ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ബിജെപിയുടെ താമര ചിഹ്നത്തോടൊപ്പം പേരും തെളിയുന്നതിനെതിരേ പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കി. 10 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ട് കമ്മീഷനെ സമീപിച്ചത്. കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിങ്‌വി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ ദിനേശ് ത്രിവേദി, ഡെറിക് ഒബ്രിയേന്‍ എന്നിവരടങ്ങുന്ന സംഘമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയെ കണ്ടത്. ഒന്നുകില്‍ ബിജെപിയുടെ പേര് ഇവിഎം പട്ടികയില്‍ നിന്നും എടുത്തുകളയുകയൊ അല്ലെങ്കില്‍ എല്ലാ പാര്‍ട്ടിയുടെയും പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍, 2013ല്‍ ചിഹ്നത്തിന്റെ ബോര്‍ഡര്‍ ലൈന്‍സ് കൂടുതല്‍ വ്യക്തമാകുന്ന തരത്തിലാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നുവെന്നും ഈ ആവശ്യം കമ്മീഷന്‍ അംഗീകരിച്ചതിനെത്തുടര്‍ന്ന് ചിഹ്നത്തിന്റെ കട്ടികൂട്ടിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇങ്ങനെ കട്ടികൂട്ടിയപ്പോഴാണ് ആ ചിഹ്നത്തില്‍ ചില അക്ഷരങ്ങള്‍ തെളിഞ്ഞതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.