍നിന്നു പടിയിറങ്ങിയിരുന്നു.എന്നാല്‍ നിരവധി ഇന്റീരിയര്‍ ഡിസൈനര്‍മാര്‍ ഇപ്പോള്‍ ഈ പരമ്പരാഗത ശൈലിയിലുള്ള തറയിലേക്ക് തിരിയുകയാണ്. ഇത് ചെലവു കുറഞ്ഞതും,പരിസ്ഥിതി സൗഹൃദവുമാണ് എന്നതാണ് ഇതിന്റെ കാരണം.വിദേശത്തുനിന്നാണ് ഓക്‌സൈഡുകള്‍ ഇപ്പോള്‍ നമ്മുടെ അടുത്തേക്ക് എത്തുന്നത്. പഴയതില്‍ നിന്നു വ്യത്യസ്തമായി കെമിക്കലുകള്‍ ചേര്‍ത്ത് വളരെ ആകര്‍ഷകമായാണ് ഇവയുടെ നിര്‍മാണം.വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്ന മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവയെ അപേക്ഷിച്ച് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമാണ് എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. മാര്‍ബിള്‍, ഗ്രാനൈറ്റ് എന്നിവയെ അപേക്ഷിച്ച് ഓക്‌സൈഡ് ഫ്‌ലോറിംഗ് അവിശ്വസനീയമാംവിധം ചെലവ് കുറഞ്ഞതാണ്.
പല നിറങ്ങള്‍
പണ്ടു കാലത്ത് രണ്ടു നിറങ്ങളിലുള്ള ഓക്‌സൈഡുകള്‍ മാത്രമേ ലഭ്യമായിരുന്നൊള്ളൂ. ചുവപ്പും കറുപ്പും. എന്നാല്‍ ഇപ്പോള്‍ പല വര്‍ണങ്ങളിലുള്ള ഓക്‌സൈഡുകള്‍ ലഭ്യമാണ്. മുപ്പത്തഞ്ചോളം വ്യത്യസ്ത നിറങ്ങളിലുള്ള ഓക്‌സൈഡുകള്‍ മാര്‍ക്കറ്റിലുണ്ട്. ചുവപ്പില്‍ മാത്രം ഒന്‍പതോളം വ്യത്യസ്ത ഓക്‌സൈഡുകള്‍ ലഭ്യമാണ്. കടും പച്ച, പീക്കോക്ക് നീല ഇങ്ങനെ വ്യത്യസ്തതരം ഓക്‌സൈഡുകള്‍ ഉണ്ട്. ഇതു കൂടാതെ രണ്ടും മൂന്നും ഓക്‌സൈഡുകള്‍ കലര്‍ത്തി നമുക്ക് ഇഷ്ടമുള്ള ഒട്ടേറെ കളറുകള്‍ നിര്‍മിക്കുകയും ആവാം.
പ്രത്യേകതകള്‍
നല്ല തിളക്കമാണ് ഇപ്പോഴത്തെ ഓക്‌സൈഡുകളുടെ ഒരു പ്രത്യേകത. മാത്രമല്ല പുതിയ ഓക്‌സൈഡുകള്‍ ഉപയോഗിച്ച് നിര്‍മിച്ച തറയുടെ മിനുസം അത്ര പെട്ടെന്നൊന്നും പോവുകയുമില്ല. പൊട്ടലുകളൊന്നുമില്ലാതെ വര്‍ഷങ്ങളോളം നിലനില്‍ക്കുമെന്നതും പ്രത്യേകതയാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡിറ്റര്‍ജന്റ് ഉപയോഗിച്ച് ഒരിക്കലും ഓക്‌സൈഡ് ഫ്‌ലോറിങ് ചെയ്ത തറ വൃത്തിയാക്കരുത്. ഇത് ഫ്‌ലോറിന്റെ തിളക്കം നഷ്ടപ്പെടാന്‍ കാരണമാകും.
വീട്ടിനുള്ളിലെ ചൂട് കുറയ്ക്കുന്നതിന് ഓക്‌സൈഡ് ഫ്‌ലോറിംഗ് ഒരു പരിധി വരെ സഹായകമാണ്. ടൈല്‍ അല്ലെങ്കില്‍ ഹാര്‍ഡ് വുഡ് നിലകളേക്കാള്‍ വേനല്‍ക്കാലത്ത് അവ വളരെ തണുപ്പാണ്.
ഓക്‌സൈഡ് ഫ്‌ലോറിംഗ്: ദോഷങ്ങള്‍
ഓക്‌സൈഡ് ഫ്‌ലോറിംഗ് ഇടുന്നത് സമയമെടുക്കുന്നതും അധ്വാനം ആവശ്യമുള്ളതുമായ ഒരു പ്രവര്‍ത്തനമാണ്.വിദഗ്ധരായ ആളുകള്‍ക്ക് മാത്രമേ ഇത് ചെയ്യാന്‍ കഴിയുകയുള്ളൂ.
ശക്തമായ വെയിലില്‍ ഓക്‌സൈഡ് ഫ്‌ലോറിംഗ് പൊട്ടാന്‍ സാധ്യതയുണ്ട്. തല്‍ഫലമായി, ഇത്തരത്തിലുള്ള ഫ്‌ലോറിംഗ് ഇന്റീരിയര്‍ മുറികള്‍ക്കാണ് ഏറ്റവും അനുയോജ്യം
ഉയര്‍ന്ന നിലവാരമുള്ള ഓക്‌സൈഡ് തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം, അല്ലെങ്കില്‍ ഫ്‌ലോറിംഗ് കാലക്രമേണ പാടുകള്‍ വീഴുകയും,നിറം മാറുകയും ചെയ്യും