അടുക്കള ഉപകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന വനിതാ ദിന സന്ദേശം;മാപ്പ് പറഞ്ഞ് ഫ്‌ലിപ്കാര്‍ട്ട്

Update: 2022-03-09 07:20 GMT

വനിതാ ദിനത്തില്‍ അടുക്കള ഉപകരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന പരസ്യ വിപണന പിഴവില്‍ ഫ്‌ലിപ്കാര്‍ട്ട് ക്ഷമാപണം നടത്തി.'പ്രിയ ഉപഭോക്താവേ, ഈ വനിതാ ദിനം നമുക്ക് ആഘോഷിക്കാം,299 രൂപ മുതല്‍ അടുക്കള ഉപകരണങ്ങള്‍ സ്വന്തമാക്കൂ' എന്നായിരുന്നു ഫ്‌ലിപ്പ്കാര്‍ട്ടിന്റെ പരസ്യ വാചകം.



സ്ത്രീകളെക്കുറിച്ചുള്ള നെഗറ്റീവ് സ്റ്റീരിയോടൈപ്പുകള്‍ ഈ സന്ദേശത്തില്‍ ഉണ്ടെന്നും,സ്ത്രീകള്‍ അടുക്കളയില്‍ മാത്രം ഒതുങ്ങേണ്ടവരാണെന്നുമുള്ള സന്ദേശങ്ങളാണ് ഈ പരസ്യം വിഭാവനം ചെയ്യുന്നതെന്നുമുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പരാതിയെ തുടര്‍ന്ന് ഫ്‌ലിപ്കാര്‍ട്ട് മാപ്പ് പറയുകയായിരുന്നു.

കമ്പനിക്കെതിരെ ട്വിറ്ററില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വന്നത്.ഒരു ട്വിറ്റര്‍ ഉപയോക്താവ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കിട്ടു കൊണ്ട് 'നിങ്ങള്‍ക്ക് ഇവിടെ പ്രശ്‌നം കണ്ടെത്താനാകുമോ?' എന്ന് കുറിച്ചു. അയ്യായിരത്തോളം ലൈക്കുകളും, നൂറുകണക്കിന് കമന്റുകളുമാണ് ട്വീറ്റിന് ലഭിച്ചത്.സ്ത്രീകളെ പാചകവും അടുക്കളയുമായി ഉപമിക്കുന്ന ഫ്‌ലിപ്കാര്‍ട്ടിന്റെ വിപണന തന്ത്രം നിന്ദ്യമാണെന്ന് പലരും ചൂണ്ടിക്കാട്ടിയതോടെ സന്ദേശം സോഷ്യല്‍ മീഡിയയുടെ രോഷത്തിന് കാരണമായി.



'ഇത് കുറ്റകരമാണ്,എന്തുകൊണ്ടാണ് സ്ത്രീകളെ അടുക്കള ഉപകരണങ്ങള്‍ കൊണ്ട് മാത്രം തിരിച്ചറിയുന്നത്?ലോകം മുഴുവന്‍ നമ്മുടേതാണ്,തീര്‍ച്ചയായും അടുക്കള നമ്മുടെ ലോകം മുഴുവന്‍ അല്ല!' എന്നായിരുന്നു മറ്റൊരു കമന്റ്.'ഒരു സ്ത്രീയുടെ യഥാര്‍ത്ഥ സ്ഥാനം അടുക്കളയിലാണ്..ഇനി നിങ്ങള്‍ വനിതാ ദിനം ആഘോഷിക്കൂ' എന്നായിരുന്നു പരിഹാസത്തോടെ ഉയര്‍ന്ന മറ്റൊരു ട്വീറ്റ്.



ലിംഗഭേദം നിലനിര്‍ത്തുന്നതിന് നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ ഫ്‌ലിപ്പ്കാര്‍ട്ടിനെ വിമര്‍ശിച്ചു.ലിംഗപരമായ വേഷങ്ങള്‍ പ്രോത്സാഹിപ്പിച്ചും,ലിംഗ വിവേചനങ്ങള്‍ ആഘോഷിച്ചും വനിതാ ദിനം ആഘോഷിക്കുന്നു. വിരോധാഭാസത്തിന് ഒരു നിര്‍വചനം ഉണ്ടെങ്കില്‍ അത് ഇതാണെന്നും ട്വിറ്ററില്‍ ഫ്‌ലിപ്പ്കാര്‍ട്ടിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

വനിതാ ദിന സന്ദേശത്തെ ചുറ്റിപ്പറ്റിയുള്ള വിമര്‍ശനങ്ങള്‍ വര്‍ദ്ധിച്ചതോടെ ഫ്‌ലിപ്കാര്‍ട്ട് ക്ഷമാപണം നടത്തി ട്വീറ്റ് ചെയ്യുകയായിരുന്നു.'ഞങ്ങള്‍ ഖേദിക്കുന്നു,ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല, മുമ്പ് പങ്കിട്ട വനിതാ ദിന സന്ദേശത്തിന് ക്ഷമാപണം നടത്തുന്നു' കമ്പനി ട്വിറ്ററില്‍ കുറിച്ചു.



Tags:    

Similar News