'ബിജെപി സഖ്യത്തില്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും'
ന്യൂഡല്‍ഹി: ബിജെപിക്ക് നാല് സഖ്യകക്ഷികളാണുള്ളതെന്ന് മോദിക്കും അമിത് ഷായ്ക്കും പുറമെ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് അവയെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ആരോപിച്ചു. പ്രതിപക്ഷത്തെ വേട്ടയാടാന്‍ ആദായനികുതി വകുപ്പിനെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയും മോദി സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുന്നുവെന്ന് വ്യക്തമാക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷത്തെ നേരിടാന്‍ പ്രധാനമന്ത്രി മോദിയുടെ കൈവശം അവശേഷിക്കുന്ന ഏക ആയുധം ആദായനികുതി റെയ്ഡുകള്‍ മാത്രമാണെന്നും സുര്‍ജേവാല ആരോപിച്ചു. ഡിഎംകെ നേതാവ് കനിമൊഴിയുടെ വസതിയില്‍ കഴിഞ്ഞ ദിവസം നടന്ന റെയ്ഡിന് പിന്നാലെയാണ് കോണ്‍ഗ്രസ് വിമര്‍ശവുമായി രംഗത്തെത്തിയത്.
റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ക്ക് ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് മുന്‍ കേന്ദ്രമന്ത്രി പി ചിദംബരം ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലാകുമെന്നും മെയ് 23ന് ഇതിനെല്ലാമുള്ള മറുപടി അവര്‍ക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച രാത്രിയോടെയാണ് ഡിഎംകെ നേതാവ് കനിമൊഴിയുടെ തൂത്തുക്കുടിയിലുള്ള വസതിയില്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ പണം അടക്കം ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പുറത്തുവരുന്ന വിവരം. തേനി ലോക്‌സഭാ മണ്ഡലത്തിലും ചൊവ്വാഴ്ച രാത്രി റെയ്ഡ് നടന്നിരുന്നു. റെയ്ഡിനെതിരെ ടിടിവി ദിനകരനെ അനുകൂലിക്കുന്നവര്‍ രംഗത്തെത്തിയതോടെ പോലിസിന് ആകാശത്തേക്ക് വെടിവയ്‌ക്കേണ്ടിവന്നു. 1.48 കോടി രൂപ ഇവിടെ നടന്ന റെയ്ഡിനിടെ പിടിച്ചെടുത്തുവെന്നാണ് വിവരം.