നിയമസഭാ തിരഞ്ഞെടുപ്പിലെ മുന്നേറ്റം; മധ്യപ്രദേശില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്സ്
230ല്‍ 114 നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സഖ്യവും, 109 ഇടത്ത് ബിജെപിയുമാണ് കഴിഞ്ഞവര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്.
ഭോപാല്‍: 2014ലെ തകര്‍ച്ചയില്‍നിന്നു കരകയറുന്ന കോണ്‍ഗ്രസിന് എത്രത്തോളം മുന്നേറാന്‍ സാധിച്ചുവെന്ന ചോദ്യത്തിനാണ് മധ്യപ്രദേശിലെ ലോക്‌സഭാമണ്ഡലങ്ങളില്‍ നിന്ന് ഉത്തരം ലഭിക്കാനുള്ളത്. സംസ്ഥാനത്തെ 29 ലോക്‌സഭാ മണ്ഡലങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമായിരുന്നു 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചത്. എന്നാല്‍ ഈ സ്ഥിതി മാറിയെന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ വര്‍ഷത്തെ മധ്യപ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പ് ഫലം. സംസ്ഥാനത്തെ 230ല്‍ 114 നിയമസഭാ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സഖ്യവും, 109 ഇടത്ത് ബിജെപിയുമാണ് കഴിഞ്ഞവര്‍ഷത്തെ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിലെ തല്‍സ്ഥിതിയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിലും തുടരുകയെങ്കില്‍ സംസ്ഥാനത്തെ 29 സീറ്റുകളില്‍ 17 ഇടത്ത് ബിജെപിയും 12ഇടത്ത് കോണ്‍ഗ്രസും വിജയിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഭോപാല്‍ ദുരന്തം നടന്ന 1984നുശേഷം കോണ്‍ഗ്രസിന്റെ പ്രചാരത്തില്‍ സംസ്ഥാനത്ത് വലിയ ഇടിവ് സംഭവിച്ചിരുന്നു. 1984നുശേം 2009ലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മധ്യപ്രദേശില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്. 11 സീറ്റുകളിലായിരുന്നു അന്നു പാര്‍ട്ടി വിജയിച്ചത്.
രജ്പുത്, ബ്രാഹ്മണ വിഭാഗങ്ങളില്‍നിന്നുള്ളവരാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളില്‍ ഭൂരിപക്ഷവും. ബാബുലാല്‍ ഗൗര്‍, ഉമാ ഭാരതി, ശിവരാജ് സിങ് ചൗഹാന്‍ അടക്കമുള്ള പിന്നാക്ക വിഭാഗക്കാരുടെ നേതൃനിരയാണ് ബിജെപിക്കുള്ളത്. ഹിന്ദു വോട്ടുകളാണ് ഇരുകക്ഷികളും ലക്ഷ്യം വയ്ക്കുന്നതും ഏകീകരിക്കാന്‍ ശ്രമിക്കുന്നതും. കോണ്‍ഗ്രസിനെ ഹിന്ദു വിരുദ്ധരെന്നു ബിജെപി മുദ്രകുത്തുമ്പോള്‍ തങ്ങള്‍ യഥാര്‍ഥ ഹിന്ദുക്കളെന്ന് പറഞ്ഞ് പ്രതിരോധിക്കുന്ന കോണ്‍ഗ്രസ് നേതാക്കളാണ് സംസ്ഥാനത്തുള്ളത്.
മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിംഗാണ് തലസ്ഥാന നഗരമായ ഭോപാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 1989മുതല്‍ ബിജെപി മാത്രം ജയിക്കുന്ന ഭോപാല്‍ ദിഗ്വിജയ് സിംഗിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ തിരിച്ചുപിടിക്കാമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലൂടെ 15 വര്‍ഷത്തിനു ശേഷം സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്താന്‍ സാധിച്ചുവെന്നതും കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
സാമ്പത്തിക, സാമൂഹിക വിഷയങ്ങളിലൂന്നി സംസ്ഥാനത്ത് പ്രചാരണം നയിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കാര്‍ഷികരംഗത്തെ പ്രശ്്‌നങ്ങളും പ്രധാനവിഷയമാവും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ വിളകള്‍ക്കുണ്ടായ വന്‍ വിലത്തകര്‍ച്ചയാണ് അതിലൊന്ന്. പയര്‍, പരിപ്പ് വര്‍ഗങ്ങളെയാണ് വിലത്തകര്‍ച്ച സാരമായി ബാധിച്ചത്.2014ല്‍ ക്വിന്റലിന് 4700 രൂപ കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന സോയാ ബീനിന് ഇപ്പാള്‍ ക്വിന്റലിന് വില 3000 രൂപയായി ഇടിഞ്ഞിരിക്കുന്നു. കാര്‍ഷിക വിലത്തകര്‍ച്ച കാരണം ബിജെപി സ്വാധീനമേഖലകളിലടക്കം മോദി സര്‍ക്കാരിനെതിരേ ജനങ്ങള്‍ക്കിടയില്‍ കടുത്ത രോഷമുയരുന്നുണ്ട്.