ജെഎൻഎച്ച് കാത്ത്​ലാബ്​ ഉദ്​ഘാടനം ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും

ഹൃദയാഘാതം സംഭവിക്കുന്ന രോഗികൾക്ക്​ അടിയന്തര ചികിത്സ ലഭ്യമാക്കി അവരുടെ ജീവൻ രക്ഷിക്കുന്ന കാത്​ലാബ്​ സംവിധാനം ഭാവിയിൽ ഹൃദ്​ രോഗികൾക്ക്​ കൂടുതൽ ആധുനിക ചികിത്സ ലഭ്യമാക്കുന്നതിൻറെ തുടക്കമാണ്​.

Update: 2019-06-16 02:04 GMT

ജിദ്ദ: ജിദ്ദ നാഷനൽ ഹോസ്​പിറ്റലിൽ പുതുതായി തുടങ്ങുന്ന അത്യാധുനിക കാത്ത്​ ലാബിൻറെ ഉദ്​ഘാടനം ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും. ജൂൺ 16 ഞായറാഴ്​ച രാത്രി എട്ട്​ മണിക്ക്​ ജിദ്ദയിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ ആയിരിക്കും ഉദ്ഘാടന ചടങ്ങെന്ന് ജെ .എൻ.എച്ച്​ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ വി.പി മുഹമ്മദലി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

അഞ്ചോളം കാർഡിയോളജിസ്​റ്റുകളുള്ള ഡിപ്പാർട്ട്​മെൻറിൽ എല്ലാവിധ ആധുനിക ചികിത്സ സംവിധാനവും സജ്ജമാണ്​. ഹൃദയാഘാതം സംഭവിക്കുന്ന രോഗികൾക്ക്​ അടിയന്തര ചികിത്സ ലഭ്യമാക്കി അവരുടെ ജീവൻ രക്ഷിക്കുന്ന കാത്​ലാബ്​ സംവിധാനം ഭാവിയിൽ ഹൃദ്​ രോഗികൾക്ക്​ കൂടുതൽ ആധുനിക ചികിത്സ ലഭ്യമാക്കുന്നതിൻറെ തുടക്കമാണ്​. മലയാളികൾ ഉൾപെടെ നിരവധി ഹൃദ്​രോഗികളാണ്​ ചികിത്സ തേടുന്നത്​. വിവിധ രാജ്യക്കാരായ ഡോക്​ടർമാരുടെ സേവനം ജിദ്ദ നാഷനൽ ഹോസ്​പിറ്റലിൽ ഒരുക്കിയിട്ടുണ്ട്​. രോഗിയുടെ ജീവന്​ ഭീഷണിയാവുന്ന ഹൃദയാഘാതത്തിന്​ എത്രയും വേഗത്തിൽ ചികിത്സ നൽകാൻ കാത്​ലാബ്​ സംവിധാനത്തിലൂടെ സാധിക്കുമെന്ന്​ പുതുതായി ചുമതലയേറ്റ കാർഡിയോളജിസ്​റ്റ്​ മലയാളിയായ ഡോ.ഫാസിൽ ബിഷാറ പറഞ്ഞു.

മറ്റേതൊരു രോഗത്തേക്കാളും വേഗത്തിൽ ജീവനെടുക്കുന്ന ഹൃദയാഘാതം തടയാൻ രക്​ത ധമനികളിലെ തടസ്സങ്ങൾ നീക്കം ചെയ്​ത്​ രോഗിയുടെ സുരക്ഷ ഉറപ്പുവരുത്തുന്ന സംവിധാനമാണിത്​. ആൻജിയോഗ്രാം ടെസ്​റ്റിലൂടെ എന്തു തരം ചികിത്സയാണ്​ രോഗിക്ക്​ വേണ്ടതെന്ന്​ ഉറപ്പുവരുത്താൻ സാധിക്കും. ആൻജിയോഗ്രാം ടെസ്റ്റ്​ നടത്തുന്നവർക്ക്​ ബലൂൺ ശസ്​ത്രക്രിയയാണോ ഹൃദയം തുറന്ന ശസ്​ത്രക്രിയയാണോ വേണ്ടതെന്ന്​ ഇവിടെ തീരുമാനിക്കാം. ആൻജിയോഗ്രാം ടെസ്​റ്റ്​ നടത്തുന്ന രോഗികൾക്ക്​ പല​പ്പോഴും മരുന്ന്​ ചികിത്സയേ വേണ്ടി വരൂ. എല്ലാവർക്കും ശസ്​ത്രക്രിയ വേണ്ടി വരില്ല ^ഡോ. ഫാസിൽ ബിഷാറ പറഞ്ഞു.വാർത്താസമ്മേളനത്തിൽ ജെ.എൻ.എച്ച്​ എക്​സിക്യൂട്ടീവ്​ ഡയറക്​ടർ അലി മുഹമ്മദ്​ അലി, ഇമ്പാല ഗ്രൂപ്​ എം.ഡി ഷിയാസ് ഇമ്പാല എന്നിവരും പങ്കെടുത്തു. 

Tags:    

Similar News