വടകരയില്‍ സിപിഎം മുന്‍ കൗണ്‍സിലറും അങ്കത്തട്ടില്‍

കായ്യത്ത് വാര്‍ഡ് സിപിഎം മുന്‍ നഗരസഭാ കൗണ്‍സിലറും പ്രശസ്തമായ തലശ്ശേരിയിലെ കേയി കുടുംബാംഗവുമായ സി ഒ ടി നസീറാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്

Update: 2019-03-22 10:13 GMT

തലശ്ശേരി: പി ജയരാജന്റെ സ്ഥാനാര്‍ഥിത്വത്തോടെ ശ്രദ്ധേയമണ്ഡലമായ വടകരയില്‍ അവസാന നിമിഷം കോണ്‍ഗ്രസ് കരുത്തനായ കെ മുരളീധരനെ രംഗത്തിറക്കുകയും ആര്‍എംപി യുഡിഎഫിനു നിരുപാധിക പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തതിനു പുറമെ സിപിഎം മുന്‍ നഗരസഭാ കൗണ്‍സിലറും മല്‍സരരംഗത്ത്. കായ്യത്ത് വാര്‍ഡ് സിപിഎം മുന്‍ നഗരസഭാ കൗണ്‍സിലറും പ്രശസ്തമായ തലശ്ശേരിയിലെ കേയി കുടുംബാംഗവുമായ സി ഒ ടി നസീറാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നത്. ഏറെക്കാലമായി സിപിഎമ്മുമായി അകന്നുകഴിയുന്ന നസീറിന്റെ കീഴിലുള്ള കിവിസി ക്ലബ്ബില്‍ നിരവധി യുവാക്കളും സ്ത്രീകളും അംഗങ്ങളാണെന്നതു സിപിഎമ്മിന് തിരിച്ചടിയാവുമെന്നാണു വിലയിരുത്തല്‍. 'മാറ്റി കുത്തിയാല്‍ മാറ്റം കാണാം' എന്ന പ്രമേയത്തിലുള്ള പോസ്റ്ററുകള്‍ ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന നസീറിന്റെ ഫേസ്ബുക്ക് പേജിലുള്‍പ്പെടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. യുവാക്കള്‍ ചുവരെഴുത്തും നടത്തുന്നുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതികൂടിയായ നസീര്‍, ഉമ്മന്‍ചാണ്ടി തലശ്ശേരിയിലെത്തിയപ്പോള്‍ നേരിട്ടെത്തി മാപ്പ് പറഞ്ഞിരുന്നു.

    സികെപി ചെറിയ മമ്മു കേയിയുടെ പുരാതന തറവാട് ഉള്‍പ്പെടുന്ന വാര്‍ഡില്‍ നിന്നു മികച്ച പിന്തുണയില്‍ 2010-15 കാലയളവില്‍ നഗരസഭാ കൗണ്‍സിലറായ നസീര്‍ കിവിസ് ക്ലബ്ബിലൂടെ സന്നദ്ധ പ്രവര്‍ത്തനം തുടരുകയായിരുന്നു. തലശേരി സെന്റ് ജോസഫ് ബോയ്‌സ് ഹൈസ്‌കൂള്‍, ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടിയ ഇദ്ദേഹം എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയപ്രവേശനം നടത്തിയത്. എസ്എഫ്‌ഐ ഏരിയാ കമ്മിറ്റിയംഗം, സിപിഎം ലോക്കല്‍ കമ്മിറ്റി ബ്രാഞ്ച് സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. മികച്ചക്രിക്കറ്റ് താരം കൂടിയായ നസീര്‍ സംസ്ഥാന സീനിയര്‍ സ്‌കൂള്‍ ടീം ക്യാപ്റ്റനായിരുന്നു. അണ്ടര്‍-13, 16, 19 ജില്ലാ ടീം, കണ്ണൂര്‍ സര്‍വകലാശാല ടീം അംഗമായിരുന്നു. പിന്നീട് പാര്‍ട്ടി അംഗത്വം പുതുക്കാനുള്ള ഫോറത്തില്‍ മതകോളം ഉള്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് സിപിഎമ്മുമായി അകന്നത്. എന്നാല്‍, പ്രതികാര നടപടിയെന്നോണം നസീറിന്റെ പാസ്‌പോര്‍ട്ട് പോലിസ് പിടിച്ചുവച്ചതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത് ഏറെ ചര്‍ച്ചയായിരുന്നു.

    സന്നദ്ധ സേവന-പരിസ്ഥിതി സംരക്ഷണ രംഗങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തുന്ന നസീര്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് 2006ല്‍ രൂപീകരിച്ച കിവീസ് ക്ലബ്ബ് തലശ്ശേരി മേഖലയിലെ അറിയപ്പെടുന്ന കൂട്ടായ്മയാണ്. കൗണ്‍സിലറായി ലഭിച്ചിരുന്ന വേതനം സര്‍ക്കാര്‍ ആശുപത്രിയിലെ പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുകയും 2014ല്‍ ട്രെയിനുകള്‍ വൃത്തിയാക്കിയും നിര്‍ധന രോഗികള്‍ക്ക് പൊതിച്ചോര്‍ വിതരണം ചെയ്തും ശ്രദ്ധനേടിയ കൂട്ടായ്മയില്‍ കൂടുതലും സിപിഎം അനുഭാവികളായ യുവാക്കളാണുള്ളത്. പി ജയരാജനെതിരേ നേര്‍ക്കുനേര്‍ മല്‍സരിക്കുന്നതോടെ സിപിഎമ്മിന് തലവേദനയായി മാറിയിട്ടുണ്ട്. നേരത്തേ, തലശ്ശേരി നിയമസഭാ മണ്ഡലത്തില്‍ നിന്നു എ എന്‍ ശംസീറിനെതിരേ മല്‍സരിക്കാന്‍ നീക്കം നടന്നിരുന്നെങ്കിലും പാര്‍ട്ടി ഇടപെട്ട് പിന്‍മാറ്റുകയായിരുന്നു. സിപിഎം പ്രസ്റ്റീജ് മണ്ഡലമായി കാണുന്ന വടകരയില്‍ തലശ്ശേരിയില്‍ നിന്നു തന്നെ പാര്‍ട്ടിയുടെ മുന്‍ അംഗം പോരിനിറങ്ങുമ്പോള്‍ എതിര്‍ സ്ഥാനാര്‍ഥികളോടൊപ്പം തന്നെ ജനകീയ സ്ഥാനാര്‍ഥിയായ നസീറിനെയും സിപിമ്മിനു നേരിടേണ്ടിവരുമെന്നുറപ്പ്.




Tags:    

Similar News