20ാമത് സിഫ് ഈസ് ടീ ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കം

Update: 2023-09-29 03:04 GMT

ജിദ്ദ: 20ാമത് സിഫ് ഈസ് ടീ ചാംപ്യന്‍സ് ലീഗിന് ഇന്ന് തുടക്കമാവും. വെള്ളിയാഴ്ച ജിദ്ദ വസീരിയ അല്‍ തആവൂന്‍ സ്‌റ്റേഡിയത്തില്‍ വൈകീട്ട് 6.30നാണ് മല്‍സരങ്ങള്‍ തുടങ്ങുക ഉദ്ഘാടന പരിപാടിയില്‍ പി അബ്ദുല്‍ ഹമീദ് എംഎല്‍എ മുഖ്യാതിഥിയാവും. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 11 ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ മൂന്ന് ഡിവിഷനുകളിലായി 23 ടീമുകള്‍ പങ്കെടുക്കും. ഡിസംബര്‍ എട്ടിനാണ് ഫൈനല്‍. പ്രമുഖ സിനിമ താരം ഹരീഷ് കണാരന്‍, സിനിമ-ടി വി കലാകാരന്‍ അനില്‍ ബേബി തുടങ്ങിയവര്‍ പങ്കെടുക്കും. ഐ എസ് എല്‍, ഐ ലീഗ്, സന്തോഷ് ട്രോഫി താരങ്ങളുടെ ഒരു വലിയ നിര തന്നെ ഇത്തവണ സിഫില്‍ അണിനിരക്കുന്നുണ്ട്. നിരവധി ദേശീയ-അന്താരാഷ്ട്ര താരങ്ങള്‍ ഇതിനോടകംതന്നെ ജിദ്ദയിലെത്തി ടീമുകള്‍ക്കൊപ്പം പരിശീലനത്തിനായി ചേര്‍ന്നിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ടോളം പ്രായമുള്ള ലോകത്തിലെ തന്നെ ആദ്യ പ്രവാസി ഫുട്‌ബോള്‍ ഭരണ സംവിധാനമായ സൗദി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം തികച്ചും പ്രഫഷനലായി അതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോവാന്‍ എന്നും ശ്രമിച്ചിട്ടുണ്ടെന്നും ഈ സീസണിലും കുറ്റമറ്റ രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുവാനുള്ള എല്ലാ സന്നാഹങ്ങളും ക്രമീകരിച്ചിട്ടുണ്ടന്നും സിഫ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ജനറല്‍ സെക്രട്ടറി നിസാം മമ്പാട് പറഞ്ഞു. റഫറി ലൈസന്‍സുള്ള സൗദി റഫറിമാരായിരിക്കും മല്‍സരങ്ങള്‍ നിയന്ത്രിക്കുക. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡന്റ് ബേബി നീലാമ്പ്ര, ജനറല്‍ സെക്രട്ടറി നിസാം മമ്പാട്, ഖജാഞ്ചി നിസാം പാപ്പറ്റ, മാധ്യമ വക്താവും രക്ഷാധികാരിയുമായ നാസര്‍ ശാന്തപുരം സംബന്ധിച്ചു.

Tags:    

Similar News