മോദിക്കെതിരെ മുദ്രാവാക്യം മുഴക്കി കുട്ടികള്‍; അരുതെന്ന് വിലക്കി പ്രിയങ്ക
അമേത്തി: മോദിക്കെതിരെ വ്യക്തിപരമായി മുദ്രാവാക്യം മുഴക്കിയ കുട്ടികളെ വിലക്കി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞദിവസം അമേത്തിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയപ്പോഴായിരുന്നു സംഭവം. രാഹുല്‍ ഗാന്ധിക്ക് വേണ്ടിയായിരുന്നു പ്രിയങ്ക അമേത്തിയിലെത്തിയത്. ചൗക്കിദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യവുമായി കുറച്ചധികം കുട്ടികള്‍ പ്രിയങ്കയെ വരവേറ്റു. അത് ആസ്വദിച്ച് പുഞ്ചിരിയോടെ പ്രിയങ്ക നിന്നു. എന്നാല്‍ ചൗക്കിദാര്‍ ചോര്‍ ഹേയില്‍ നിന്ന് മാറി മോദിക്കെതിരെ നേരിട്ട് മുദ്രാവാക്യം വിളി തുടങ്ങിയതോടെ പ്രിയങ്ക കുട്ടികളെ വിലക്കുകയായിരുന്നു. അത്തരം മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്നും നല്ല മുദ്രാവാക്യം വിളിക്കണമെന്നും പ്രിയങ്ക ഉപദേശിച്ചു. ശേഷം കുട്ടികള്‍ രാഹുല്‍ ഗാന്ധിക്കായി മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. നല്ല കുട്ടികളായിരിക്കണമെന്ന് ഉപദേശിച്ചാണ് പ്രിയങ്ക അവിടെ നിന്നും മടങ്ങിയത്.
When kids in their excitement make distasteful remarks against PM Narendra Modi.@priyankagandhi ji discourages them against raising such slogans and says "Ache Bachhe Bano"! pic.twitter.com/yNghJwJm91
— Saral Patel #AbHogaNyay (@SaralPatel) April 30, 2019
അതേസമയം, കുട്ടികളുടെ മുദ്രാവാക്യ വീഡിയോ വൈറലായതോടെ പ്രിയങ്കയ്ക്കും കോണ്‍ഗ്രസ്സിനുമെതിരേ ബിജെപി രംഗത്ത് വന്നിട്ടുണ്ട്. കുട്ടികളെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിച്ചുവെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിമര്‍ശനം.