മുദ്രാവാക്യങ്ങള്‍ ഏശുന്നില്ല; വീണ്ടും മാറ്റത്തിനൊരുങ്ങി ബിജെപി

Update: 2019-04-17 14:57 GMT

ന്യൂഡല്‍ഹി: മോദിയുണ്ടെങ്കില്‍ അസാധ്യമായതെല്ലാം സാധ്യം, ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ തുടങ്ങിയ തിരഞ്ഞെടുപ്പ് പ്രചാരണ മുദ്രാവാക്യങ്ങള്‍ വേണ്ടത്ര ഏശാതായതോടെ മുടങ്ങില്ല ജോലി, തലകുനിക്കില്ല രാജ്യം എന്ന പുതിയ മുദ്രാവാക്യവുമായി ബിജെപി. നേരത്തെയുള്ള രണ്ട് മുദ്രാവാക്യങ്ങള്‍ വേണ്ടത്ര ഏശിയില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്നാണ് കരുതുന്നത്.

മോദിയുണ്ടെങ്കില്‍ അസാധ്യമായതെല്ലാം സാധ്യം എന്നര്‍ഥം വരുന്ന മോദി ഹെതോ നാ മുംകിന്‍ അബ് മുംകിന്‍ ഹെ എന്നതായിരുന്നു ആദ്യഘട്ടത്തില്‍ ബിജെപി പ്രചാരണത്തിന് ഉപയോഗിച്ച മുദ്രാവാക്യം. എന്നാല്‍ സ്വീകാര്യതയില്‍ കുറവ് വന്നതോടെ ഒരു മാറ്റത്തിന് ബിജെപി തയ്യാറായി. പിന്നീട് ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍ എന്നര്‍ഥം വരുന്ന ഫിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍ എന്ന മുദ്രാവാക്യവുമായി ബിജെപി എത്തി. ഇതും കുറിക്ക് കൊണ്ടില്ലെന്ന തീരുമാനത്തില്‍ നിന്നാണ് പുതിയ മുദ്രാവാക്യം സ്വീകരിക്കാന്‍ ബിജെപി തയ്യാറായത്. രാജ്യം തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കുന്നതും കോണ്‍ഗ്രസിന്റെ ന്യായ് പദ്ധതിയും തീര്‍ത്ത സ്വാധീനമാണ് മുദ്രാവാക്യം മാറ്റാന്‍ കാരണമായതെന്നും വാര്‍ത്തകളുണ്ട്.

മുടങ്ങില്ല ജോലി, തലകുനിക്കില്ല രാജ്യം എന്നര്‍ഥം വരുന്ന കാം രുഖേ ന, ദേശ് ജുക്കെ നയും സ്വീകാര്യത നേടാന്‍ സാധ്യതയില്ലെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നത്. നേരത്തെ മേം ചൗക്കീദാര്‍ എന്ന മോദിയുടെ മുദ്രാവാക്യത്തിനെതിരേ രാഹുല്‍ ഗാന്ധിയുടെ ചൗക്കീദാര്‍ ചോര്‍ ഹെ എന്ന മുദ്രാവാക്യം വന്‍ തിരിച്ചടിയാണ് നല്‍കിയത്.


Similar News