ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം

Update: 2022-09-21 03:15 GMT

മുക്ക് ജീവിതത്തില്‍ ലഭിച്ച വലിയ സൗഭാഗ്യങ്ങളില്‍ ഒന്നാണ് നമ്മുടെ ഓര്‍മകള്‍. നമ്മുടെ സ്വന്തം അസ്തിത്വത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അടയാളപ്പെടുത്തലുകളാണ് ഓര്‍മകള്‍. ഓര്‍മകളുടെ ചുവടുവച്ചാണ് ജീവിത്തിന്റെ ഓരോ ഘട്ടവും കടന്നുപോവുന്നതും. ഓര്‍മകള്‍ നശിച്ചുപോവുക എന്നതാണ് ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ഏറ്റവും ഭയാനകമായ പ്രതിസന്ധി. ചിലപ്പോള്‍ മറവി ഒരു അനുഗ്രഹമായി കരുതാറുണ്ട്. അതിലേറെയാണ് ആപത്ത്. മറവിയെന്നത് ഒരു ശാപം തന്നെയാണെന്ന് അല്‍ഷിമേഴ്‌സ് രോഗത്തിന്റെ ദുരിതം പേറുന്നവരുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു.

സ്വന്തം പേര് മുതല്‍ ജീവിക്കുന്ന ചുറ്റുപാട് വരെ ഇവര്‍ മറന്നുപോവുന്നു. വര്‍ഷങ്ങളുടെ ഓര്‍മകള്‍ നഷ്ടമാവുന്നതിലൂടെ രോഗിയുടെ ജീവിതത്തിന്റെയും മനസിന്റെയും താളവും തെറ്റുന്നു. അല്‍ഷിമേഴ്‌സ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം എന്ന ഈ രോഗാവസ്ഥ മറവിരോഗം എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓരോ ഏഴ് സെക്കന്‍ഡിലും ഓരോ അല്‍ഷിമേഴ്‌സ് രോഗി ഉണ്ടാവുന്നതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഭാരത ജനസംഖ്യയില്‍ 3.7 കോടി ജനങ്ങളാണ് അല്‍ഷിമേഴ്‌സ് ബാധിതര്‍ 2030 ആവുമ്പോള്‍ രോഗബാധിതര്‍ 7.6 കോടിയാവുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായി ഏകദേശം 10 വര്‍ഷത്തിനുള്ളില്‍ അല്‍ഷിമര്‍ രോഗി മരണത്തിന് കീഴടങ്ങുമെന്നും പഠനങ്ങള്‍ പറയുന്നു. 1906 ലാണ് ഈ രോഗത്തെക്കുറിച്ച് ആദ്യമായി കൃത്യമായ പഠനം നടക്കുന്നത്. മാനസിക രോഗ ശാസ്ത്രജ്ഞന്‍, ന്യൂറോ പാത്തോളജിസ്റ്റ് എന്നീ മേഖലകളില്‍ പ്രശസ്തനായ ജര്‍മന്‍ കാരനായ അലിയോസ് അല്‍ഷിമര്‍ മാനസികരോഗ ലക്ഷണങ്ങളുമായി മരണപ്പെട്ട ഒരു സ്ത്രീയുടെ തലച്ചോറില്‍ ചില പ്രത്യേക വ്യത്യാസങ്ങള്‍ കണ്ടെത്തി. അവിടെ നിന്നാണ് അല്‍ഷിമേര്‍സ് രോഗത്തിന്റെ ചരിത്രം തുടങ്ങുന്നത്.

അതുകൊണ്ടാണ് ഓര്‍മ നശിക്കുന്ന ഈ രോഗത്തിന് അല്‍ഷിമേഴ്‌സ് എന്ന പേര് നല്‍കിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 76 അല്‍ഷിമേഴ്‌സ് ഘകങ്ങളുടെ കൂട്ടായ്മയായ അല്‍ഷെമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷനല്‍ ആണ് ലോക അല്‍ഷെമേഴ്‌സ് ദിന പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുന്നത്. തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാവുന്നത്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. നാഡീകോശങ്ങള്‍ ഒരിക്കല്‍ നശിച്ചാല്‍ അവയെ പുനര്‍ജീവിപ്പിക്കുക അസാധ്യമായതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികില്‍സാവിധികള്‍ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല.

65 വയസ്സിനു മുകളിലുള്ളവരില്‍ 15 പേരില്‍ ഒരാള്‍ക്ക് അല്‍ഷിമേഴ്‌സ് ഉണ്ട്. ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും രോഗമുണ്ടാകാനുള്ള സാധ്യത വര്‍ധിച്ചുവരുന്നതായി കാണാം. 85 നു മുകളില്‍ പ്രായമുള്ളവരില്‍ പകുതിപ്പേര്‍ക്കും അല്‍ഷിമേഴ്‌സ് വരാനുള്ള സാധ്യതയുണ്ട്. ചില കുടുംബങ്ങളില്‍ രോഗസാധ്യത ഉണ്ടാക്കുന്ന ജീനുകള്‍ തലമുറകളിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലാണ് അല്‍ഷിമേഴ്‌സ് ബാധിതര്‍ കൂടുതലുള്ളത്.

ഓര്‍മ നഷ്ടപ്പെട്ടുപോവുന്നതാണ് ഈ രോഗത്തിന്റെ പ്രാഥമിക ലക്ഷണം. ഭൂതകാലത്തില്‍ നടന്ന കാര്യങ്ങള്‍ ഓര്‍മിക്കാന്‍ കഴിയുമ്പോഴും വളരെ അടുത്തായി കണ്ട ദൃശ്യമോ വായിച്ച കാര്യങ്ങളോ പൂര്‍ണമായും ഈ രോഗമുള്ളയാള്‍ മറന്നു പോകും. സംസാരിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുക, ദിനചര്യകള്‍ സ്വന്തമായി ചെയ്യാന്‍ സാധിക്കാതിരിക്കുക, സ്ഥലകാലങ്ങള്‍ മറന്നുപോവുക, ഉദാസീനത, പെരുമാറ്റ വൈകല്യം, തുടങ്ങിയവയും രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഇന്ന് സപ്തംബര്‍ 21, ലോക അല്‍ഷിമേഴ്‌സ് ദിനമായി ആചരിക്കുന്ന ദിവസമാണ്. മാരകമായ ഈ രോഗത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്

1994 സപ്തംബര്‍ 21 ന് എഡിന്‍ബറോയില്‍ നടന്ന അല്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷനല്‍ (എഡിഐ) വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിലാണ് ലോക അല്‍ഷിമേഴ്‌സ് ദിനം ആദ്യമായി ആചരിച്ചത്. 1984ല്‍ സ്ഥാപിതമായ സംഘടനയുടെ 10ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിച്ചത്. ഡിമെന്‍ഷ്യയുടെ ആദ്യകാല ലക്ഷണങ്ങളെക്കുറിച്ചും കഴിയുന്നത്ര വേഗത്തില്‍ രോഗനിര്‍ണയം നടത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളര്‍ത്തുന്നതിനാണ് ലോക അല്‍ഷിമേഴ്‌സ് ദിനം ആചരിക്കുന്നത്. ഡിമെന്‍ഷ്യയെക്കുറിച്ചുള്ള ജനകീയ തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കുകയും അതിനെക്കുറിച്ചുള്ള ആശയവിനിമയത്തിന്റെ മൂല്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.

അല്‍ഷിമേഴ്‌സ് നേരത്തെ കണ്ടെത്തി ചികില്‍സ തേടണം

അല്‍ഷിമേഴ്‌സ് രോഗം നേരത്തെ കണ്ടെത്തി ചികില്‍സിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അല്‍ഷിമേഴ്‌സ് രോഗമാണ് മേധാക്ഷയത്തിന്റെ (Dementia) സര്‍വ സാധാരണമായ കാരണം. നേരത്തെ തന്നെ മറവി രോഗത്തിന്റെ അപായ സൂചനകള്‍ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിര്‍ണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണ്. മറവി, സാധാരണ ചെയുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ ബുദ്ധിമുട്ട്, സാധനങ്ങള്‍ വെച്ച് മറക്കുക, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ വരുക, വൈകാരിക പെരുമാറ്റ പ്രശ്‌നങ്ങള്‍, ആശയ വിനിമയത്തിലെ ബുദ്ധിമുട്ടുകള്‍ ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളായി വരാം. ഇതിനെക്കുറിച്ചുള്ള അവബോധം എല്ലാവരിലേക്കും എത്തിക്കാന്‍, ഈ ലോക അല്‍ഷിമേഴ്‌സ് ദിനത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഓര്‍മ്മകള്‍ നഷ്ടപ്പെട്ട് പോയവരെ ഓര്‍മിക്കാനായി ഒരു ദിനം ആയിട്ടാണ് എല്ലാ വര്‍ഷവും സപ്തംബര്‍ 21 ലോക അല്‍ഷിമേഴ്‌സ് ദിനമായി ആചരിക്കപ്പെടുന്നത്. 'മേധാക്ഷയത്തെ അറിയൂ, അല്‍ഷിമേഴ്‌സ് രോഗത്തെ അറിയൂ' (Know Dementia, Know Alzheimer's) എന്ന കഴിഞ്ഞ വര്‍ഷത്തെ പ്രമേയം തന്നെയാണ് ഈ വര്‍ഷവും. അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ഇതിനോടുള്ള സ്ടിഗ്മ കുറയ്ക്കുക, നേരത്തെ കണ്ടെത്തുക, തുടര്‍ചികില്‍സ ഉറപ്പാക്കുക എന്നിവയാണ് ഈ ആചരണത്തിന്റെ പ്രധാന ലക്ഷ്യം.

സര്‍ക്കാര്‍ ആരോഗ്യവകുപ്പിന്റെ കീഴില്‍ അല്‍ഷിമേഴ്‌സ് രോഗം കണ്ടെത്തുന്നതിനും ചികില്‍സയ്ക്കുമായി വിവിധ സംവിധാനങ്ങളുണ്ട്. മെഡിക്കല്‍കോളേജ് ന്യുറോളോജി, സൈക്യാട്രി ഡിപ്പാര്‍ട്ട്‌മെന്റുകള്‍, ജില്ലാ, ജനറല്‍ ആശുപത്രികളിലെ സൈക്യാട്രി യുനിറ്റുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലെ മാനസികാരോഗ്യ പരിപാടി ക്ലിനിക്കുകള്‍ എന്നിവയിലെല്ലാം ഇതിനുള്ള സൗകര്യങ്ങള്‍ ലഭ്യമാണെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News